നോട്ട് നിരോധനത്തിന്‍റെ കാണാച്ചരടുകൾ, മലക്കം മറിച്ചിലുകൾ...
ഒരമ്പതു ദിവസം കൂടി കാത്തു നിന്നാൽ മതി, ഇപ്പൊ റെഡിയാക്കിത്തരാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അഥവാ റെഡിയാകുന്നില്ലെങ്കിൽ തന്നെ തൂക്കിക്കൊന്നു കൊള്ളാനാണ് ലോകത്ത് ഇന്നേവരെ ഒരു ഭരണാധികാരിയും മൊഴിഞ്ഞിട്ടില്ലാത്ത ഭാഷയിൽ, അതീവ വിനയവാന്റെ മുഖംമൂടിയണിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത്.
2016 നവംബർ 8ന് രാത്രി എട്ടു മണിക്കാണ് കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഒറ്റയടിക്ക് റദ്ദാക്കി കളയാനെന്നും പറഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് നിലവിലുള്ള കറൻസിയുടെ 80 ശതമാനവും നിന്ന നിൽപ്പിൽ അസാധുവാക്കിക്കളഞ്ഞത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയായിരുന്ന ജനങ്ങളും തൊഴിൽ തേടിത്തേടിയലഞ്ഞ് രോഷാകുലരായ യുവജനങ്ങളും കാർഷികോൽപ്പന്നങ്ങൾക്ക് വിലത്തകർച്ച നേരിട്ട് പ്രതിഷേധ ശബ്ദമുയർത്തിയ കർഷകരും നടപ്പാക്കാനിരിക്കുന്ന നിയമങ്ങൾ പാസ്സാവുന്നതോടെ അടിമസമാനമായി ജീവിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികളുമെല്ലാം സർക്കാറിനെതിരെ പ്രക്ഷോഭരംഗത്തായിരുന്നു അന്ന്. സർവ്വകലാശാലകളിലാകെ അസ്വസ്ഥരായ വിദ്യാർത്ഥികൾ സമരങ്ങളുടെ കെട്ടഴിച്ചു വിട്ടു. ദളിതർക്ക് നേരെ നടന്നുകൊണ്ടിരുന്ന അത്യാചാരങ്ങൾക്കെതിരെ നാടാകെ രോഷാഗ്നി പടരുകയായിരുന്നു.
ജെ.എൻ.യുവിൽ നിന്ന് കാണാതായ നജീബ് എന്ന വിദ്യാർത്ഥിയെവിടെ എന്ന ചോദ്യം രാജ്യമാകെ ഉച്ചത്തിൽ മുഴങ്ങുകയായിരുന്നു. അതിനെയെല്ലാം അതേപടി റദ്ദാക്കിക്കളയാൻ ആ ഒരൊറ്റ പ്രഖ്യാപനത്തിന് കഴിഞ്ഞു. അതോടെ നാടിന്റെ ശ്രദ്ധയാകെ നോട്ട് റദ്ദാക്കലിലായി. ചർച്ചാ വിഷയം അതു മാത്രമായി. നോട്ടിന് ക്യൂ നിൽക്കുന്ന തിരക്കിലായി നാടാകെ. സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് പിൻവലിക്കണമെങ്കിൽ പൊരിവെയിലിൽ മണിക്കൂറുകൾ കാവൽ നിൽക്കേണ്ടി വന്നു. പോലീസിന്റെ ലാത്തിയടിയേറ്റും ക്യൂവിൽ മണിക്കൂറുകളോളം വരി നിന്ന് ബാങ്കിലെത്തിയവർക്കു പോലും കാശു കിട്ടാതെ നിരാശരായി മടങ്ങേണ്ടിവന്നു. നിശ്ചയിച്ച കല്യാണങ്ങൾ മുടങ്ങി. ആഘോഷങ്ങൾ നിലച്ചു. കടകൾ അടഞ്ഞു. കമ്പോളങ്ങൾ നിശ്ചലമായി. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിന്ന് അതിന്റെ രക്തചംക്രമണത്തിൽ നിന്ന് കുത്തിച്ചോർത്തിക്കളഞ്ഞത് 80 ശതമാനമാണ്. ബിജെപിയുടെ മുന്‍ ധനകാര്യ മന്ത്രി പറഞ്ഞത് ദശലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങളാണ് നോട്ട് റദ്ദാക്കൽ നടപടി കാരണം അടച്ചുപൂട്ടാൻ നിർബന്ധിതമായത് എന്നാണ്.
