'വെല്ലുവിളികള്‍ നേരിടാന്‍ ഒരുക്കം; കളിക്കളത്തിൽ നിങ്ങളെയെല്ലാം കാണാന്‍ കാത്തിരിക്കുന്നു'-കാറപകടത്തിനുശേഷം ഋഷഭ് പന്തിന്റെ ആദ്യ പ്രതികരണം
ബി.സി.സി.ഐ, ജയ് ഷാ എന്നിവർക്ക് പ്രത്യേകമായി പന്ത് നന്ദി രേഖപ്പെടുത്തി
മുംബൈ: കാറപകടത്തിനുശേഷം ഇതാദ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ശസ്ത്രക്രിയ വിജയകരമാണെന്ന് താരം വെളിപ്പെടുത്തി. എല്ലാ പിന്തുണയോടും ആശംസകളോടും കടപ്പെട്ടിരിക്കുമെന്നും പന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്-ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.
ബി.സി.സി.ഐ, ബോർഡ് സെക്രട്ടറി ജയ് ഷാ, സർക്കാർ അധികൃതർ എന്നിവരെ പ്രത്യേകം പരാമർശിച്ച് പന്ത് നന്ദി രേഖപ്പെടുത്തി പന്ത് നന്ദി രേഖപ്പെടുത്തി. ആരാധകരുടെയും സഹതാരങ്ങളുടെയും ഡോക്ടർമാരുടെയും ഫിസിയോ ടീമിന്റെയും പ്രോത്സാഹനത്തിനും ആർദ്രമായ വാക്കുകൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും എല്ലാവരെയും കളിക്കളത്തിൽ കണ്ടുമുട്ടാൻ കാത്തിരിക്കുന്നുവെന്നും പന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു താരം. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.
അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.
Summary: 'My surgery was a success, ready for the challenges ahead, Looking forward to see you all on the field', Rishabh Pant opens up for first time after car accident
Adjust Story Font
16