പടനയിച്ച് രഹാനെ, അർധസെഞ്ച്വറി; ഇന്ത്യയ്ക്ക് ജീവന്മരണ പോരാട്ടം
അർധസെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ(53)യാണ് ഇന്ത്യൻ പ്രതീക്ഷകൾ തോളിലേറ്റി പോരാട്ടം നയിക്കുന്നത്. മറുവശത്ത് പിന്തുണയുമായി ഷർദുൽ താക്കൂറും ക്രീസിലുണ്ട്
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം ദിനം മത്സരം തുടങ്ങി രണ്ടാം പന്തിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ആറിന് 200 എന്ന നിലയിൽ പരുങ്ങലിലാണ് ഇന്ത്യ. അർധസെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ(53)യാണ് ഇന്ത്യൻ ആരാധകരുടെയെല്ലാം പ്രതീക്ഷകൾ തോളിലേറ്റി പോരാട്ടം നയിക്കുന്നത്. മറുവശത്ത് പിന്തുണയുമായി ഷർദുൽ താക്കൂറും(16) ക്രീസിലുണ്ട്.
ആസ്‌ട്രേലിയ ഉയർത്തിയ 469 എന്ന വലിയ സ്‌കോർ മറികടക്കാൻ വലിയ കടമ്പ ബാക്കിനിൽക്കെയാണ് അവശേഷിക്കുന്ന രണ്ട് പ്രോപ്പർ ബാറ്റർമാരുമായി ഇന്ന് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. അജിങ്ക്യ രഹാനെയിലും ശ്രീകാർ ഭരതിലുമായിരുന്നു ടീം ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാൽ, ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം. സ്‌കോട്ട് ബൊലാൻഡിന്റെ വകയായിരുന്നു ആസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ്. മൂന്നാം ദിവസത്തെ രണ്ടാം പന്തിൽ തന്നെ ശ്രീകാർ ഭരതിനെ ക്ലീൻബൗൾഡാക്കി ബൊലാൻഡ്. വെറും അഞ്ച് റൺസെടുത്തായിരുന്നു ഭരതിന്റെ മടക്കം.
എട്ടാമനായി ഇറങ്ങിയ ഷർദുൽ താക്കൂറിലാണ് ഇനി ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. ക്രീസിൽ ഉറച്ചുനിൽക്കുന്ന രഹാനെയ്ക്ക് താക്കൂർ നൽകുന്ന പിന്തുണയ്ക്കനുസരിച്ചിരിക്കും ഇന്ത്യയുടെ പ്രതീക്ഷകൾ. ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് 269 റൺസ് വേണം. താക്കൂറിനുശേഷം വരാനുള്ളതെല്ലാം ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിങ്ങനെ വാലറ്റനിരയാണ്. അതിനാൽ, രഹാനെ-താക്കൂർ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ആയുസിനെ ആശ്രയിച്ചിരിക്കും മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾ.
ആദ്യ ഇന്നിങ്സിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ 469 എന്ന മികച്ച സ്‌കോറാണ് ആസ്ട്രേലിയ ഉയർത്തിയത്. ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ കൗണ്ടർ അറ്റാക്കിങ് ശൈലി സ്വീകരിച്ച് തകർത്തുകളിച്ചു തുടങ്ങിയെങ്കിലും ഒരൊറ്റ വിക്കറ്റ് വീഴാനുള്ള സമയമേ വേണ്ടിവന്നിരുന്നുള്ളൂ, ഓസീസിന്. ഇന്ത്യൻ നായകൻ രോഹിത് ശർമയെ(15) പുറത്താക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തകർച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് മുൻനിര ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പർ താരങ്ങളായ ശുഭ്മൻ ഗിൽ(15), ചേതേശ്വർ പുജാര(14), വിരാട് കോഹ്ലി(14) എന്നിവരെല്ലാം ഒന്നും ചെയ്യാനാകാതെ മടങ്ങിയപ്പോൾ വെടിക്കെട്ട് കൗണ്ടർ അറ്റാക്കുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് പുതുജീവൻ നൽകിയത്. ജഡേജ അർധസെഞ്ച്വറിക്ക് തൊട്ടരികെ(48) വീണതോടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
Summary: IND vs AUS Live Updates, WTC 2023 Final Day 3
Adjust Story Font
16