Quantcast

കില്ലാടി തന്നെ സൂപ്പര്‍ കിങ്സ് ! രാജസ്ഥാനെ തറപറ്റിച്ചത് 45 റണ്‍സിന്

ചെന്നൈക്കായി മുഈൻ അലി മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Web Desk

  • Updated:

    2021-04-19 17:59:53.0

Published:

19 April 2021 4:08 PM GMT

കില്ലാടി തന്നെ സൂപ്പര്‍ കിങ്സ് ! രാജസ്ഥാനെ തറപറ്റിച്ചത് 45 റണ്‍സിന്
X

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ തകർത്തടുക്കി ചെന്നൈ സൂപ്പർ കിങ്സ്. 45 റൺസിനാണ് ചെന്നൈ രാജസ്ഥാനെ പരാജപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് നിശ്ചിത ഓവറിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്: 188-9 (20), രാജസ്ഥാൻ റോയൽസ്: 143-9 (20)

സൂപ്പർ കിങ്സ് ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രജസ്ഥാൻ നിരയിൽ ജോസ് ബട്ടലർ (35 പന്തിൽ 49) ഒഴികെ മറ്റാരും വേണ്ടത്ര തിളങ്ങിയില്ല. ആദ്യ വിക്കറ്റിൽ 30 റൺസ് ചേർത്തുടനെ ഓപ്പണർ മനൻ വൊഹ്റയെ (11 പന്തിൽ 14) പുറത്താക്കി സാം കറൻ. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസൻ (5 പന്തിൽ 1) വന്നതും പോയതും ഒരുമിച്ചായിരുന്നു. കറനെ ഉയർത്തിയടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം എത്തിച്ചേർന്നത് ബ്രാവോയുടെ കൈകളിൽ. ബട്ട്ലറെ ജഡേജ പുറത്താക്കിയതോടെ കളി രാജസ്ഥാൻ കൈവിട്ടു. രാജസ്ഥാൻ താരങ്ങൾ ക്രീസിൽ വന്നും പോയുമിരുന്നു.

ജയ്ദേവ് ഉനദ്കത് 17 പന്തിൽ 24 റൺസും തെവാത്തിയ 15 പന്തിൽ 20 റൺസുമെടുത്തു. ശിവം ഡൂബെ (20 പന്തിൽ 17) ഡേവിഡ് മില്ലർ (5 പന്തിൽ 2), റിയാൻ പരാ​ഗ് (7 പന്തിൽ 3), ക്രിസ് മോറിസ് (5 പന്തിൽ പൂജ്യം), എന്നിവർ എളുപ്പം കളിയവസാനിപ്പിച്ചു.

ചെന്നൈക്കായി മുഈൻ അലി മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജഡേജയും സാം കറനും രണ്ട് വിക്കറ്റും ശർദുൽ താക്കൂറും ബ്രാവോയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 188 റൺസെടുത്തു. 33 റൺസെടുത്ത ഫാഫ് ഡൂ പ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഒരേ സമയം അടിച്ച് തകർക്കുകയും, അനാവശ്യമായി വിക്കറ്റ് കളഞ്ഞ് കുളിക്കുകയും ചെയ്തായിരുന്നു സൂപ്പർ കിങ്സ് ബാറ്റിങ് പൂർത്തിയാക്കിയത്.

പത്ത് റൺസെടുക്കുന്നതിനിടെ ഓപ്പണർ ​ഗെയ്‍ക്വാദ് പുറത്ത്. ശിവം ഡൂബെയുടെ കൈകളിലെത്തിച്ച മുസ്തഫിസുറിനായിരുന്നു വിക്കറ്റ്. തുടർന്ന് ഡു പ്ലെസിസുമായി ചേർന്ന് മുഈൻ അലിയുടെ ചെറുത്ത് നിൽപ്പ്. പക്ഷേ 45 റൺസെടുക്കുന്നതിനിടെ ഡൂ പ്ലെസിസും (17 പന്തിൽ 33) വീണു. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. നായകൻ ധോണി പതിനെട്ട് റൺസെടുത്ത് പുറത്തായി.

സുരേഷ് റെയ്ന (15 പന്തിൽ 18), അമ്പാട്ടി റായിഡു (17 പന്തിൽ 27), രവീന്ദ്ര ജഡേജ (7 പന്തിൽ 8) സാം കറൻ (6 പന്തിൽ 13) ശർദുൽ താക്കൂർ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ഒരു ഘട്ടത്തിൽ 13 ഓവറിൽ 123 റൺസിന് മൂന്ന് വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്ന ചെന്നൈക്ക് അവസാന നിമിഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. രാജസ്ഥാന് വേണ്ടി ചേതൻ സകരിയ മൂന്ന് വിക്കറ്റ് എടുത്തു. ക്രിസ് മോറിസ് രണ്ട് വിക്കറ്റെടുത്തു. മുസ്തഫിസുറും തെവാത്തിയയും ഓരോ വിക്കറ്റ് വീതമെടുത്തു.

TAGS :

Next Story