'അടുത്തയാഴ്ച ഇന്ത്യയും നാട്ടിലെത്തും'; പാക് തോൽവിക്കു പിന്നാലെ അക്തർ
പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിൽ നായകൻ ബാബർ അസം മുതൽ ക്രിക്കറ്റ് ബോർഡ് അടക്കമുള്ളവരെല്ലാം ഉത്തരവാദികളാണെന്ന് ശുഐബ് അക്തർ ആഞ്ഞടിച്ചു
കറാച്ചി: സിംബാബ്‌വേയ്‌ക്കെതിരായ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ പാകിസ്താന്റെ ലോകകപ്പ് കിരീടസ്വപ്‌നങ്ങൾ തുലാസിലാണ്. സെമിയിലെത്തണമെങ്കിൽ കണക്കിലെ കളികളെ തന്നെ ബാബറിനും സംഘത്തിനും ആശ്രയം. എന്നാൽ, പാകിസ്താനു പിന്നാലെ ഇന്ത്യയും അധികം വൈകാതെ നാട്ടിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് റാവൽപിണ്ടി എക്‌സ്പ്രസ് ശുഐബ് അക്തർ.
പാകിസ്താന്റെ നിരാശാജനകമായ പ്രകടനത്തിൽ ആഞ്ഞടിച്ച അക്തർ ഇന്ത്യയും കിരീടത്തിൽ കണ്ണുവയ്‌ക്കേണ്ടെന്നാണ് പറയുന്നത്. അടുത്തയാഴ്ച തന്നെ ഇന്ത്യയ്ക്കും നാട്ടിലേക്കു മടങ്ങേണ്ടിവരും. സെമിയിൽ ഇന്ത്യ തോറ്റ് പുറത്താകുമെന്നാണ് മുൻ പാക് താരത്തിന്റെ പ്രവചനം.
''ശരിക്കും നിരാശപ്പെടുത്തുന്നതാണ്. ഈയാഴ്ച തന്നെ പാകിസ്താൻ നാട്ടിൽ തിരിച്ചെത്തുമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ, അടുത്തയാഴ്ച സെമി ഫൈനലിനുശേഷം ഇന്ത്യയും നാട്ടിലേക്കു മടങ്ങും. അത്രയും മികച്ച ടീമൊന്നുമല്ല അവർ.''-സ്വന്തം യൂട്യൂബ് ചാനലിൽ അക്തർ അഭിപ്രായപ്പെട്ടു.
ടീമിന്റെ മോശം പ്രകടനത്തിൽ നായകൻ ബാബർ അസം മുതൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പി.സി.ബി) അടക്കമുള്ളവരെല്ലാം ഉത്തരവാദികളാണെന്നും ശുഐബ് അക്തർ ചൂണ്ടിക്കാട്ടി. വേണ്ടത്ര യോഗ്യതയില്ലാത്ത താരങ്ങളെയാണ് സെലക്ടർമാർ ലോകകപ്പിന് അയച്ചിരിക്കുന്നത്. നല്ല താരങ്ങളെ അയക്കുന്നില്ല. സെലക്ടർമാരാണ് എല്ലാം നശിപ്പിച്ചതെന്നും അക്തർ ആഞ്ഞടിച്ചു.
ത്രില്ലർ പോരാട്ടത്തിൽ അവസാന പന്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ശേഷമാണ് താരതമ്യേനെ ദുർബലരായ സിംബാബ്‌വേയോട് പാക് പട പരാജയപ്പെട്ടത്. അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ഒരു റണ്ണിനായിരുന്നു സിംബാബ്‌വേയുടെ വിജയം. ഗ്രൂപ്പിൽ ഇന്ത്യയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമുണ്ട്.
Summary: "India will be back home next week": says Shoaib Akhtar after Pakistan's defeat to Zimbabwe in T20 World Cup 2022
Adjust Story Font
16