Quantcast

ചെന്നൈയിലെത്തിയ പ്രതീതിയായിരുന്നു; ധോണി ടീമിനെ നയിക്കുന്നത് കാണാന്‍ അതിശയമാണ്- ജൂഹി ചൗള

കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് ഇന്നലെ മഞ്ഞക്കടലിൽ മുങ്ങിപ്പോയത്

MediaOne Logo

Web Desk

  • Updated:

    2023-04-24 11:13:53.0

Published:

24 April 2023 11:06 AM GMT

ധോണിയുടെ ആരാധക പിന്തുണയെക്കുറിച്ച് ജൂഹി ചൗള
X

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻ ഇന്നലെ മഞ്ഞക്കടലായിരുന്നു. കൊൽക്കത്തയുടെ പർപ്പിൾ ജഴ്‌സി മുങ്ങിപ്പോയ മഞ്ഞക്കടൽ ആർത്തിരമ്പിയത് ഒരേയൊരാൾക്കു വേണ്ടിയായിരുന്നു; മഹേന്ദ്ര സിങ് ധോണി. സ്‌റ്റേഡിയത്തെ മഞ്ഞപുതപ്പിച്ച ആരാധകപ്രവാഹത്തിൽ കൊൽക്കത്ത സഹ ഉടമയും ബോളിവുഡ് താരവുമായ ജൂഹി ചൗളയും ആശ്ചര്യം മറച്ചുവച്ചില്ല.

'മത്സരം തുടങ്ങുമ്പോൾ കെ.കെ.ആർ ജയിക്കുമെന്നായിരുന്നു നമ്മളും ആഗ്രഹിച്ചിരുന്നത്. എന്നാൽ, സി.എസ്.കെ വളരെ നന്നായി കളിച്ചു. ധോണി നായകനായി കളിക്കുന്നതും അദ്ദേഹത്തിന്റെ ടീമിന്റെ സന്തുലിതമായ പ്രകടനവുമെല്ലാം കാണുന്നത് അതിശയകരം തന്നെയാണ്. അടുത്ത മത്സരത്തിൽ ഇന്ന് സി.എസ്.കെ ചെയ്തത് ഞങ്ങൾക്കും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.'-ജൂഹി ചൗള വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മനസുതുറന്നു.

പ്രത്യേകം പറയേണ്ട കാര്യം സ്റ്റേഡിയം കണ്ടപ്പോൾ ചെന്നെയിലെത്തിയ പോലെയായിരുന്നു. ഒരുപാടുപേരാണ് മഞ്ഞ ടീ ഷർട്ട് ധരിച്ച് എത്തിയിരുന്നത്. അടുത്ത മത്സരത്തിൽ നോക്കിക്കോളൂ, എല്ലാവരും പർപ്പിൾ ജഴ്‌സി തന്നെയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ആരാധകരുടെ പിന്തുണയ്ക്ക് മത്സരത്തിനുശേഷം നടന്ന അഭിമുഖ പരിപാടിയിൽ ധോണിയും പ്രത്യേകം നന്ദി പറഞ്ഞിരുന്നു. 'ഈ പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ട്. വൻജനമാണ് ഇവിടെയെത്തിയത്. കെ.കെ.ആറിന്റെ അടുത്ത മത്സരത്തിൽ അവരെല്ലാം കൊൽക്കത്തയ്ക്കു പിന്തുണയുമായെത്തും. ഇത്രയും വലിയ പിന്തുണയ്ക്കു നന്ദി. ഏറെ സന്തോഷകരമാണിത്. എനിക്ക് യാത്രയയപ്പ് തരാൻ വന്നതായിരിക്കും അവർ.'-ചിരിച്ചുകൊണ്ട് ധോണി പറഞ്ഞു.

ഈഡനിൽ ആദ്യം ബാറ്റ് ചെയ്ത് 236 എന്ന കൂറ്റൻ വിജയലക്ഷ്യമുയർത്തിയ ചെന്നൈ 49 റൺസിനാണ് കൊൽക്കത്തയെ തകർത്തുകളഞ്ഞത്. ഡേവൻ കോൺവയുടെ അർധസെഞ്ച്വറിക്ക്(56) പുറമെ അജിങ്ക്യ രഹാനെ(29 പ്ന്തിൽ 71), ശിവം ദുബെ(21 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങിൽ ജേസൻ റോയിയും(26 പന്തിൽ 61) റിങ്കു സിങ്ങും(33 പന്തിൽ 53) വമ്പനടികളുമായി അപകടഭീഷണിയുയർത്തിയെങ്കിലും പാതിവഴിയിൽ കൊൽക്കത്ത ഇടറിവീഴുകയായിരുന്നു.

Summary: 'We thought we have reached Chennai'; Juhi Chawla on MS Dhoni's huge fans support at Eden Gardens

TAGS :

Next Story