കോടിക്കണക്കിന് ഇന്ത്യക്കാർ ഇങ്ങനെ കറൻസി റദ്ദാക്കലിന്റെ ചൂണ്ടയിൽ കൂടുങ്ങി ശ്വാസം മുട്ടി ഞെരിയുന്നതിനിടയിലാണ് പേടിഎം തലവൻ വിജയ് ശേഖർ ശർമ്മ അത്യാഹ്ലാദപൂർവ്വം പ്രസ്താവനയിറക്കുന്നത്. തങ്ങളുടെ ബിസിനസ്സ് കൈവരിച്ച കുതിച്ചുചാട്ടത്തെപ്പറ്റിയുള്ള സന്തോഷ പ്രകടനമാണ്, നന്ദി പ്രകാശനമാണ് അയാൾ അതുവഴി നടത്തിയത്. പേടിഎം മാത്രമല്ല ഇതൊരവസരമാക്കി മാറ്റിയത്. പ്രധാനമന്ത്രിയെ പോസ്റ്റർ ബോയ് ആക്കി പരസ്യം കൊടുത്ത് വിശ്വാസ്യതയാർജിച്ച റിലയൻസിന്റെ ജിയോവിനും അതു പോലുള്ള കമ്പനികൾക്കും ചില്ലറ നേട്ടങ്ങളല്ല ഇതു വഴി ഉണ്ടാക്കാനായത്. വെയിലുള്ളപ്പോൾത്തന്നെ വൈക്കോലുണക്കാൻ അത്തരക്കാർക്ക് കഴിഞ്ഞു എന്നു മാത്രമേ അന്ന് തോന്നിയിരുന്നുള്ളൂ. എന്നാൽ ഇന്ന്, 5 വർഷങ്ങൾക്ക് ശേഷം ആ വിഷയത്തിലേക്ക് ഒരു റീവിസിറ്റ് നടത്തിയാൽ തെളിയുന്ന ചിത്രം കൊടും വഞ്ചനയുടെതാണ്, ചങ്ങാത്ത മുതലാളിത്തത്തിന്റെ അതിനീചമായ കൂട്ടു തട്ടിപ്പിന്റെതാണ്.
മലക്കംമറിച്ചിലുകൾ
2016 നവംബർ 8 ന് എട്ട് മണിക്ക് പ്രധാനമന്ത്രി തന്നെ ജനങ്ങളോട് പറഞ്ഞത്, കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യാനുള്ള ഒറ്റമൂലിയാണ് നോട്ട് റദ്ദാക്കൽ എന്നാണ്. അന്നേ കാര്യ ബോധമുള്ളവർ ചൂണ്ടിക്കാട്ടിയതാണ്, അതൊരു അതിവാദമാണ് എന്ന്. കള്ളപ്പണത്തിന്റെ വേരറുക്കാനുള്ള ഒരു വഴി ഇടതുപക്ഷ കക്ഷികൾ പണ്ടേ ആവശ്യപ്പെട്ടു പോന്ന പി നോട്ട് റൂട്ട് ഇല്ലായ്മ ചെയ്യലാണ്. ഇന്ത്യൻ ഓഹരിക്കച്ചവട മാർക്കറ്റിലേക്ക് കള്ളപ്പണം ഒഴുകിയെത്തുന്ന തുരങ്ക വഴിയാണത്. അങ്ങനെ വരുന്ന നിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണ് എന്ന കാര്യം സ്വകാര്യമാണ്. ചോദിക്കില്ല, പറയില്ല. ഇഷ്ടം പോലെ നിക്ഷേപിക്കാം. അതിന്റെ അടിവേരറുക്കാനായാൽ കള്ളപ്പണത്തിന് പിടിവീഴും. അതൊഴിവാക്കിയുള്ള ഏത് തൊള്ളപ്പിട്ടും ആളെപ്പറ്റിക്കാനുള്ളതാണ് എന്ന വിമർശനമുയർത്തിയവരെ രാജ്യദ്രോഹികളുടെ പട്ടികയിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആ വസ്തുതയെ മോദി ഗവൺമെന്റ് നേരിട്ടത്.
