Quantcast

ഇത് വിക്കറ്റിനു പിന്നിലെ ജാക്‌സൻ; ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഷെൽഡൻ-വിഡിയോ

ഭാഗ്യം തുണച്ചെന്ന് റുഥർഫോർഡ് തന്നെ ആശ്വസിച്ചിടത്താണ് ജാക്‌സന്റെ അപ്രതീക്ഷിത ഡൈവ്

MediaOne Logo

Web Desk

  • Published:

    31 March 2022 3:52 AM GMT

ഇത് വിക്കറ്റിനു പിന്നിലെ ജാക്‌സൻ; ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഷെൽഡൻ-വിഡിയോ
X

ഐ.പി.എൽ 15-ാം സീസണിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ നിർണായകമാകാനിടയുള്ള ഒരു ക്യാച്ചിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. 18-ാം ഓവറിലായിരുന്നു കൊൽക്കത്ത വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്‌സൻ ഞെട്ടിപ്പിക്കുന്ന ക്യാച്ചെടുത്തത്.

നേരത്തെ ബാംഗ്ലൂർ ബൗളർമാരുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ കൊൽക്കത്ത 128 എന്ന ചെറിയ ലക്ഷ്യമാണ് ഉയർത്തിയിരുന്നത്. ചെറിയ ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിന് പവർപ്ലേയിൽ തന്നെ കൊൽക്കത്തയും തിരിച്ചടി നൽകി. നായകൻ ഫാഫ് ഡുപ്ലെസി, ഓപണർ അനുജ് റാവത്ത്, സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരെല്ലാം കൂടാരം കയറുമ്പോൾ ബാംഗ്ലൂർ സ്‌കോർ വെറും 17 ആയിരുന്നു.

എന്നാൽ, തുടർന്ന് ഒന്നിച്ച വെസ്റ്റിൻഡീസ് താരം ഷെറാഫൈൻ റുഥർഫോർഡും ഇംഗ്ലീഷ് താരം ഡെവിഡ് വില്ലിയും ചേർന്നാണ് ബാംഗ്ലൂരിനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. മറുവശത്ത് ബാറ്റർമാരെല്ലാം തിരിച്ചുനടന്നപ്പോഴും ഒരറ്റത്ത് നിലഭദ്രമാക്കി ഇന്നിങ്‌സ് പടുക്കുകയായിരുന്നു റുഥർഫോർഡ്. 18-ാം ഓവർ എറിയാൻ സൗത്തി എത്തുമ്പോൾ 24 റൺസായിരുന്നു കൊൽക്കത്തയുടെ വിജയലക്ഷ്യം. മറുവശത്ത് തൊട്ടുമുൻപ് ഇറങ്ങിയ ദിനേശ് കാർത്തിക് ഒഴിച്ചുനിർത്തിയാൽ പിന്നീട് വാലറ്റക്കാരനാണ് ബാറ്റിങ്ങിനിറങ്ങാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിച്ച ബാറ്ററെന്ന നിലയ്ക്ക് റുഥർഫോർഡ് വിക്കറ്റ് കളയാതെ കളിക്കുക വളരെ പ്രധാനമായിരുന്നു.

എന്നാൽ, താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു സൗത്തിയുടെ ഇൻസ്വിങ്ങർ. റുഥർഫോർഡിന്റെ ബാറ്റിന്റെ അറ്റത്ത് തട്ടി ജാക്‌സന്റെ അടുത്തുനിന്ന് വളരെ മാറിയാണ് പന്ത് ബൗണ്ടറിയിലേക്ക് പറന്നത്. ഭാഗ്യം തുണച്ചെന്ന് റുഥർഫോർഡ് തന്നെ ആശ്വസിച്ചിടത്താണ് ജാക്‌സന്റെ അപ്രതീക്ഷിത ഡൈവ്. വലതുവശത്തേക്ക് ചാടി ഒറ്റക്കൈകൊണ്ട് പന്ത് പിടിയിലൊതുക്കിയാണ് ജാക്‌സൻ എല്ലാവരെയും അമ്പരപ്പിച്ചത്. പുറത്താകുമ്പോൾ 40 പന്തിൽ 28 റൺസെടുത്ത് ബാംഗ്ലൂർ ഇന്നിങ്‌സിൽ ടോപ്‌സ്‌കോററായിരുന്നു റുഥർഫോർഡ്.

ഇതേ ഓവറിൽ തന്നെ വനിന്ദു ഹസരങ്കയെയും പുറത്താക്കി സൗത്തി കളി കൊൽക്കത്തയുടെ വരുതിയിലാക്കുമെന്ന് തോന്നിച്ചെങ്കിലും കാർത്തിക്കിന്റെ അവസാന ഓവർ ഫിനിഷിങ്ങിൽ ബാംഗ്ലൂർ സീസണിലെ ആദ്യജയം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയ്‌ക്കെതിരെ മൂന്ന് വിക്കറ്റിനായിരുന്നു ബാംഗ്ലൂർ വിജയം. അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ വിജയ സാധ്യത മാറിമറിഞ്ഞെങ്കിലും അവസാന ചിരി ബാംഗ്ലൂരിന്റേതായി.

