Quantcast

ഫൈനൽ നിയന്ത്രിക്കാൻ ധർമ്മസേന മതിയെന്ന് വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ

ഐസിസിയുടെ നിർണായക പോരാട്ടങ്ങളിൽ കെറ്റിൽബെറോ അമ്പയറായിരുന്നപ്പോഴെല്ലാം ഇന്ത്യക്ക് നിർഭാഗ്യമായിരുന്നു ഫലം.

MediaOne Logo

Web Desk

  • Updated:

    2021-05-26 07:25:09.0

Published:

26 May 2021 7:16 AM GMT

ഫൈനൽ നിയന്ത്രിക്കാൻ ധർമ്മസേന മതിയെന്ന്  വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ
X

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇംഗ്ലണ്ടിന്റെ റിച്ചാർഡ് കെറ്റിൽബെറോ വേണ്ടെന്നും ശ്രീലങ്കൻ അമ്പയർ ആയ ധർമസേന മതിയെന്നും രസകരമായ മീമിലൂടെ വസീം ജാഫർ ട്വീറ്റ് ചെയ്യുകയായിരുന്നു.

ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ വെച്ച് ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഇതിനായി ജൂൺ രണ്ടിന് ഇന്ത്യൻ സംഘം ഇം​ഗ്ലണ്ടിലെത്തും. ഇതിനിടെയാണ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയറിനായി ട്വിറ്ററിൽ ചർച്ച നടക്കുന്നത്.

വിശദീകരണങ്ങളൊന്നുമില്ലാതെയാണ് ജാഫർ ട്വിറ്ററിൽ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയുന്നത്. കെറ്റിൽബെറോക്ക് നേരെ വേണ്ടെന്ന അർത്ഥത്തിൽ ജാഫർ മുഖം തിരിച്ചു നിക്കുകയും ധർമസേനക്കു നേരെ വിരൽ ചൂണ്ടി നിൽക്കുകയും ചെയ്യുന്ന മീം മാത്രമാണ് താരം ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഓൺഫീൽഡ് അമ്പയറായി ധർമസേന മതിയെന്ന് വസീം ജാഫർ പറയുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

ഐസിസിയുടെ നിർണായക പോരാട്ടങ്ങളിൽ കെറ്റിൽബെറോ അമ്പയറായിരുന്നപ്പോഴെല്ലാം ഇന്ത്യക്ക് നിർഭാഗ്യമായിരുന്നു ഫലം.

2014-ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനൽ, 2015-ൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് സെമിഫൈനൽ, 2017-ൽ പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2019-ലെ ന്യൂസീലന്റിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനൽ എന്നീ നോക്ക്ഔട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോൾ ഓൺഫീൽഡ് അമ്പയറുടെ റോളിൽ കെറ്റിൽബെറോ ആയിരുന്നു. ഈ മാൻഡ്രേക്ക് കണക്കുകൾ തന്നെയാണ് കെറ്റിൽബെറോ ഫൈനൽ നിയന്ത്രിക്കുന്നത് ഇന്ത്യക്ക് നിർഭാഗ്യം കൊണ്ടുവരും എന്ന ജാഫറിന്റെ ട്വീറ്റിന്റെ ഉള്ളടക്കമെന്ന് ആരാധകർ പറയുന്നു.

ധർമ്മസേന അമ്പയർ ആയി വരാൻ ഇന്ത്യക്കാർ ആഗ്രഹിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 2019ലെ ഇം​ഗ്ലണ്ട്-ന്യൂസിലൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പോയ ത്രോയിൽ നാല് ഓവർത്രോ റൺസ് ധർമ്മസേന ഇഗ്ലണ്ടിന് അനുകൂലമായി നൽകിയിരുന്നു. ഇത് ന്യൂസിലന്റിന്റെ പരാജയത്തിൽ നിർണായകമായി. ധർമസേന ഫൈനലിൽ അമ്പയറായി എത്തുകയാണെങ്കിൽ ഈ ഓർമ ന്യൂസീലൻഡിനെ വേട്ടയാടുമെന്നും ജാഫറിന്റെ മീമിൽ നിന്നും ആരാധകർ സൂക്ഷ്മമായി വായിച്ചെടുക്കുന്നു.

TAGS :

Next Story