സഞ്ജുവോ ഡുപ്ലെസിയോ? 'റോയൽ' പോരാട്ടത്തിൽ ആരു കടക്കും ഫൈനലിൽ?
രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം
അഹമ്മദാബാദ്: ഐ.പി.എല്ലിൽ രണ്ടാം ക്വാളിഫയർ പോരാട്ടം ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന റോയൽ പോരാട്ടത്തിൽ ജയിക്കുന്നവർ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റ സഞ്ജു സാംസന്റെ രാജസ്ഥാന് നേരിടാനുള്ളത് എലിമിനേറ്ററിൽ കരുത്തരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുത്തി വരുന്ന ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂരിനെയാണ്.
ആദ്യ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന് പിന്നീട് ഐ.പി.എൽ കിരീടം കിട്ടാക്കനിയാണ്. 2018നുശേഷം ഇതാദ്യമായാണ് രാജസ്ഥാൻ പ്ലേഓഫ് കാണുന്നതു തന്നെ. ഇത്തവണ സഞ്ജുവിന്റെ നേതൃത്വത്തിൽ കൂടുതൽ കരുത്തോടെയും വീറും വാശിയോടെയും ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായണ് രാജസ്ഥാൻ പ്ലേഓഫ് യോഗ്യത നേടുന്നത്. ലീഗ് ഘട്ടത്തിൽ ആകെ 14 മത്സരങ്ങളിൽ ഒൻപതും ജയിച്ച രാജസ്ഥാൻ 18 പോയിന്റുമായി രാജസ്ഥാന്റെ തൊട്ടുപിന്നിലായിരുന്നു പോയിന്റ് പട്ടികയിൽ.
മറുവശത്ത് ഡുപ്ലെസി ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ സീസണിൽ അപ്രതീക്ഷിതമായ മുന്നേറ്റമാണ് ബാംഗ്ലൂർ കാഴ്ചവച്ചത്. ലീഗ് ഘട്ടത്തിൽ 14ൽ എട്ടു മത്സരം ജയിച്ച ടീം പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യതകൾക്കു വെല്ലുവിളിയായി നിന്നിരുന്ന ഡൽഹിയെ തകർത്ത മുംബൈ ഇന്ത്യൻസിന്റെ കാരുണ്യത്തിന്റെ ബലത്തിലാണ് ബാംഗ്ലൂർ അവസാന നാലിൽ ഇടംപിടിച്ചതെങ്കിലും സീസണിലുടനീളം മികച്ച പ്രകടനം തന്നെയാണ് ടീം പുറത്തെടുത്തത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാനാകാത്തതാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും പ്രശ്‌നം. ആദ്യ ക്വാളിഫയറിൽ തന്നെ 189 റൺസ് പ്രതിരോധിക്കാനാകാതെ പോയത് അവരെ അലട്ടുന്നുണ്ട്. ടീം ബൗളിങ്ങിന്റെ കുന്തമുനയായ പ്രസിദ് കൃഷ്ണയ്ക്ക് അവസാന ഓവറിൽ വേണ്ട 16 റൺസ് പ്രതിരോധിക്കാനായിരുന്നില്ല. അതേസമയം, മാറ്റങ്ങളൊന്നുമില്ലാതെയാകും ടീം ഇന്നിറങ്ങുക. ലീഗ് ഘട്ടത്തിൽ ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയം രാജസ്ഥാന് ആത്മവിശ്വാസം നൽകും.
ലക്‌നൗവിനെ വീഴ്ത്തിയെത്തുന്ന റോയൽ ചലഞ്ചേഴ്‌സിനും കിരീടവരൾച്ചയ്ക്ക് ഉത്തരം കണ്ടെത്തണം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാനാകാത്ത പ്രശ്‌നങ്ങൾ ചില മത്സരങ്ങളിലെങ്കിലും ബാംഗ്ലൂരും നേരിടുന്നുണ്ട്. രജത് പട്ടിദാർ കൂടി ഫോമിലെത്തിയ ബാംഗ്ലൂർ ബാറ്റിങ് നിരയിലെ എല്ലാവരും രാജസ്ഥാന് വെല്ലുവിളിയാകും. അവസാന ഓവറുകളിലെ ഹർഷൽ പട്ടേലിന്റെ ബൗളിങ്ങും ബാംഗ്ലൂരിന് മുതൽക്കൂട്ടാണ്.
Summary: Rajasthan Royals vs Royal Challengers Bangalore, IPL 2022, Qualifier 2
Adjust Story Font
16