കള്ളനോട്ടുകൾ അതിർത്തിക്കപ്പുറത്തു നിന്ന് സഹസ്രകോടികളായാണ് ഒഴുകിയെത്തുന്നത് എന്നും പറഞ്ഞാണ് തീവ്രവാദവുമായി അതിനെ ബന്ധപ്പെടുത്തിയത്. അങ്ങനെയാണ് കാര്യമെങ്കിൽ നമ്മുടെ അതിർത്തി രക്ഷാസേനയും പട്ടാളവും മറ്റും എന്തെടുക്കുകയാണ് എന്ന ചോദ്യമുയർന്നപ്പോഴാണ്, ഒറ്റ വെടിക്ക് മൂന്ന് പക്ഷികളെ ഒന്നിച്ച് ചുട്ടുതിന്നാനാവുമെന്നും പറഞ്ഞ് കാഞ്ചി വലിച്ചപ്പോൾ ചെന്നു തറച്ചത് സ്വന്തം നെഞ്ചിലാണെന്ന് മനസ്സിലായത്. അപ്പോൾ ഇറക്കിയ നമ്പറാണ്, മാപ്പപേക്ഷ. ഒരമ്പതു ദിവസം കൂടി കാത്തു നിന്നാൽ മതി, ഇപ്പൊ റെഡിയാക്കിത്തരാം എന്നാണ് അപ്പോൾ പറഞ്ഞത്. അഥവാ റെഡിയാകുന്നില്ലെങ്കിൽ തന്നെ തൂക്കിക്കൊന്നു കൊള്ളാനാണ് ലോകത്ത് ഇന്നേവരെ ഒരു ഭരണാധികാരിയും മൊഴിഞ്ഞിട്ടില്ലാത്ത ഭാഷയിൽ, രീതിയിൽ, അതീവവിനയവാന്റെ മുഖംമൂടിയണിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത്.
50 ദിവസമല്ല, അമ്പതു വർഷം കൊണ്ടും നടപ്പാവാത്ത കാര്യമാണ് പറഞ്ഞത് എന്ന് നന്നായറിയാവുന്ന പ്രധാനമന്ത്രി പിന്നെ ചുവട് മാറ്റുകയാണ്. നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന നിരുപദ്രവകരമെന്ന് തോന്നാവുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലാണ് അത് പുറത്തുവന്നത്. നേരത്തെ പറഞ്ഞ 3 ലക്ഷ്യങ്ങൾക്കൊപ്പം മറ്റൊന്ന് ചേർത്തതല്ല കാര്യം. യഥാർത്ഥ ലക്ഷ്യം അതായിരുന്നു എന്നതാണ് നേര്. പിന്നെ പറച്ചിലൊക്കെ പണരഹിത സമൂഹത്തെക്കുറിച്ചായി. ആദ്യ ലക്ഷ്യങ്ങൾ കൈവിട്ട് പണരഹിത സമൂഹത്തെപ്പറ്റിയായി ചർച്ച . അങ്ങനെയൊരു ചോദ്യം പ്രധാനമന്ത്രി ചോദിക്കേണ്ട താമസം, ഉടൻ വന്നു ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന സംഘിത്തലവന്മാരുടെ ഏറ്റുപറച്ചിൽ. കീശയിൽ കാശുമായി പോയാൽ പോക്കറ്റടിച്ചു പോവില്ലേ എന്ന തരത്തിലുള്ള ന്യായങ്ങൾ. അതിനിടക്ക് ചെറുകിട മത്സ്യക്കച്ചവടക്കാർ നോട്ടു റദ്ദാക്കൽ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുവെന്ന് ചാനൽ ചർച്ചയിൽ പരാതിപ്പെട്ടപ്പോൾ, ഉടനുയർന്നു സംഘിച്ചോദ്യം. ഒരു സ്വൈപ്പിങ്ങ് മെഷിൻ വാങ്ങിയാൽ പോരേ എന്ന്! അതിനിടക്കാണ്, 10 ലക്ഷം സ്വൈപ്പിങ് മെഷിനുകൾ ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുന്നത്.
