കിവി നായകന്‍ കെയ്ൻ വില്യംസന് ആൺകുഞ്ഞ്
കുഞ്ഞിനെ കൈയിൽ പിടിച്ച്, മകൾ മാഗിയെ ചേർത്തുപിടിച്ചിരിക്കുന്ന ഭാര്യ സാറാ റഹീമിന്റെ ചിത്രം പങ്കുവച്ചാണ് കിവീസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൻ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്
വെല്ലിങ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസൻ ആൺകുഞ്ഞിന്റെ അച്ഛനായി. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കൂടിയായ വില്യംസൻ സമൂഹമാധ്യമങ്ങളിലൂടെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
കുഞ്ഞിനെ കൈയിൽ പിടിച്ച്, മകൾ മാഗിയെ ചേർത്തുപിടിച്ചിരിക്കുന്ന ഭാര്യ സാറാ റഹീമിന്റെ ചിത്രവും വില്യംസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കുഞ്ഞുമനുഷ്യാ, കുടുംബത്തിലേക്ക് സ്വാഗതം എന്ന് അടിക്കുറിപ്പായും ചേർത്തിട്ടുണ്ട്.
കിവീസ് നായകന് അഭിനന്ദനവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ജനനത്തിൽ താങ്കൾക്കും കുടുംബത്തിനും നന്മനേരുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു. 'അഭിനന്ദനങ്ങൾ കെയ്ൻ മാമാ' എന്നായിരുന്നു മുൻ ഹൈദരാബാദ് സഹതാരം കൂടിയായ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ പ്രതികരണം. ''മാഷാഅല്ലാഹ്! മുഴുവൻ കുടുംബത്തിനും കൂടുതൽ സന്തോഷവും അനുഗ്രഹവും വർഷിക്കട്ടെ!'' ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ആശംസിച്ചു.
സൺറൈസേഴ്‌സ് ഹൈദരാബാദ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ആശംസ അറിയിച്ചു. സുരേഷ് റൈന, ബ്രെൻഡൻ മക്കല്ലം, ഡെവിഡ് വാർണർ, ജേസൻ ഹോൾഡർ, മൈക്ക് ഹെസ്സൻ തുടങ്ങിയവരെല്ലാം സൂപ്പർ താരത്തിന്റെ സന്തോഷ നിമിഷത്തിൽ പങ്കുചേർന്നു.
ഐ.പി.എല്ലിൽ അവസാന മത്സരത്തിനു മുൻപാണ് വില്യംസൻ ഭാര്യയുടെ പ്രസവത്തിൽ കൂടെനിൽക്കാനായി നാട്ടിലേക്ക് തിരിച്ചത്. വില്യംസന്റെ അഭാവത്തിൽ സീനിയർ താരം ഭുവനേശ്വർ കുമാറായിരുന്നു ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ ടീമിനെ നയിച്ചത്.
Summary: New Zealand captain Kane Williamson blessed with baby boy
Adjust Story Font
16