Quantcast

'ക്യാപ്റ്റന്‍സി ഒഴിഞ്ഞിട്ടും കളി നിയന്ത്രിക്കുന്നത് ധോണി, ഇത് ശരിയായ രീതിയല്ല...'; തുറന്നടിച്ച് ജഡേജ

ധോണിയുടെ കളിക്കളത്തിലെ 'വല്യേട്ടന്‍ കളി'ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളടക്കം രംഗത്തെത്തി.

MediaOne Logo

Web Desk

  • Updated:

    1 April 2022 3:31 PM

Published:

1 April 2022 5:24 AM

ക്യാപ്റ്റന്‍സി ഒഴിഞ്ഞിട്ടും കളി നിയന്ത്രിക്കുന്നത് ധോണി, ഇത് ശരിയായ രീതിയല്ല...; തുറന്നടിച്ച് ജഡേജ
X

ഐ.പി.എല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍കിങ്സ് പരാജയം ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റന്‍സിയിലേക്ക് ആദ്യമായി എത്തിയ രവീന്ദ്ര ജഡേജക്ക് സമ്മര്‍ദ്ദമേറുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ രണ്ടാം മത്സരവും ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ജഡേജക്കും മുകളില്‍ ഫീല്‍ഡില്‍ ധോണി നടത്തുന്ന ഇടപെടലുകള്‍ വ്യപകമായി വിമര്‍ശിക്കപ്പെടുകയാണ്. ധോണിയുടെ കളിക്കളത്തിലെ 'വല്യേട്ടന്‍ കളി'ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയടക്കമുള്ള പ്രമുഖരെത്തി. ലക്‌നൗവിനെതിരായി ഇന്നലെ നടന്ന മത്സരത്തില്‍ ജഡേജയെ കാഴ്ചക്കാരനാക്കി ധോണി ഫീല്‍ഡില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ജഡേജയെ സ്വതന്ത്രമായി വിടാതെ ധോണി ഇടപെടല്‍ നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് മുന്‍ താരങ്ങള്‍ പങ്കുവെക്കുന്നത്.

''അത്രയും പ്രധാനപ്പെട്ട മത്സരമോ, ലീഗിലെ അവസാന മത്സരമോ ഒക്കെ ആണെങ്കില്‍ ധോണിയെപ്പോലെയൊരു അനുഭവസമ്പത്തുള്ള താരം കോള്‍ എടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ ഇതങ്ങനെയല്ല. ഈ സീസണിലെ വെറും രണ്ടാമത്തെ മത്സരം മാത്രമാണിത്. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിലും ഒരു നിരീക്ഷകന്‍ എന്ന നിലയിലും ധോണി ജഡേജയുടെ ക്യാപ്റ്റന്‍സിക്കു മുകളില്‍ കൈകടത്തുന്നതിനോട് തീരെ യോജിക്കാന്‍ പറ്റില്ല...'' ക്രിക്ബസിന് നൽകിയ അഭിമുഖത്തില്‍ ജഡേജ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥിവ് പട്ടേലും ധോണിയുടെ രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഒരാളുടെ കഴിവിനെ മെച്ചപ്പെടുത്തിയെടുക്കണമെങ്കില്‍ അയാളെ സ്വതവന്ത്രമായി സഞ്ചരിക്കാന്‍ വിടണം. അയാളെ സ്വതന്ത്രമായി നയിക്കാന്‍ വിട്ടാല്‍ മാത്രമേ അയാള്‍ക്ക് ക്യാപ്റ്റനാകാന്‍ കഴിയൂ, തെറ്റുകള്‍ പറ്റട്ടെ, തെറ്റുകളില്‍ നിന്നേ പഠിക്കൂ...'. പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

2008-ലെ ഐ.പി.എല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. 12 സീസണുകളിലായി 174 മത്സരങ്ങളില്‍ ധോണി ചൈന്നൈയെ നയിച്ചു. ഇതില്‍ നാലു തവണ ടീമിനെ കിരീട നേട്ടത്തിലെത്തിക്കാനും ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. 2012-ലാണ് രവീന്ദ്ര ജഡേജ ചെന്നൈയില്‍ എത്തുന്നത്. അന്നു തൊട്ടു ടീമിന്റെ വിശ്വസ്ത ഓള്‍റൗണ്ടറാണ് ജഡേജ. ഇതുതന്നെയാണ് ധോണിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ജഡേജയുടെ പേര് ചെന്നൈ ഉയര്‍ത്തിക്കാട്ടിയത്. ചെന്നൈ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ മാത്രം താരം കൂടിയാണ് ജഡേജ. നേരത്തെ ധോണിയുടെ അഭാവത്തില്‍ ഏതാനും മത്സരങ്ങളില്‍ നായകന്റെ തൊപ്പി അണിഞ്ഞിട്ടുള്ള സുരേഷ് റെയ്‌നയാണ് ചെന്നൈയെ നയിച്ചിട്ടുള്ള മറ്റൊരു താരം.

ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ചെന്നൈക്ക് ആറു വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. അവസാന ഓവർവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം മൂന്നുബോൾ ശേഷിക്കെ ലക്‌നൗ മറികടക്കുകയായിരുന്നു. പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്‌നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി. രാഹുൽ 26 ബോളിൽ 40 റൺസും ഡീകോക്ക് 45 ബോളിൽ 61 റൺസും നേടി.

TAGS :

Next Story