നോട്ടുകൾ വറ്റിവരണ്ട ക്യാഷ് ചെസ്റ്റുകൾ നോക്കി നെടുവീർപ്പിട്ടു നിൽക്കുകയല്ലാതെ ഇടപാടുകാരുടെ കാശാവശ്യം നിറവേറ്റാനാവാതെ കുഴഞ്ഞ ബാങ്ക് ജീവനക്കാർക്ക് മുമ്പിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഉള്ള കാശ് ശാഖകളിലേക്ക് വീതം വെച്ചെത്തിക്കാനുള്ള ലോജിസ്റ്റിക്കൽ നെട്ടോട്ടത്തിലായിരുന്ന ബാങ്കധികൃതർ വായ്പ കൊടുക്കുന്ന കാര്യം മറന്നു, തിരിച്ചു പിടിയുടെ കാര്യം പാടേ മറന്നു. കൈയ്യിൽ കാശില്ലാത്തവർ എങ്ങനെ വായ്പ തിരിച്ചടക്കാൻ? ക്യാഷ് ലെസ്സ് ആക്കുന്ന കാര്യം ഇത്തരമൊരു ഊരാക്കുടുക്കിൽപ്പെട്ട ജനങ്ങൾക്കിടയിൽ വിറ്റഴിക്കുക എളുപ്പമായിരിക്കും എന്ന തിരിച്ചറിവാണ് അങ്ങനെയൊരു നിർദേശം അത്തരമൊരു സാഹചര്യത്തിൽ പുറത്തുവിട്ടതിന് പിന്നിൽ.
വിസ പറഞ്ഞതും ബെറ്റർ ദാൻ ക്യാഷ് ചെയ്തതും
ഇന്ത്യയെപ്പോലാരു രാജ്യത്ത് ജനങ്ങൾ ഇടപാടുകൾക്ക് മുഖ്യമായും കറൻസിയെ ആശ്രയിക്കുന്നത് വിസയെപ്പോലൊരു കമ്പനിയുടെ താൽപര്യത്തിന്റ ചേർന്നതല്ലല്ലോ. അതുകൊണ്ടു തന്നെ Accelerating the growth of Digital Payments in India : A five year outlook എന്ന പേരിൽ വിസ ഒരു പഠനരേഖ തയാറാക്കിയ യച്ചത്. സൗജന്യമായി 5 തവണ എടിഎമ്മുകളിൽ നിന്ന് കാശ് പിൻവലിക്കാൻ കഴിയുന്നതുകൊണ്ടാണ് സമൂഹം ക്യാഷ് ഫുള്ളായി മാറുന്നത് എന്നായിരുന്നു അവരുടെ ഒരു കണ്ടെത്തൽ . ഇന്ത്യൻ ജിഡിപിയുടെ 1.7ശതമാനമാണ് കറൻസിക്ക് വേണ്ടി ചെലവാക്കുന്നത്, അത് 1.3 ശതമാനമാക്കാനായാൽ 4 ലക്ഷം കോടി രൂപയാണ് ലാഭിക്കാനാവുക എന്നായിരുന്നു നിരീക്ഷണം. ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തു വരേണ്ട താമസം, നീതി ആയോഗിന്റെ സിഇഓ അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്. We welcome the release of Visa's report and its policy recommendation for transforming India എന്നായിരുന്നു പ്രഖ്യാപനം. അതിൽ അത്ഭുതപ്പെടേണ്ടതില്ല. അതിനും 5 മാസം മുമ്പാണ് 2016 മെയ് മാസത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടിന്റെ ശോച്യാവസ്ഥയെക്കുറിച്ച് അവർ വിലപിച്ചത്. 