മേക്കപ്പ് എന്നാല്‍ കറുപ്പിനെ വെളുപ്പിക്കുന്നതല്ല; മേക്കോവര്‍ ആര്‍ട്ടിസ്റ്റ് സബിത സാവരിയ
മേക്കോവറുകളും ഫോട്ടോഷൂട്ടുകളും ഒരു പുതിയ സൌന്ദര്യ സംസ്കാരത്തിന്‍റെ തുടക്കമാകുന്ന ഈ കാലത്ത് മേക്കപ്പ് രംഗത്ത് തന്‍റെതായ ' സ്റ്റൈല്‍' ഒരുക്കുകയാണ് സബിത സാവരിയ എന്ന കോട്ടയംകാരി
'' കുട്ടിക്ക് സിമ്പിള്‍ മേക്കപ്പ് മതിയെന്ന് പറഞ്ഞതുകൊണ്ട് എന്‍റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല'' വിവാഹ ദിവസം സുശീലയെ മേക്കപ്പിട്ട് ഒരു പരുവത്തിലാക്കിയെടുത്ത പുഷ്പലത ബ്യൂട്ടിഷന്‍റെ ഡയലോഗ് തിയറ്ററുകളില്‍ ചിരി പടര്‍ത്തിയിരുന്നു. നിവിന്‍ പോളി നായകനായ 1983യിലെ ഈ രംഗം ഇപ്പോഴും ട്രോളുകളിലൂടെ ഹിറ്റാണ്. കല്യാണത്തിനോ മറ്റോ മേക്കപ്പ് കൂടിയാല്‍ അപ്പോള്‍ കളിയായി ചോദിക്കും ' മേക്കപ്പ് കൂടുതലാണോ ചേട്ടാ' എന്ന്. കാരണം അന്നും ഇന്നും മേക്കപ്പ് കൂടിയാല്‍ അതൊരു പ്രശ്നം തന്നെയാണ്. ഉപ്പിനെക്കുറിച്ച് പറയുന്നതു പോലെയാണ് മേക്കപ്പിന്‍റെ കാര്യവും. കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെയാണ്. പാകത്തിന് വേണം... അവിടെയാണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‍റെ കഴിവ് പ്രകടമാകുന്നത്. മേക്കപ്പിട്ടാലും മേക്കപ്പിട്ടു എന്ന് തോന്നില്ല..അത്തരം മേക്കപ്പുകളാണ് ഇന്നത്തെ ട്രന്‍ഡ്.
മേക്കോവറുകളും ഫോട്ടോഷൂട്ടുകളും ഒരു പുതിയ സൌന്ദര്യ സംസ്കാരത്തിന്‍റെ തുടക്കമാകുന്ന ഈ കാലത്ത് മേക്കപ്പ് രംഗത്ത് തന്‍റെതായ ' സ്റ്റൈല്‍' ഒരുക്കുകയാണ് സബിത സാവരിയ എന്ന കോട്ടയംകാരി. സബിത ഒരു സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റല്ല. പക്ഷെ മേക്കപ്പ് കൊണ്ട് സബിത ചിലരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുന്നുണ്ട്. സബിത ആവിഷ്ക്കരിച്ച 'Dream Bridal Makeover & shoot' ലൂടെ സ്വന്തം വിവാഹത്തിന് ആഗ്രഹിച്ചത് പോലെയുള്ള ഒരു വധുവായി അണിഞ്ഞൊരുങ്ങാൻ കഴിയാതെ പോയവർക്ക് അവസരം നല്‍കുകയാണ് . നിങ്ങള്‍ ആരുമാകട്ടെ, ഏത് പ്രായത്തിലോ, നിറത്തിലോ ഉള്ളവരാകട്ടെ അതൊന്നും തന്‍റെ മേക്കോവര്‍ ഷൂട്ടിന് ബാധകമല്ലെന്ന് സബിത പറയുന്നു.
