'സദ്യയുടെ ബാക്കി രാത്രിയും തരാമോ എന്ന് കോഹ്ലി; പറ്റില്ലെന്ന് ഞങ്ങളും'-അനുഭവം പറഞ്ഞ് ഷെഫ് പിള്ള
നമ്മുടെ പാവയ്ക്കയും ചേനയും ചീരയും കാച്ചിലും കുമ്പളങ്ങയുമെല്ലാം കോഹ്ലിക്ക് ഇഷ്ടപ്പെട്ടുവെന്ന് ഷെഫ് പിള്ള
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് തനി നാടൻ കേരള സദ്യ വിളമ്പിയ അനുഭവം പങ്കുവച്ച് പ്രമുഖ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള. 2018ൽ തിരുവനന്തപുരത്ത് ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനത്തിനിടെയായിരുന്നു ഇന്ത്യൻ താരങ്ങൾക്ക് ഭക്ഷണമൊരുക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചത്. ടീമിലെ ഏക വെജിറ്റേറിയനായ കോഹ്ലിക്ക് 24 കൂട്ടുള്ള സദ്യയൊരുക്കിയപ്പോൾ ബാക്കി താരങ്ങൾക്കെല്ലാം വിവിധ മത്സ്യവിഭവങ്ങളാണ് തയാറാക്കിയിരുന്നതെന്ന് സുരേഷ് പിള്ള വെളിപ്പെടുത്തി.
വിരാട് കോഹ്ലി നായകനായ ഇന്ത്യൻ ടീം വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിനായി തിരുവനന്തപുരത്തെത്തിയപ്പോൾ ഞാൻ കോവളം റാവിസിൽ ജോലി ചെയ്യുകയായിരുന്നു. അറബിക്കടലിൽനിന്നും അഷ്ടമുടിക്കായലിൽനിന്നും ഏറ്റവും മികച്ച പുത്തൻ മത്സ്യങ്ങൾ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക തന്നെ ഞങ്ങൾ ഇന്ത്യൻ ടീമിനായി ഒരുക്കി. വെജിറ്റേറിയൻ എന്ന നിലയ്ക്ക്(ഓർമ ശരിയാണെങ്കിൽ സംഘത്തിലെ ഏക വേഗനുമായിരുന്ന) കോഹ്ലിക്ക് അതു കഴിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെയാണ് കേരളത്തിനു നൽകാനാകുന്ന ഏറ്റവും മികച്ച വെജിറ്റേറിയൻ ഭക്ഷണമായ സദ്യ തന്നെ ഒരുക്കാമെന്ന് ഞാൻ പറഞ്ഞത്.-സുരേഷ് പിള്ള പറഞ്ഞു.
''വലിയ കോഹ്ലി ആരാധകനായതിനാൽ അദ്ദേഹം താൽപര്യത്തോടെ ഒന്ന് 'യെസ്' പറഞ്ഞാൽ തന്നെ എന്റെ കാതുകൾക്കത് സംഗീതം പോലെയായിരുന്നു. 24 കൂട്ടുള്ള ഒരു സദ്യ തന്നെ അദ്ദേഹത്തിനു പ്രത്യേകമായി അതിവേഗത്തിൽ നിരന്നു. ഒരാൾക്കുമാത്രം സദ്യ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നിട്ടും ഞങ്ങളത് ചെയ്തു.
കൊള്ളാമോ എന്ന് ഉറപ്പുവരുത്താനായി ഞാൻ തന്നെയാണ് അദ്ദേഹത്തിന്റെ മുറിയിലെത്തി ഭക്ഷണം നിരത്തിയത്. എന്നാൽ, പിന്നീടുണ്ടായത് എന്നെ അമ്പരപ്പിച്ചു. 'ബാക്കിയുള്ള ഭക്ഷണം നിങ്ങൾ എന്താണ് ചെയ്യുക?'-കോഹ്ലി എന്നോട് ചോദിച്ചു. ഒറ്റ നേരത്തേക്കുള്ള ഭക്ഷണമായതിനാൽ ഞങ്ങളത് കളയുമെന്ന് വേദനയോടെ ഞാൻ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടിയും വന്നു:'ബാക്കി എനിക്ക് രാത്രി കഴിക്കാമോ?'
അതിഥികൾക്കു നൽകുന്ന ഭക്ഷണം സൂക്ഷിച്ചുവയ്ക്കരുതെന്ന് ഹോട്ടലിന്റെ കർക്കശമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങൾക്കു നൽകേണ്ട ഭക്ഷണത്തെക്കുറിച്ച് ബി.സി.സി.ഐയുടെയും കർക്കശമായ മാർഗനിർദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ആവശ്യം മാന്യമായി നിരസിക്കേണ്ടിവന്നു. എന്നാൽ, അദ്ദേഹത്തിനു വേണ്ടി തയാറാക്കിയ ഭക്ഷണം കളയരുതെന്ന ഉറച്ച നിലപാടിലായിരുന്നു കോഹ്ലി. ബാക്കി സദ്യ രാത്രി തരാൻ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ഞങ്ങൾക്കു വഴങ്ങേണ്ടിവന്നു.''-ഷെഫ് പിള്ള സോഷ്യൽ മീഡിയ കുറിപ്പിലൂടെ വെളിപ്പെടുത്തി.
അദ്ദേഹത്തെപ്പോലെയൊരു വിജയംവരിച്ചൊരു മനുഷ്യൻ, കളിയുടെ ഉയരങ്ങളിലുള്ളൊരാൾ, ലോകത്തെങ്ങും ആരാധകരാൽ സ്‌നേഹിക്കപ്പെടുന്നൊരാൾ, പണത്തിനു നൽകാനാകുന്നതെല്ലാം താങ്ങാനാകുന്നൊരാൾ.. അദ്ദേഹത്തിന്റെ ബാക്കിവന്ന ഭക്ഷണം വീണ്ടും നൽകാൻ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാൻ നോക്കുന്നു. ഇത് അടച്ചിട്ട മുറിക്കകത്താണെന്ന് ഓർക്കണം, 'കാമറക്കു വേണ്ടിയുള്ള കളി'യല്ലായിരുന്നു. അതാണ് പച്ചയായ വിരാട് കോഹ്ലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വീരതാരങ്ങളെ കാണരുത്, അവർ നിങ്ങളെ നിരാശപ്പെടുത്തിയേക്കാമെന്നു പറയാറുണ്ട്. എന്നാൽ, ഞാനെന്റെ ഹീറോയെ നേരിൽകണ്ടു; എന്റെ സ്‌നേഹം പതിന്മടങ്ങാകുകയാണുണ്ടായത്. അന്നും ഇന്നും എന്നുമൊരു കോഹ്ലി ഫാനാണ് താനെന്നും ഷെഫ് പിള്ള കൂട്ടിച്ചേർത്തു.
കോഹ്ലിക്ക് നിരത്തിയ സദ്യയിലെ കൂട്ടുകറികളും അദ്ദേഹം കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പാവയ്ക്കയും ചേനയും ചീരയും കാച്ചിലും കുമ്പളങ്ങയുമെല്ലാം കോഹ്ലിക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു.
Summary: The famous Kerala Chef Suresh Pillai shares the experience of preparing Kerala Sadya for the Indian star Cricketer Virat Kohli
Adjust Story Font
16