2015 ൽ ഇന്ത്യയുടെ പ്രതിശീർഷ ഡിജിറ്റൽ ഇടപാടുകൾ വെറും 10 ആണെന്നും ബ്രസീലിൽ ഇത് 163 ഉം ദക്ഷിണ കൊറിയയിൽ 420 ഉം സ്വീഡനിൽ 429 ആണെന്നും എടുത്തു പറയുന്നുണ്ട് ആ രേഖ. ലെസ് ക്യാഷായാൽ ഇന്ത്യക്ക് 4 ലക്ഷം കോടി രൂപ ലാഭിക്കാനാവും എന്ന് കണക്കുകൂട്ടി നമ്മെ പഠിപ്പിച്ച കമ്പനി, അതു വഴി തങ്ങൾക്കെത്ര ലാഭം കൂടും എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ 2017 ജൂലായ് 22 ന്റെ സിഎൻഎൻ മണിയുടെ റിപ്പോർട്ട് അത് വ്യക്തമാക്കിത്തരുന്നുണ്ട്. ന്യൂയോർക്കിലെ റസ്റ്റാറന്റുകൾ ക്യാഷ് ലെസ്സാക്കിയാൽ സ്ഥാപനത്തിന് 10000 ഡോളർ ഇനാമായി നൽകും എന്നായിരുന്നു വാർത്ത. ഒരു റസ്റ്റാറന്റ് ക്യാഷ് ലെസ്സാക്കാൻ 10,000 ഡോളർ നൽകുന്ന ഒരു കമ്പനി ഒരു രാജ്യം ക്യാഷ് ലെസ്സാക്കാൻ എത്ര ഡോളർ ചെലവാക്കും എന്നതാണ് ചോദ്യം. അവിടെയാണ് നോട്ട് റദ്ദാക്കലിന്റെ കാണാച്ചരടുകൾ കിടക്കുന്നത്.
ബെറ്റർ ദാൻ ക്യാഷ്
നവംബറിലാണ് മോഡി നോട്ട് റദ്ദാക്കുന്നത്. അതിനും മാസങ്ങൾക്ക് മുമ്പ് തന്നെ വിസ അതിനുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതിനും വർഷങ്ങൾക്ക് മുമ്പാണ്, 2002 ൽ ഗെയ്റ്റ്സ് ഫൗണ്ടേഷനും (മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗെയ്റ്റ്സിന്റെ സ്ഥാപനം ) യുഎസ്എയ്ഡും പേപാലിന്റെ ഒമഡിയാർ നെറ്റ് വർക്സും ഡിജിറ്റൽ കമ്പനികളായ സിറ്റി, വിസ , മാസ്റ്റർ കാർഡ് എന്നിവക്കൊപ്പം ബെറ്റർ ദാൻ ക്യാഷ് അലയൻസ് എന്ന സംഘടനയുടെ സ്ഥാപക ഫണ്ടർമാരായി രംഗത്തു വരുന്നത്.2015 ൽ വാഷിങ്ങ് ടണ്ണിൽ നടന്ന ഫൈനാൻഷ്യൽ ഇൻക്ലൂഷൻ ഫോറം സംഘടിപ്പിച്ചത് അമേരിക്കൻ ട്രഷറി ഡിപ്പാർട്മെന്റും യുഎസ്എഎയ്ഡുമാണ്. ആ യോഗത്തിൽ ബിൽ ഗെയ്റ്റ്സ് പറഞ്ഞത് ഇങ്ങനെയാണ്. : " മറ്റെവിടത്തക്കാളും സമ്പദ് വ്യവസ്ഥയുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്താനാവുക വികസ്വര രാജ്യങ്ങളിലാണ്. അക്കാര്യത്തിൽ വളരെ ശ്രദ്ധേയമായ പരിശ്രമങ്ങളാണ് ഞങ്ങൾ നൈജീരിയയിലും പാക്കിസ്ഥാനിലും ഇന്ത്യയിലും.. നടത്തിക്കൊണ്ടിരിക്കുന്നത്..... ഞങ്ങൾ നേരിട്ട് ഇന്ത്യയിലെ റിസർവ് ബാങ്കുമായി സഹകരിക്കാൻ തുടങ്ങിയിട്ട് 3 വർഷങ്ങളായി. അവർ ഒരു പുതിയ തരത്തിലുള്ള സംവിധാനം, പേമെന്റ് ബാങ്ക് എന്ന പേരിൽ ഉണ്ടാക്കിയിട്ടുണ്ട്. "
