Quantcast

ചരിത്രനേട്ടത്തിനരികെ സഞ്ജു; ഫൈനലിലേക്ക് കുതിക്കാന്‍ ഹർദിക്

  • മഴ ഭീതിക്കിടെയാണ് പ്ലേഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്. മഴ കാരണം മത്സരം ഉപേക്ഷിച്ചാൽ സൂപ്പർ ഓവറിലൂടെ വിജയിയെ തീരുമാനിക്കും

MediaOne Logo

Web Desk

  • Updated:

    2022-05-24 13:38:29.0

Published:

24 May 2022 1:29 PM GMT

ചരിത്രനേട്ടത്തിനരികെ സഞ്ജു; ഫൈനലിലേക്ക് കുതിക്കാന്‍ ഹർദിക്
X

കൊൽക്കത്ത: വിഖ്യാതമായ ഈഡൻ ഗാർഡൻസ് മൈതാനത്ത് ആദ്യ ക്വാളിഫയർ പോരാട്ടം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് നേരിടുന്നത് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ. ഇന്ന് ജയിക്കുന്നവർക്ക് നേരിട്ട് ഫൈനൽ ടിക്കറ്റ് ലഭിക്കും. തോറ്റാൽ ഫൈനൽ കടക്കാൻ ഒരു അവസരം കൂടിയുണ്ടാകും.

മഴ ഭീതിക്കിടെയാണ് പ്ലേഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്. മഴ കാരണം മത്സരം ഉപേക്ഷിച്ചാൽ സൂപ്പർ ഓവറിലൂടെ വിജയിയെ തീരുമാനിക്കും. അതും നടന്നില്ലെങ്കിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ ഭാഗ്യം തുണയ്ക്കും. ഹർദിക്കിനും സംഘത്തിനും നേരിട്ട് ഫൈനൽ യോഗ്യത ലഭിക്കും.

ഐ.പി.എല്ലിൽ കന്നി സീസണാണ് ഗുജറാത്തിന്. സീസൺ ആരംഭിക്കുന്നതിനുമുൻപ് കളി വിദഗ്ധരുടെയെല്ലാം കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ടൂർണമെന്റിലുടനീളം ടൈറ്റൻസിന്റെ തേരോട്ടം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലുമെല്ലാം ഓൾറൗണ്ട് പ്രകടനമാണ് ഗുജറാത്ത് പട കാഴ്ചവച്ചത്. ആകെ 14 മത്സരങ്ങളിൽ പത്തും ജയിച്ച് 20 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീം.

2008ൽ കന്നി ഐ.പി.എൽ സീസണിൽ ജേതാക്കളായ ശേഷം കിരീടം കിട്ടാക്കനിയാണ് രാജസ്ഥാന്. 2018നുശേഷം ഇതാദ്യമായാണ് രാജസ്ഥാൻ പ്ലേഓഫ് കാണുന്നത്. അതിനാൽ തന്നെ ടീമിന് ഒരു കിരീടംകൂടി നേടിക്കൊടുക്കാനുള്ള ചരിത്രദൗത്യവുമായാണ് സഞ്ജു ഇന്ന് ഇറങ്ങുന്നത്. ഇതോടൊപ്പം ദേശീയ കുപ്പായത്തിൽ അർഹിച്ച അവസരം നിഷേധിച്ചവരോട് മികച്ച ഇന്നിങ്‌സും വിജയവുമായി കണക്കുതീർക്കാൻ കൂടിയുള്ള അവസരമാണിത് സഞ്ജുവിന്.

ഗുജറാത്തിനൊപ്പം കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമാണ് ഇത്തവണ രാജസ്ഥാൻ. സഞ്ജുവിന്റെ നായകത്വത്തിൽ അടുത്തൊന്നും കാണാത്ത ഒത്തൊരുമയും വീറും വാശിയുമാണ് ടീമംഗങ്ങൾ ടൂർണമെന്റിലുടനീളം പുറത്തെടുത്തത്. സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവുകൂടി കണ്ട ടൂർണമെന്റിൽ 14 മത്സരങ്ങളിൽ ഒൻപതും ജയിച്ചാണ് രാജസ്ഥാൻ പ്ലേഓഫ് കടന്നത്.

സാധ്യതാ ടീം

ഗുജറാത്ത് ടൈറ്റൻസ്- ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), മാത്യു വെയ്ഡ്, ഹർദിക് പാണ്ഡ്യ(നായകൻ), ഡെവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, യാഷ് ദയാൽ.

രാജസ്ഥാൻ റോയൽസ്-ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ഡു സാംസൺ(നായകൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, ഒബേഡ് മക്കോയ്, യുസ്‌വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ.

Summary: IPL 2022 Qualifier 1: GT vs RR

TAGS :

Next Story