'സാം കറൻ പറഞ്ഞത് എനിക്കിവിടെ വെളിപ്പെടുത്താന്‍ പറ്റില്ല'; ഗ്രൗണ്ടിലെ വാക്കേറ്റത്തെക്കുറിച്ച് ഹെറ്റ്‌മെയർ
വീറും വാശിയും നിറഞ്ഞ രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തിന്‍റെ അവസാനം സാം കറനും ഹെറ്റ്മെയറും തമ്മിലുള്ള ഏറ്റുമുട്ടലിനുകൂടി സാക്ഷിയായിരുന്നു
ധരംശാല: നിർണായക മത്സരത്തിൽ കിടിലൻ ഫിനിഷിങ്ങുമായി ഒരിക്കൽകൂടി രാജസ്ഥാൻ റോയൽസിന്റെ രക്ഷകനായി ഇന്നലെ വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയർ. പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാനെ ജയത്തിനു തൊട്ടരികിലെത്തിച്ചാണ് ഹെറ്റ്‌മെയർ മടങ്ങിയത്. പഞ്ചാബ് ബൗളർ സാം കറനും ഹെറ്റ്‌മെയറും തമ്മിൽ വാക്കുതർക്കത്തിനും ഏറ്റുമുട്ടലിനും വീറും വാശിയും നിറഞ്ഞ മത്സരം സാക്ഷിയായി.
മത്സരശേഷം ഗ്രൗണ്ടിൽ നടന്നതിനെക്കുറിച്ച് ഹെറ്റ്‌മെയർ പ്രതികരിച്ചു. കറൻ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താമോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: അതെനിക്കിവിടെ പറയാൻ പറ്റില്ല! ആരെങ്കിലും എന്തെങ്കിലുമൊക്കെ എന്നോട് പറയുന്നത് നല്ലതാണെന്നും ഹെറ്റ്‌മെയർ തുടർന്നു. 'ഞാൻ ബാറ്റ് ചെയ്യുമ്പോൾ പലപ്പോഴും അങ്ങനെ നടക്കാറില്ല. (ലക്ഷ്യം) നിറവേറ്റാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയാണ് അതു ചെയ്യുക.'-താരം കൂട്ടിച്ചേർത്തു.
രാജസ്ഥാന് ജയിക്കാൻ 24 പന്തിൽ 39 റൺസ് വേണ്ട സമയത്താണ് രണ്ടാം സ്‌പെൽ എറിയാനായി കറൻ എത്തുന്നത്. സ്‌ട്രൈക്കിൽ മികച്ച ഫോമിലുള്ള ഹെറ്റ്‌മെയറാണുണ്ടായിരുന്നത്. ആദ്യ പന്തിൽ ബൗണ്ടറി നേടി ഹെറ്റ്‌മെയർ ആക്രമണം തുടർന്നെങ്കിലും ബാക്കിയുള്ള അഞ്ച് പന്തിൽ രണ്ട് റൺസ് മാത്രമെടുക്കാനാണ് സാധിച്ചത്. ഇതിനിടെയായിരുന്നു സാം കറനും ഹെറ്റ്മെയറും തമ്മിലുള്ള വാക്ക്‌പോരും മുഖാമുഖം കണ്ണുകൊണ്ടുള്ള ഭീഷണിപ്പെടുത്തലുമെല്ലാം. ഈ സമയത്ത് വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹെറ്റ്‌മെയർ അതിൽ വീണുപോയതുമില്ല.
19-ാം ഓവർ എറിയാൻ വീണ്ടും കറനെത്തി. ഇത്തവണ ബൗണ്ടറികളുമായാണ് ഹെറ്റ്‌മെയർ താരത്തെ വരവേറ്റത്. 17-ാം ഓവറിലെ പ്രകോപനത്തിനു ചുട്ട മറുപടി നൽകി ടീമിനെ ജയത്തിന്റെ തൊട്ടരികിലെത്തിച്ചു. എന്നാൽ, ഇതേ ഓവറിൽ തന്നെ നായകൻ ശിഖർ ധവാന്റെ കൈയിലെത്തിച്ച് ഹെറ്റ്‌മെയറിന്റെ അന്ത്യവും കുറിച്ചു കറൻ. 28 പന്തിൽ മൂന്ന് സിക്‌സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 46 റൺസെടുത്തായിരുന്നു താരത്തിന്റെ മടക്കം. ധ്രുവ് ജുറേലിന്റെ സിക്‌സറിൽ നാലു വിക്കറ്റിന് രാജസ്ഥാൻ ജയം അടിച്ചെടുക്കുകയും ചെയ്തു.
Summary: 'That I can't disclose'; Shimron Hetmyer responds about verbal spat with Punjab Kings' Sam Curran
Adjust Story Font
16