ആ പേമെന്റ് ബാങ്കിന്റെ തുടക്കം മാത്രമെടുത്ത് പരിശോധിച്ചാൽ ബോധ്യമാവും ഈ കൂട്ടുകെട്ടിന്റെ അണിയറക്കഥകൾ. റിസർവ് ബാങ്കിന്റെ ഡയരക്ടരായിരുന്ന നചികേത് മോർ ആണ് അങ്ങനെയൊരു സംവിധാനത്തിന് ശുപാർശ ചെയ്തത്. അതിനെയാണ് ബിൽ ഗെയ്റ്റ്സ് വാനോളം പുകഴ്ത്തിയത്. അങ്ങനെയൊരു സൽക്കർമ്മം ചെയ്തതിന്റെ പേരിൽത്തന്നെയാവണം, ആ നചികേത് മോറിന് ബിൽ & മെലിന്ദാ ഗെയ്റ്റ്സ് ഫൗണ്ടേഷന്റെ നാഷനൽ ഡയരക്ടർ പദവി നൽകി ബിൽ ഗെയ്റ്റ്സ് പ്രത്യുപകാരം ചെയ്തത്!
2016 നവംബർ എട്ടിനും ഒരു മാസം മുമ്പ് യു.എസ്. എയ്ഡ്, കേറ്റലിസ്റ്റ് എന്നു പേരുള്ള ഒരു സംഘടനയുടെ രൂപവൽകരണത്തെപ്പറ്റി പ്രഖ്യാപനം നടത്തുന്നുണ്ട്. ഇന്ത്യയിലെ കാശ് രഹിത ഇടപാടുകളിൽ ഒരുവൻ കുതിപ്പ് ഉന്നം വെച്ച് കൊണ്ടുള്ള ഒരു പദ്ധതിയാണ് ഇത് എന്ന് ഒക്ടോബർ 14 ന് ഒരു പത്ര പ്രസ്താവന നടത്തുന്നുണ്ട്. തങ്ങളും ഇന്ത്യൻ ധനമന്ത്രാലയവും തമ്മിലുള്ള സംയുക്ത ഏർപ്പാടിന്റെ പുതിയ ഒരു ഘട്ടമാണ് ഇത് എന്നു പറയുന്ന പത്രപ്രസ്താവന യു.എസ്. എയ്ഡിന്റെ വെബ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്, നോട്ട് റദ്ദാക്കൽ നാടിനെയാകെ താറുമാറാക്കിയതിനു ശേഷമാണ്. യു.എസ്. എയ്ഡ് 2015 ൽ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പേര് " കാശിനുമപ്പുറം " എന്നായിരുന്നു. അതേപ്പറ്റിയുള്ള പത്രക്കുറിപ്പും ഇപ്പോൾ ആ സൈറ്റിൽ കാണാനില്ല.
"സമ്പദ് വ്യവസ്ഥയിൽ കാശ് വെട്ടിച്ചുരുക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ വിപുലീകരണം " എന്നാണ് ബെറ്റർ ദാൻ ക്യാഷ് അലയൻസ് ഇന്ത്യയുടെ പങ്കാളിത്തത്തെ വിശേഷിപ്പിച്ചത്. പറഞ്ഞു വന്നത്, നേരത്തെ അണിയറയിൽ തയാറാക്കിയ ഒരു തിരകഥയനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയത് എന്നാണ്. അത് അത്ര പെട്ടെന്ന് സ്വീകരിക്കാൻ മടിക്കുന്ന ഒരു ജനതയെ കണ്ടീഷൻ ചെയ്ത് ശരിപ്പെടുത്തുന്നതിനാണ് തീവ്രവാദത്തിന്റെയും കള്ളനോട്ടിന്റെയും കള്ളക്കഥകൾ പ്രചരിപ്പിച്ചത്. ലക്ഷ്യം ഡിജിറ്റൽ കമ്പനികളെ വഴിവിട്ട് സഹായിക്കൽ തന്നെ.
