കോൺവേ-രചിൻ സെഞ്ച്വറി വാഴ്ച; ഇംഗ്ലണ്ടിനെ നിലംപരിശാക്കി കിവികള്‍ പടയോട്ടം തുടങ്ങി
ഡേവൻ കോൺവേയും(152*) രചിൻ രവീന്ദ്രയും(123*) ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് പൊളിക്കാനാകാതെ ഇംഗ്ലീഷ് ബൗളർമാർ തലയില്‍ കൈവയ്ക്കുന്ന കാഴ്ചയായിരുന്നു അഹ്മദാബാദില്‍ കണ്ടത്
അഹ്മദാബാദ്: നിലവിലെ ചാംപ്യന്മാരെ ഒൻപതു വിക്കറ്റിനു നിലംപരിശാക്കി ലോകകപ്പ് പടയോട്ടത്തിനു തുടക്കമിട്ട് കിവികൾ. ഡേവൻ കോൺവേയും(152*) രചിൻ രവീന്ദ്രയും(123*) ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ടിൽ ഇംഗ്ലീഷ് സംഘത്തിന് മറുപടിയേതുമുണ്ടായിരുന്നില്ല. 82 പന്ത് ബാക്കിനിൽക്കെയാണ് ഇരുവരും ചേർന്ന് ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഏകപക്ഷീയമായി മറികടന്നത്.
രണ്ടാം ഓവറിൽ ഓപണർ വിൽ യങ് പുറത്തായ ശേഷം ഒന്നിച്ച ഇടങ്കയ്യൻ സഖ്യം ഇംഗ്ലീഷ് ബൗളർമാർക്കുമേൽ അഴിഞ്ഞാടുന്നതാണ് അഹ്മദാബാദ് സ്റ്റേഡിയത്തിൽ കണ്ടത്. ഇംഗ്ലണ്ട് നാകൻ ജോസ് ബട്ലർ ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് ഒരിക്കലും ആ ഉറച്ച കൂട്ടുകെട്ട് പൊളിക്കാനായില്ല. കഴിഞ്ഞ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽനിന്നു കിരീടം തട്ടിപ്പറിക്കപ്പെട്ട മറക്കാനാകാത്ത അനുഭവത്തിനു കണക്കുതീർക്കുന്ന പോലെയായിരുന്നു ന്യൂസിലൻഡിന്റെ പ്രകടനം.
മാർക് വുഡിന്റെയും ക്രിസ് വോക്സിന്റെയും തീപ്പൊരി പന്തുകളെ യുവതാരം രചിൻ രവീന്ദ്ര ഒട്ടും കൂസലില്ലാതെ നേരിടുന്ന കാഴ്ചയായിരുന്നു അതിമനോഹരം. മറുവശത്ത് കോൺവേ രചിന് മികച്ച പിന്തുണയും നൽകി.
ആദ്യം ആക്രമിച്ചു കളിച്ചതും അർധശതകം തികച്ചതും രചിനായിരുന്നെങ്കിൽ കോൺവേ പതുക്കെ ഗിയർ മാറ്റി. പിന്നീടങ്ങോട്ട് ബാറ്റൺ കോൺവേ ഏറ്റെടുത്തു. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് അതിമനോഹരമായൊരു ബാറ്റിങ് വിരുന്നൊരുക്കി കോൺവേ. തുടക്കക്കാരന്റെ ഒരു പതർച്ചയുമില്ലാതെ ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ട് വിസ്മയിപ്പിച്ചു രചിനും. 121 പന്തിലാണ് കോൺവേ 152 റൺസടിച്ചതെങ്കിൽ രചിൻ 96 പന്ത് മാത്രം നേരിട്ട് 123 റൺസും സ്വന്തമാക്കി ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കി. 19 ബൗണ്ടറിയും മൂന്ന് സിക്സറും കോൺവേയുടെ ഇന്നിങ്സിനു മിഴിവേകി. രചിന്റെ ബാറ്റിങ് ഷോയ്ക്ക് 11 ബൗണ്ടറിയും അഞ്ച് സിക്സറും അകമ്പടിയേകുകയും ചെയ്തു.
നേരത്തെ, അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒഴിഞ്ഞ ഗാലറിക്കുമുൻപിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കിവീസ് നായകൻ ടോം ലാഥമിനെയാണ് ടോസ് ഭാഗ്യം തുണച്ചത്. ഇംഗ്ലീഷ് സംഘത്തെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു ലാഥം. കിവീസ് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ബെയർസ്റ്റോ ഒരുവശത്ത് ആക്രമണമൂഡിലായിരുന്നെങ്കിലും മറുതലയ്ക്കൽ ഡേവിഡ് മലാൻ തപ്പിത്തടഞ്ഞു.
മലാനെ(14) വിക്കറ്റിനു പിന്നിൽ ലാഥമിന്റെ കൈയിലെത്തിച്ച് ഹെൺറിയാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. അധികം വൈകാതെ ബെയർസ്റ്റോയുടെ പോരാട്ടം മിച്ചൽ സാന്റ്നറും അവസാനിപ്പിച്ചു. ഹാരി ബ്രൂക്ക്(25) വെടിക്കെട്ട് ഫോമിലായിരുന്നെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. മോയിൻ അലിയും(11) വന്നവഴി മടങ്ങിയതോടെ ഇംഗ്ലണ്ട് നാലിന് 118 എന്ന നിലയിൽ കൂട്ടത്തകർച്ച മുന്നിൽകാണുകയായിരുന്നു.
പിന്നീട് അഞ്ചാം വിക്കറ്റിൽ ജോ റൂട്ടും ബട്ലറും ചേർന്നാണ് ടീമിനെ കരകയറ്റിയത്. റൂട്ടിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ബട്ലർ ആക്രമിച്ചുകളിച്ചെങ്കിലും അർധസെഞ്ച്വറിക്ക് ഏഴു റൺസകലെ വീണു. ഹെൺറിയാണ് വീണ്ടും കിവികൾക്ക് ബ്രേക് ത്രൂ നൽകിയത്. ഇതിനിടെ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ റൂട്ടിന്റെ പോരാട്ടവും അവസാനിച്ചു. 86 പന്ത് നേരിട്ട് ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 77 റൺസെടുത്ത് ബൗൾഡായാണ് റൂട്ട് മടങ്ങിയത്. ലിയാം ലിവിങ്സ്റ്റൺ(20), സാം കറൻ(14), ക്രിസ് വോക്സ്(11), ആദിൽ റഷീദ്(15), മാർക്ക് വുഡ്(13) എന്നിവരെല്ലാം ചെറിയ സ്കോറുകളുമായി കൂടാരം കയറിയതോടെ ഇംഗ്ലീഷ് ഇന്നിങ്സ് 282 റൺസിൽ അവസാനിച്ചു.
ഹെൺറി പത്ത് ഓവറിൽ 48 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോൾ സാന്റ്നർ 37 റൺസ് മാത്രം നൽകിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഫിലിപ്സിനും ലഭിച്ചു രണ്ടു വിക്കറ്റ്. ട്രെന്റ് ബോൾട്ടും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Summary: England vs New Zealand Live Score, World Cup 2023
Adjust Story Font
16