പാകിസ്താനെതിരായ ടെസ്റ്റ് സമനിലയാക്കുന്നതില്‍ ജയിച്ച് ആസ്‌ത്രേലിയ
രണ്ടാം ഇന്നിംങ്‌സില്‍ സെഞ്ചുറി നേടിയ ഖ്വാജ(141)യും ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ്(61) ആസ്‌ത്രേലിയക്കുവേണ്ടി ടെസ്റ്റ് സമനിലയിലാക്കിയത്.
അവസാന സെഷന്‍ വരെ ആവേശം നിറഞ്ഞ ടെസ്റ്റില്‍ ജയം സ്വപ്‌നം കണ്ട പാകിസ്താനെ ആസ്‌ത്രേലിയ സമനിലയില്‍ ഒതുക്കി. രണ്ടാം ഇന്നിംങ്‌സില്‍ സെഞ്ചുറി നേടിയ ഖ്വാജ(141)യും ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ്(61) ആസ്‌ത്രേലിയക്കുവേണ്ടി ടെസ്റ്റ് സമനിലയിലാക്കിയത്. സ്‌കോര്‍: പാകിസ്താന്‍ 482& 181/6d ആസ്‌ത്രേലിയ 202 &362/8
രണ്ടാം ഇന്നിംങ്‌സില്‍ എട്ടാം വിക്കറ്റ് 333 റണ്‍സില്‍ വീഴുമ്പോള്‍ ആസ്‌ത്രേലിക്ക് മുന്നില്‍ 12 ഓവറിലേറെ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. ടിം പെയ്‌നും(194 പന്തില്‍ 61) നഥാന്‍ ലിയോണും(34 പന്തില്‍ 5) ചേര്‍ന്ന് അത് വിജയകരമായി നടപ്പാക്കിയതോടെ ടെസ്റ്റ് സമനിലയാക്കുന്നതില്‍ ആസ്‌ത്രേലിയ വിജയിച്ചു.
രണ്ടാം ഇന്നിംങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായും മൂന്നുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസുമാണ് പാകിസ്താന് പ്രതീക്ഷ നല്‍കിയത്. സെഞ്ചുറി നേടിയ ക്വാജയുടെ നേതൃത്വത്തിലായിരുന്നു ആസ്‌ത്രേലിയയുടെ പ്രതിരോധം. 302 പന്തുകള്‍ നേരിട്ട് 141 റണ്‍ നേടിയ ശേഷമാണ് ക്വാജ മടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 482 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നന്നായി തുടങ്ങിയ ശേഷം ആസ്‌ട്രേലിയ 202ന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ബിലാല്‍ ആസിഫ് ആണ് ആസ്‌ട്രേലിയയുടെ അന്തകനായത്. മുഹമ്മദ് അബ്ബാസ് നാല് വിക്കറ്റും വീഴ്ത്തി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന് അധികം പിടിച്ചുനില്‍ക്കാനായില്ലെങ്കിലും(6ന് 181) വേഗത്തില്‍ ബാറ്റുവീശി 462 എന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും ആസ്‌ട്രേലിയക്ക് കഷ്ടകാലമായിരുന്നു. ആദ്യ ഇന്നിങ്‌സിലെന്ന പോലെ മികച്ച ഓപ്പണിങ് ലഭിച്ചു. ടീം സ്‌കോര്‍ 87ലെത്തിയശേഷമാണ് അവരുടെ ആദ്യ വിക്കറ്റ് പോകുന്നത്. ആരോണ്‍ ഫിഞ്ച്(49) പുറത്ത്. പിന്നാലെയെത്തിയ സഹോദരങ്ങളായ ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും പൂജ്യത്തിന് പുറത്തായതോടെ 87ന് മൂന്ന് എന്ന നിലയിലെത്തി. എന്നാല്‍ പിന്നീടെത്തിയ ട്രാവിസ് ഹെഡു(72)മൊത്ത് ക്വാജ 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
എട്ട് വിക്കറ്റുകള്‍ വീണപ്പോള്‍ പാകിസ്താന് ജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പാകിസ്താന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ചുറ്റും പാക് ഫീല്‍ഡര്‍മാര്‍ വലയം തീര്‍ത്തെങ്കിലും വിക്കറ്റ് മാത്രം വീണില്ല.
Adjust Story Font
16