പറഞ്ഞ ലക്ഷ്യങ്ങളിൽ എന്തു നേടി എന്നറിയാൻ 2017 നവംബർ 8 ന് ന്യായീകരണത്തൊഴിലാളികളെപ്പോലെ ഡി എ വി പി നൽകിയ മുഴുപ്പേജ് വർണപ്പരസ്യം നോക്കിയാൽ മതി. " 125 കോടി ഇന്ത്യക്കാർ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ നിർണായക യുദ്ധം നടത്തുകയും വിജയം വരിക്കുകയും ചെയ്തു " എന്നായിരുന്നു പരസ്യവാചകം. നാലാമതായി ചേർത്ത അഴിമതിയെപ്പറ്റി വാചാലമാവുന്ന പരസ്യം, രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യങ്ങളായി നേരത്തേ പ്രചരിപ്പിച്ചിരുന്ന കള്ളനോട്ടിന്റെയും തീവ്രവാദത്തിന്റെയും കഥ മിണ്ടാതെ വിടുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല
റിസർവ് ബാങ്ക് തന്നെ കള്ളനോട്ടിനെപ്പറ്റിയുള്ള കള്ള പ്രചാരണത്തിന്റെ പൊള്ള ബലൂണുകൾ കുത്തിപ്പൊട്ടിച്ചു കളയുന്നുണ്ട്. നോട്ട് റദ്ദാക്കുന്നതിന്റെ തലേ വർഷം കണ്ടെത്തിയതിന്റെ ഇരട്ടിയിലേറെയാണ് 500 ന്റെയും 1000 ത്തിന്റെയും കള്ളനോട്ടുകൾ തങ്ങളുടെ കൗണ്ടറുകളിൽ കിട്ടിയതെന്നാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തിയത് . തീവ്രവാദ ആക്രമണമാണെങ്കിൽ, തലേ വർഷത്തെക്കാൾ 42 ശതമാനമാണ് വർദ്ധിച്ചത്. അത്തരമൊരു സാഹചര്യത്തിൽ ഉത്തമം ആ രണ്ട് ലക്ഷ്യങ്ങളെ വെറുതെയങ്ങ് മറക്കുക തന്നെ !
ഒറ്റക്കൊല്ലം കൊണ്ട് ഫലം കൃത്യമായറിയാനാവില്ല എന്ന് അന്ന് വേണമെങ്കിൽ പറഞ്ഞൊഴിയാം. എന്നാലിപ്പോൾ വർഷമിത് അഞ്ചാവുന്നു. 5 വർഷം കഴിഞ്ഞുള്ള സമ്പദ് വ്യവസ്ഥയുടെ കാര്യമെടുക്കുമ്പോൾ, കൊറോണയാണ് വില്ലൻ എന്ന് പറഞ്ഞൊഴിയാൻ എളുപ്പമാണ്. ആഗോള പട്ടിക സൂചികയിൽ താഴോട്ട് താഴോട്ട് ഉരുണ്ടുരുണ്ട് വീണു കൊണ്ടിരിക്കുന്നതിന് പക്ഷേ കൊറോണയെ കുറ്റം പറയാനാവില്ല. കൊറോണ തുടങ്ങുന്നതിനു മുമ്പാണ്, ബ്രിട്ടാനിയാ ബിസ്കറ്റ് കമ്പനിത്തലവൻ നാടാകെ നാശത്തിലെക്കാണ് എന്ന് അന്ന് പറഞ്ഞുവെച്ചത്. കാർ നിർമ്മാണ ക്കമ്പനികൾ മുതൽ ബിസ്കറ്റ് കമ്പനികൾ വരെ സ്ഥിതി മോശമാണെന്ന് അന്നേ പറഞ്ഞതാണ്. ബ്രിട്ടാനിയക്കാരൻ അതിത്തിരി കടുപ്പിച്ച് പറഞ്ഞു എന്നു മാത്രം. അദ്ദേഹം പറഞ്ഞത് , 5 രൂപയുടെ ബിസ്കറ്റ് പേക്കറ്റ് വാങ്ങാൻ പോലും ആളുകൾ രണ്ടു വട്ടം ആലോചിക്കുന്ന കാലമായിരിക്കുന്നു എന്നാണ്. ജനങ്ങളുടെ വാങ്ങൽ കഴിവ് കുറഞ്ഞു വരുമ്പോൾ, അവർ ബിസ്കറ്റുപേക്ഷിക്കും, പൗഡറും സോപ്പും വേണ്ടെന്നു വെക്കും. അതു തന്നെയാണ് കമ്പോള ഞെരുക്കത്തിന് കാരണമായത്. അത് വീണ്ടും വഷളാവുകയാണ്. നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതം, ജിഡിപിയിൽ രണ്ടര ശതമാനം വരെ ശോഷണം വരുത്തുമെന്ന് അന്നേ പ്രവചിക്കപ്പെട്ടതാണ്. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ ലക്ഷക്കണക്കാണ് അടച്ചുപൂട്ടപ്പെട്ടത് ! അന്നും പുതുതായി അച്ചടിച്ചിറങ്ങുന്ന രണ്ടായിരം രൂപയിൽ ഘടിപ്പിച്ചു വെച്ച ചിപ്പിന്റെ മാസ്മരിക ശക്തിയെക്കുറിച്ചായിരുന്നു പ്രചാരണ കോലാഹലങ്ങൾ! മണ്ണിനടിയിൽ കുഴിച്ചിട്ടാൽ പോലും എല്ലാം ഒപ്പിയെടുക്കുന്ന സെൻസർ കള്ളപ്പണത്തിനെ അതിന്റെ മടയിൽ ചെന്ന് ആക്രമിച്ച് കീഴടക്കും എന്നൊക്കെയുള്ള അസംബന്ധ പ്രലപനങ്ങൾ കൊണ്ട് ഒരു ജനതയുടെ യുക്തിബോധത്തിനു നേരെ കൊഞ്ഞനം കുത്തുകയായിരുന്നു വൈതാളിക വൃന്ദം.
എന്നാലിപ്പോൾ 5 കൊല്ലം കഴിഞ്ഞ് കാര്യങ്ങൾ വിലയിരുത്തുമ്പോൾ, സർക്കാറിന്‍റെ നഗ്നത മറയ്ക്കാൻ കെട്ടിച്ചമച്ച ആ പീറക്കോണകങ്ങൾ അഴിഞ്ഞുവീണ് അതിന്റെ അളിഞ്ഞ യാഥാർത്ഥ്യങ്ങൾ പുറത്താവുകയാണ്. അപ്പോഴും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഇൻഡക്സിൽ മേലോട്ട് മേലോട്ട് കുതിക്കുന്നതും അതിന് കണക്കായി നിയമങ്ങളാകെ തിരുത്തിക്കുറിക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടി വളർച്ചയുടെ പടവുകൾ കയറിക്കയറി പോവുകയാണ് എന്ന നുണപ്രചാരണമാണ് തട്ടിവിടുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുന്നു എന്നത് നേരാണ്. അതിനു കണക്കായി അസമത്വവും പെരുകുകയാണ്. പട്ടിണിയാണ് വളരുന്നത്. നോട്ടു റദ്ദാക്കലിന് ഈ പിറകോട്ട് പോക്കിൽ ഗണ്യമായ പങ്കുണ്ട്. നവലിബറൽ നയങ്ങൾ പിന്തുടരുന്നതു കൊണ്ടാണ് തകർച്ച ഇരട്ടിക്കുന്നതെന്നു മാത്രം. നോട്ടു റദ്ദാക്കലിന്റെ അഞ്ചു വർഷത്തെ അനുഭവം പറയുന്നത്, അത് ഇന്ത്യൻ ജനതക്ക് മേൽ നടത്തിയ ഒരു വലിയ ഗൂഢാലോചനയാണ് എന്നു തന്നെയാണ്.
Adjust Story Font
16