എന്താണ് 'ഡ്രീം ബ്രൈഡല്‍ മേക്കോവര്‍ ആന്‍ഡ് ഷൂട്ട്' ? ഇത്തരമൊരു ഫോട്ടോഷൂട്ടിലേക്ക് നയിച്ച കാരണം?
സാധാരണയായി ഞാന്‍ ചെയ്യുന്ന വര്‍ക്കുകളുടെ ഫോട്ടോ ഫേസ്ബുക്കിലിടാറുണ്ട്. പ്രത്യേകിച്ചും ബ്രൈഡല്‍ ഫോട്ടോകള്‍. സ്ത്രീകളാണ് എന്‍റെ വര്‍ക്കുകളുടെ ആരാധകര്‍. സബീ.. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒന്നു കൂടി കല്യാണം കഴിച്ചാലോ എന്ന് തോന്നാറുണ്ടെന്ന് അവരെന്നോട് പറയാറുണ്ട്. അതെന്‍റെ മനസില്‍ ഒരു സ്പാര്‍ക്കായി കിടന്നിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ഇതുപോലൊരു മേക്കപ്പ് ആയിരുന്നില്ലല്ലോ. അപ്പോള്‍ അന്ന് കല്യാണം കഴിച്ചവര്‍ക്ക് ഇന്നത്ത മേക്കപ്പില്‍ ഇനി സാധിച്ചെന്ന് വരില്ലല്ലോ. അത്തരമൊരു അവസരമുണ്ടാക്കി കൊടുക്കുക എന്നൊരു ലക്ഷ്യം കൂടി ഈ മേക്കോവറിനുണ്ട്. പിന്നെ തീര്‍ച്ചയായും ഇതൊരു പ്രചോദനമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
സിനിമാ താരങ്ങളെ ഉദ്ദേശിച്ചല്ല ഈ ഫോട്ടോഷൂട്ട് ഞാന്‍ ഡിസൈന്‍ ചെയ്തത്. സിനിമകളൊക്കെ കാണുമ്പോള്‍ അതുപോലെ ഒരുങ്ങാന്‍ പലര്‍ക്കും ആഗ്രഹം തോന്നുന്നുണ്ട്. അതുപോലുള്ള വീട്ടമ്മമാരുടെ ആഗ്രഹം, സ്വപ്നം സാക്ഷാത്ക്കരിക്കുക ജീവിതകാലം മുഴുവന്‍ അവര്‍ക്ക് ഓര്‍മ്മിക്കാന്‍ നല്ലൊരു ഓര്‍മ കൊടുക്കുക ..അതാണ് ഞാനാ ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിച്ചത്. ഡ്രീം ബ്രൈഡല്‍ ഫോട്ടോഷൂട്ടിലെ ആദ്യത്തെ മോഡല്‍ സോഷ്യല്‍മീഡിയയിലൂടെ ഏറെ പരിചിതയായ നീതു പോള്‍സണ്‍ എന്ന കുട്ടിയായിരുന്നു. അവള്‍ക്കൊരു ' വൈബ്' ഉണ്ട്. അതുകൊണ്ടാണ് നീതുവിനെ ഞാന്‍ തെരഞ്ഞെടുത്തത്. പിന്നെ അവളുടെ കണ്ണാണെങ്കിലും ചുണ്ടാണെങ്കിലും അതീവ മനോഹരമാണ്. ആ ഫീച്ചേഴ്സിനെ കൂടുതല്‍ തിളക്കമുളളതാക്കുക മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. പിന്നെ ആദ്യമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഫോട്ടോഗ്രാഫറും മേക്കപ്പ് ആര്‍ട്ടിസ്റ്റും അവരെ കംഫര്‍ട്ടാക്കുമ്പോള്‍ അവര്‍ തന്നെ ഒരു മോഡലായി മാറും. അതു കാണുന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം.
പിന്നെ പ്രണയവിവാഹം കഴിച്ചവര്‍ക്കൊക്കെ ഒരു കല്യാണ ഫോട്ടോയെന്നും ഉണ്ടായെന്ന് വരുന്നില്ല. അവര്‍ക്കൊക്കെ വീണ്ടും ഒരു വധുവാകാനുള്ള അവസരവും ഫോട്ടോ എടുക്കാനുള്ള അവസരവും പുതിയ ഫോട്ടോഷൂട്ട് നല്‍കുന്നുണ്ട്.
ബ്രൈഡല്‍ ഫോട്ടോഷൂട്ടിലൂടെ ലഭിച്ച ഇമോഷണല്‍ എക്സ്പീരിയന്‍സ് ?
കളര്‍ ഓഫ് കളേഴ്സ് എന്ന ഫോട്ടോഷൂട്ടിന് നെഗറ്റീവ് കമന്‍റുകളാണ് കിട്ടിയതെങ്കില്‍ ബ്രൈഡല്‍ ഫോട്ടോഷൂട്ടിന് ലഭിച്ചത് മുഴുവന്‍ പോസിറ്റീവായ പ്രതികരണങ്ങളായിരുന്നു. നീതുവിന്‍റെ ഒരു ഫോട്ടോയെ പബ്ലിഷ് ചെയ്തിരുന്നുള്ളൂ. അപ്പോള്‍ തന്നെ ലഭിച്ച പ്രതികരണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഞാനീ പ്രതികരണങ്ങളെ കാണുന്നത്. സബീ... ഞങ്ങള്‍ക്ക് പറ്റുമോ എന്ന് കല്യാണപ്രായമായ കുട്ടികളുടെ അമ്മമാര്‍ വരെ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എനിക്ക് 50 വയസായി, 40 വയസായി എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. പല സ്ത്രീകളും ഇത്തരമൊരു സ്വപ്നം അവരുടെ മനസില്‍ സൂക്ഷിക്കുന്നുണ്ട് എന്നതാണ് സത്യം. ആ ഒരു ആശയം അവരിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. കൊറോണയും പ്രശ്നങ്ങളുമൊക്കെയായി 2020 നമ്മളെയെല്ലാം നിരാശയുടെ പടുകുഴിയിലാഴ്ത്തിയിരിക്കുകയായിരുന്നു. ഈ 2021ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സമയത്ത് എനിക്ക് കിട്ടിയ സമ്മാനമാണ് ഡ്രീം ബ്രൈഡല്‍ ഫോട്ടോഷൂട്ട്.
കളര്‍ ഓഫ് കളേഴ്സ് എന്ന ഫോട്ടോഷൂട്ടിന് നേരെ ഏറെ വിമര്‍ശനങ്ങളുണ്ടായിരുന്നല്ലോ?
'ഡ്രീം ബ്രൈഡല്‍ മേക്കോവര്‍ ആന്‍ഡ് ഷൂട്ട്' എന്ന ഫോട്ടോഷൂട്ടിന് മുന്‍പ് ചെയ്ത വര്‍ക്കാണ് കളേഴ്സ്. ഡ്രീം ബ്രൈഡല്‍ മേക്കോവര്‍ എന്ന ആശയം എന്‍റേതായിരുന്നു. ഞാന്‍ വിചാരിച്ചതിനെക്കാള്‍ കൂടുതല്‍ എന്‍ഹാന്‍സ് ചെയ്യാന്‍ എന്‍റെ ഫോട്ടോഗ്രാഫര്‍ സുരേഷ് രാമന് സാധിച്ചിരുന്നു. കളേഴ്സ് ഓഫ് കളേഴ്സും സുരേഷ് രാമനൊന്നിച്ചാണ് ചെയ്തത്. പാലക്കാടുകാരിയായ സുചിത്ര മേനോന്‍ എന്ന കുട്ടിയാണ് മോഡലായത്. ബ്രൈറ്റല്ല, ഡസ്കി സ്കിന്‍ ടോണാണ് ആ കുട്ടിയുടേത്. നിറം ഒന്നിനും പ്രശ്നമല്ല എന്നാണ് ഞാനാ ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിച്ചത്. കറുത്ത നിറം സൌന്ദര്യത്തിനുള്ള നെഗറ്റീവ് പോയിന്‍റല്ല എന്നുള്ള ഒരു ആശയത്തിലാണ് ഞാനത് ചെയ്തത്. ഞാനും ഒരു ഇരുണ്ട നിറമുള്ള സ്ത്രീയാണ്. എന്‍റെ അച്ഛനും അമ്മയും ബന്ധുക്കളില്‍ ഭൂരിഭാഗവും ഇരുണ്ട നിറമുള്ളവരാണ്. ആ ഇരുളിമക്ക് ഒരു സൌന്ദര്യം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ സുചിത്രയുടെ സ്കിന്‍ ടോണ്‍ രണ്ട് ഷേഡ് ഡൌണാക്കി ഡാര്‍ക്ക് ആക്കിയിരുന്നു. 'ബ്ലാക്ക് ഫിഷിംഗ്' ആണെന്ന് പറഞ്ഞ് അതിനെതിരെ ഒരു പാട് ആരോപണങ്ങളും വിമര്‍ശനങ്ങളും വന്നിരുന്നു. അതോട് കൂടി പിന്നെ ഒരു ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാനുള്ള എല്ലാം ആഗ്രഹവും അവസാനിപ്പിച്ചു.
