ഹോങ്കോങില്‍ നിന്ന് ഞങ്ങളത് പ്രതീക്ഷിച്ചില്ല; ധവാന്‍
ഇരു ഓപ്പണര്‍മാരെയും പുകഴ്ത്തിയ ധവാന്‍ ഇത്തരമൊരു വലിയ കൂട്ടുകെട്ട് അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ധവാന്‍ പറഞ്ഞു.
ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങിയെങ്കിലും അവരുടെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മത്സരത്തില്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. 26 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്താനെതിരെ 116 റണ്‍സിന് പുറത്തായ ഹോങ്കോങ് തങ്ങളുടെ വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ചാണ് ഇന്ത്യക്കെതിരെ കളിക്കാനെത്തിയതെന്ന് അവരുടെ പ്രകടനത്തില്‍ നിന്ന് മനസിലാകും. 286 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ്കോങിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 34.1 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.
കാണികളുടെയും കളിക്കാരുടെയും നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങളായിരുന്നു അത്. നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങളില്‍ ഈ കൂട്ടുകെട്ടുണ്ടാക്കിയ നിരാശ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായതുമാണ്. നിസാഖത്ത് ഖാനും(92) അന്‍ശുമാന്‍ റാത്തു(73)മാണ് ഇന്ത്യയെ ഒരുവേള പേടിപ്പിച്ചത്. ഇരു ഓപ്പണര്‍മാരെയും പുകഴ്ത്തിയ ധവാന്‍ ഇത്തരമൊരു വലിയ കൂട്ടുകെട്ട് അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ധവാന്‍ പറഞ്ഞു.
അവര്‍ നന്നായി കളിച്ചു, നമ്മുടെ ബൗളിങ് യൂണിറ്റില്‍ നിന്ന് മികച്ചൊരു പ്രകടനം ഉണ്ടാവണമായിരുന്നു, പക്ഷേ അവരുടെ ബാറ്റ്‌സ്മാന്മാര്‍ക്ക് ക്രെഡിറ്റ് നല്‍കേണ്ടിയിരിക്കുന്നുവെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ഓപ്പണേഴ്‌സും നന്നായി തന്നെ കളിച്ചു, അവരുടെ ഷോട്ട് സെലക്ഷന്‍, റണ്‍റേറ്റ് മനസിലാക്കിയുള്ള സ്‌കോറിങ് അതൊക്കെ നന്നായിരുന്നു, ഇതിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും ധവാന്‍ പറഞ്ഞു. വൈകിയാണെങ്കിലും മികച്ച തുടക്കം ലഭിച്ചിട്ടും ഹോങ്കോങ്ങിനെ പിടിച്ചുകെട്ടിയ ഇന്ത്യയുടെ ബൗളര്‍മാരെ പുകഴ്ത്താനും ധവാന്‍ മറന്നില്ല.
Adjust Story Font
16