ബൗളർമാർ എറിഞ്ഞൊതുക്കിയിട്ടും അനായാസജയമില്ല

ചെറിയ സ്‌കോറിൽ കൊൽക്കത്തയെ പുറത്താക്കിയപ്പോൾ എത്ര ഓവറിൽ കളി ജയിക്കുമെന്ന് മാത്രമായിരുന്നു ബാംഗ്ലൂർ ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ബാംഗ്ലൂരിൻറെ കണക്കൂകൂട്ടൽ അത്ര വേഗം ശരിയാകില്ലെന്ന് കൊൽക്കത്ത തെളിയിച്ചു. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം ഉണ്ടായിരുന്നപ്പോഴായിരുന്നു ബാംഗ്ലൂരിന് ഉമേഷ് യാദവിൻറെ വക ആദ്യ പ്രഹരമേറ്റത്. ഓപ്പണറായ അനുജ് റാവത്ത് പുറത്ത്. ടീം സ്‌കോർ 1/1 . 128 ന് പുറത്തായ കൊൽക്കത്തയെ സംബന്ധിച്ച് ബാംഗ്ലൂരിനെ തുടക്കത്തിലേ പ്രതിരോധിക്കാൻ ലഭിച്ച അവസരം അവർ നന്നായി മുതലെടുത്തു.

രണ്ടാം ഓവറിലെ അവസാന പന്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലസിയെത്തന്നെ മടക്കി വീണ്ടും കൊൽക്കത്ത തിരിച്ചടിയുടെ വ്യക്തമായ സൂചന നൽകി. റാവത്തിനെ ഉമേഷ് യാദവ് മടക്കിയപ്പോൾ ഡുപ്ലെസിയെ ടിം സൗത്തിയാണ് വിക്കറ്റാക്കിയത്. അതേ സ്‌കോറിൽ തന്നെ കോഹ്‌ലിയും വീണതോടെ ബാംഗ്ലൂർ മൂന്നിന് 17 എന്ന നിലയിലേക്ക് തകർന്നു. പിന്നീടെത്തിയ ഡേവിഡ് വില്ലിയും റുഥർഫോഡും ചേർന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

പക്ഷേ പാർട്ണർഷിപ്പ് 45 റൺസ് ചേർക്കുമ്പോഴേക്കും വീണ്ടും കൊൽക്കത്തയുടെ ആക്രമണം. ഡേവിഡ് വില്ലിയുടെ വിക്കറ്റെടുത്ത് നരൈനാണ് കൊൽക്കത്തക്ക് ബ്രേക് ത്രൂ നൽകിയത്. 18 റൺസെടുത്ത് നിൽക്കുമ്പോഴാണ് വില്ലി വീണത്. പിന്നീട് റുഥർഫോഡും ഷഹബാസ് അഹമ്മദും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 49 റൺസിൻറെ കൂട്ടുകെട്ട് ബാംഗ്ലൂരിനായി പടുത്തുയർത്തി. എന്നാൽ ഷഹബാസ് അഹമ്മദിൻറെ വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി കൊൽക്കത്തയെ പിന്നെയും ചിത്രത്തിലെത്തിച്ചു.

അതോടെ കൊൽക്കത്ത പ്രത്യാക്രമണത്തിന് മൂർച്ച കൂട്ടി. പിന്നീട് തുടരെ രണ്ട് വിക്കറ്റുകൾ. ഓവറിൽ ന് ഏഴെന്ന നിലയിലേക്ക് ബാംഗ്ലൂർ കൂപ്പുകുത്തുന്ന കാഴ്ച. പിന്നീട് ദിനേഷ് കാർത്തിക്കും ഹർഷൽ പട്ടേലും അവസാന ഓവറുകളിൽ നടത്തിയ തിരിച്ചടിയാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ഹർഷൽ പട്ടേൽ ആറ് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ദിനേഷ് കാർത്തിക് ഏഴ് പന്തിൽ 14 റൺസുമായി ബാംഗ്ലൂരിൻറെ വിജയശിൽപിയായി.

അതേസമയം ബാറ്റിങിൽ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു കൊൽക്കത്തക്കിന്ന്. 14 റൺസിന് ആദ്യ വിക്കറ്റ് വീണതുമുതൽ തുടങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻറെ ശനിദശ. അഞ്ച് ഓവർ തികയുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണർമാരും പവലിയനിലെത്തി.

പത്ത് റൺസെടുത്ത അയ്യരുടേതായിരുന്നു ആദ്യ ഊഴം. ആകാശ് ദീപയുടെ പന്തിൽ റിട്ടേൺ ക്യാച്ചിലൂടെയായിരുന്നു വെങ്കിടേഷ് അയ്യരുടെ പുറത്താകൽ. സഹ ഓപ്പണർ രഹാനെക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകുമ്പോൾ ടീം സ്‌കോർ വെറും 32 റൺസ്. പത്ത് പന്തിൽ ഒൻപത് റൺസുമായി ആയിരുന്നു രഹാനെയുടെ മടക്കം.

പിന്നെയും തുടരെ വിക്കറ്റുകൾ വീണു. കൊൽക്കത്ത നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഹസരങ്കയും ആകാശ് ദീപയും ഹർഷൽ പട്ടേലും ആഞ്ഞടിച്ചു. ഹസരങ്ക നാല് വിക്കറ്റ് വീഴത്തിയപ്പോൾ ആകാശ് ദീപ മൂന്ന് വിക്കറ്റും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

25 റൺസ് നേടിയ ആന്ദ്രെ റസൽ ആണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തൻ നിരയിൽ ബാറ്റർമാർക്കാർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 13 റൺസെടുത്ത് പുറത്തായപ്പോൾ സാം ബില്ലിങ്‌സ് 14 റൺസോടെ മടങ്ങി. വാലറ്റത്തെ ഉമേഷ് യാദവിൻറെയും വരുൺ ചക്രവർത്തിയുടെയും പ്രകടനമാണ് കൊൽക്കത്തയെ 120 കടത്തിയത്. ഉമേഷ് യാദവ് 14 റൺസെടുത്തപ്പോൾ വരുൺ ചക്രവർത്തി 10 റൺസോടെ പുറത്താകാതെ നിന്നു.

Summary: Sheldon Jackson pulls off one-handed screamer to dismiss RCB's Sherfane Rutherford

TAGS :

Next Story