എന്താണ് മേക്കപ്പ്? ഒരു നല്ല മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആരായിരിക്കണം?
മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ഒരു പാട് മോഡലുകള്‍ക്ക് ആദ്യമായി മേക്കപ്പ് ചെയ്ത ആളാണ് ഞാന്‍. ദിവ്യ ശാന്തി എന്നൊരു മോഡലുണ്ട്. ആ കുട്ടിയുടെ ആദ്യത്തെ പോര്‍ട്ട് ഫോളിയോ ഞാനാണ് ചെയ്തത്. ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ അവരുടെ ഒപ്പം നിരവധി തവണ വര്‍ക്ക് ചെയ്തിട്ടുണ്ട്. നിറത്തിലല്ല സൌന്ദര്യം എന്ന് പറയുന്നുണ്ടെങ്കിലും മോഡലിംഗ് അല്ലെങ്കില്‍ സിനിമയിലേക്ക് വരുമ്പോള്‍ നല്ല നിറം, ഫീച്ചേഴ്സ് എന്നിവ മാനദണ്ഡമാകാറുണ്ട്. അതുകൊണ്ട് സിനിമാ നടിമാരെ അവരെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. സൌന്ദര്യമില്ലാത്തതായി ആരുമില്ല എന്നാണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ മനസിലാക്കുന്നത്. ചിലരുടെ കണ്ണുകളായിരിക്കാം, മറ്റ് ചിലരുടെ ചിരിയായിരിക്കാം, മൂക്കായിരിക്കാം അവരെ സുന്ദരനോ സുന്ദരിയോ ആക്കുന്നത്. അതുപോലെ തന്നെ അതീവ സുന്ദരി എന്ന് പറയുന്ന ഒരാളിലും എന്തെങ്കിലുമൊക്കെ പോരായ്മ ഉണ്ടായിരിക്കും.
ഒരു നല്ല മേക്കപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ഏറ്റവും നല്ല പ്രത്യേകതകളെ കൂടുതല്‍ തിളക്കമുള്ളതും ആകര്‍ഷകവുമാക്കിയെടുക്കുക എന്നതാണ്. ചേച്ചീ അധികം മേക്കപ്പ് വേണ്ട..എന്‍റെ ചിരി കൊള്ളില്ല, പുരികം പോരാ എന്നൊക്കെ ഒരു സാധാരണ പെണ്‍കുട്ടിയെ വധുവാക്കി ഒരുക്കിയെടുക്കുമ്പോള്‍ അവര്‍ പറയാറുണ്ട്. എന്നാല്‍ എല്ലാവരിലുമുണ്ട് കൊള്ളാത്ത ഭാഗങ്ങളും നല്ല ഭാഗങ്ങളുമെന്ന് ഞാന്‍ പറയും. നീതുവിന്‍റെ കണ്ണുകള്‍ നല്ല ഭംഗിയുള്ളതാണ്. അതിനെ എന്ന് എന്‍ഹാന്‍സ് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. നീതുവിനെ വെളുപ്പിക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല. സ്കിന്‍ ടോണ്‍ മാറ്റാതെയാണ് ഞാന്‍ നീതുവിനെ മേക്കപ്പ് ചെയ്തത്. മേക്കപ്പ് എന്നാല്‍ നിറം മാറ്റിയെടുക്കുക എന്നതല്ല.
