Quantcast

അന്ന് ധോണിക്കും ജഡേജയ്ക്കും ഇടയിൽ എന്തു സംഭവിച്ചു?-വെളിപ്പെടുത്തലുമായി അംബാട്ടി റായുഡു

2022 സീസണിൽ ക്യാപ്റ്റൻസി തിരിച്ചുവാങ്ങിയതിനു പിന്നാലെ ജഡേജ ടീം വിട്ട് നാട്ടിലേക്കു മടങ്ങിയതും സോഷ്യൽ മീഡിയയിൽ ചെന്നൈയെ അൺഫോളോ ചെയ്തതും വലിയ വാർത്തയായിരുന്നു

MediaOne Logo

Web Desk

  • Published:

    23 July 2023 9:32 AM GMT

Ambati Rayudu dismisses alleged rift between MS Dhoni and Ravindra Jadeja during IPL 2022 season, Ambati Rayudu dismisses rift between Dhoni and Jadeja, rift between MS Dhoni and Ravindra Jadeja during IPL 2022 season, MS Dhoni, Ravindra Jadeja, IPL 2022 season, Ambati Rayudu
X

ധോണിയും ജഡേജയും ഒരു ഐ.പി.എല്‍ മത്സരത്തിനിടെ

ഹൈദരാബാദ്: രവീന്ദ്ര ജഡേജയുടെ അവസാന ഓവർ ഹീറോയിസത്തിലൂടെയാണ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്തിനെ തകർത്ത് അഞ്ചാം തവണയും ഐ.പി.എൽ കിരീടമുയർത്തിയത്. വെറ്ററൻ താരം മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ടു പന്തുകളിൽ ജയിക്കാൻ പത്ത് റൺസ് വേണ്ട സമയത്ത് സിക്‌സറും ഫോറും പറത്തി ജഡേജ ടീമിന്റെ വിജയനായകനാകുകയായിരുന്നു. എന്നാൽ, 2022 സീസൺ മുതൽ നായകൻ എം.എസ് ധോണിയും ജഡേജയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ ജഡേജയെ നായകനായി പ്രഖ്യാപിച്ചെങ്കിലും ടീമിന്റെ മോശം പ്രകടനത്തോടെ ഇടയ്ക്കുവച്ച് ക്യാപ്റ്റൻസി ധോണി തിരിച്ചെടുത്തിരുന്നു. ഇതിനുശേഷം പരിക്കേൽക്കുക കൂടി ചെയ്തതോടെ ജഡേജ സീസൺ പാതിവഴിയിൽ നാട്ടിലേക്ക് മടങ്ങുകയും സോഷ്യൽ മീഡിയയിൽ സി.എസ്.കെ ബന്ധം നീക്കം ചെയ്യുകയുമുണ്ടായി. ഇത്തവണയും ധോണിയും ജഡേജയും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങളെക്കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരം അംബാട്ടി റായുഡു.

'മഹി ഭായി(ധോണി)യുടെ ഇടപെടലിൽ ജഡ്ഡു(ജഡേജ) ഒരിക്കലും നിരാശവാനായിരുന്നില്ല. ടീമിന്റെ പ്രകടനം മോശമായതായിരുന്നു അദ്ദേഹത്തെ നിരാശപ്പെടുത്തിയത്. ആ വർഷം(2022 സീസണിൽ) ഒരു താരത്തിന്റെ പ്രകടനവും വേണ്ടത്ര മികച്ചതായിരുന്നില്ല'-ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ റായുഡു വെളിപ്പെടുത്തി. സീസണിൽ ആകെ നാലു വിജയവുമായി ഒൻപതാം സ്ഥാനത്തായിരുന്നു ചെന്നൈ.

എന്നാൽ, ഇത്തവണ അതേ ജഡേജ ടീമിന് വിജയം സമ്മാനിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ധോണിയാകുമെന്ന് റായുഡു പറഞ്ഞു. 'അദ്ദേഹമാണ്(ധോണി) ഈ ടീമിനെ ഉണ്ടാക്കിയത്. ജഡ്ഡുവിനെ ഇന്നു കാണുന്ന താരമാക്കിയതും അദ്ദേഹം തന്നെ. പത്തു പന്ത്രണ്ടു വർഷമായി ജഡേജയെ വളർത്തിയെടുക്കുകയായിരുന്നു ധോണി. അതുകൊണ്ട്, അദ്ദേഹം ഉണ്ടാക്കിയെടുത്തൊരാൾ, കഴിഞ്ഞ വർഷത്തെ സംഭവങ്ങൾക്കെല്ലാം ശേഷം ഫൈനലിൽ സി.എസ്.കെയ്ക്ക് കിരീടം സമ്മാനിച്ചതിൽ സ്വാഭാവികമായും സന്തോഷിക്കുന്നത് ധോണിയാകും'-റായുഡു പറഞ്ഞു.

അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷയെന്നും റായുഡു പറഞ്ഞു. സി.എസ്.കെയെ ഒരു കുടുംബമായി നിലനിർത്തുന്നത് അദ്ദേഹമാണ്. കളിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം ധോണി തന്നെ ടീമിനെ നയിക്കണമെന്നും റായുഡു കൂട്ടിച്ചേർത്തു.

Summary: Ambati Rayudu dismisses alleged rift between MS Dhoni and Ravindra Jadeja during IPL 2022 season

TAGS :

Next Story