മേക്കപ്പ് രംഗത്തേക്ക് എത്തിയത് എങ്ങിനെ?
2000ത്തില്‍ ബ്യൂട്ടി തെറാപ്പി കോഴ്സ് പഠിച്ചു. ഒരു ബ്യൂട്ടീഷനും കൂടിയാണ് ഞാന്‍. 2006ലാണ് ഞാന്‍ പ്രൊഫഷണല്‍ മേക്കപ്പ് രംഗത്തേക്ക് എത്തിയത്. അതിന് മുന്‍ ഞാന്‍ പല ജോലികളും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ റപ്പായി ജോലി ചെയ്തു. ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ സബ് എഡിറ്റായും ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്യൂട്ടീഷന്‍ എന്ന നിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല. മേക്കപ്പ് ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്നത് തന്നെ അവിചാരിതമായിട്ടാണ്. 2000ത്തില്‍ തന്നെ നടി ചഞ്ചല്‍ സൂര്യ ടിവിയില്‍ അവതരിപ്പിച്ചിരുന്ന സെന്‍സേഷണല്‍ എന്ന സെഗ്മെന്‍റിലേക്ക് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ ഒരു കോണ്‍ഫിഡന്‍സിന്‍റെ പേരിലാണ് അവിടെയത്തിയത്. അഞ്ച് വര്‍ഷം അവിടെ ജോലി ചെയ്തു. അതിന് ശേഷമാണ് പ്രൊഫഷണല്‍ മേക്കപ്പ് രംഗത്തേക്ക് കടക്കുന്നത്. കുഞ്ഞു നസ്രിയക്കൊക്കെ ഞാനാണ് മേക്കപ്പ് ചെയ്തത്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ബ്യൂട്ടിഷന്‍സിന് അപ്‍ഡേഷന്‍സ് കൊടുക്കുന്ന മേക്കപ്പ് ട്യൂട്ടര്‍ കൂടിയാണ് ഞാന്‍. എന്‍റെ അനിയന്‍ സബിന്‍ ക്രിസ്റ്റഫര്‍ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റാണ്
മേക്കപ്പില്‍ നിന്നും സിനിമയെ ഒഴിവാക്കാനുള്ള കാരണം?
സിനിമയില്‍ ഞാന്‍ മേക്കപ്പ് ചെയ്തിട്ടില്ല. പക്ഷെ സിനിമാനടിമാര്‍ക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. കുടുംബപരമായി ഒരു പാട് പരിമിതികള്‍ ഉള്ളതുകൊണ്ട് സിനിമയില്‍ ഞാന്‍ മേക്കപ്പ് ചെയ്യാറില്ല. കാരണം ഒരു പാട് ദൂരെയുള്ള ലൊക്കേഷനുകളില്‍ ഒരു പാട് ദിവസം ചെലവഴിക്കാനുള്ള അവസ്ഥയല്ല. പക്ഷെ പരസ്യങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും മേക്കപ്പ് ചെയ്യാറുണ്ട്. ഞാനൊരു പ്രൊഫഷണല്‍ ഡ്രാമാ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ജോജു ജോര്‍ജ്ജും ഷീലു എബ്രാഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റാര്‍ എന്ന ചിത്രത്തില്‍ ഒരു വേഷം എന്നെ തേടിയെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ആ ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല, ഒരു നടിയായിട്ട് സിനിമയിലെത്താനാണ് എന്‍റെ ആഗ്രഹം. അഭിനയം എന്‍റെ പാഷനും മേക്കപ്പ് എന്‍റെ പ്രൊഫഷനുമാണ്.
Adjust Story Font
16