'ടീമിൽ എടുക്കാത്തതും പോരാ; ജഴ്‌സി ഊരിവാങ്ങി സൂര്യയ്ക്ക് കൊടുത്തിരിക്കുന്നു'
ഏകദിനത്തിൽ മോശം ട്രാക്ക് റെക്കോർഡുള്ള സൂര്യകുമാർ യാദവിനാണ് മികച്ച ശരാശരിയുള്ള സഞ്ജുവിനു പകരം ടീമിൽ ഇടംലഭിച്ചത്
സഞ്ജുവിന്‍റെ ജഴ്സിയില്‍ ഗ്രൗണ്ടിലിറങ്ങിയ സൂര്യകുമാര്‍ യാദവ്
ബ്രിഡ്ജ്ടൗൺ: സഞ്ജു സാംസണിനെ ടീമിലെടുത്തില്ലെങ്കിൽ ട്വിറ്റർ ഇളകുമെന്ന് തുറന്നുസമ്മതിച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ചേതൻ ശർമയാണ്. പതിവുപോലെ ഇതാ സഞ്ജു ഒരിക്കൽകൂടി ട്വിറ്റർ ട്രെൻഡിങ്ങിൽ കത്തുകയാണ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇലവനിൽനിന്നു താരം പുറത്തായതാണ് പുതിയ പ്രകോപനം.
എന്നാൽ, മത്സരം ആരംഭിച്ച് മിനിറ്റുകൾക്കകം സഞ്ജുവിന്റെ ജഴ്‌സി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഞ്ജുവിന് അന്തിമ ഇലവനിൽ ഇടംലഭിച്ചില്ലെങ്കിലും താരത്തിന്റെ ജഴ്‌സി ധരിച്ച് മറ്റൊരു താരം ഗ്രൗണ്ടിലുണ്ട്; സാക്ഷാൽ സൂര്യകുമാർ യാദവ്. മലയാളി താരത്തിനു പകരം ടീമിൽ ഇടംലഭിച്ചയാളാണ് സൂര്യയെന്നത് യാദൃച്ഛകതയുമായി. താരത്തിന്റെ പേരെഴുതിയ ഭാഗം മറയ്ക്കുക പോലും ചെയ്യാതെയാണ് സൂര്യ കളത്തിലിറങ്ങിയത്.
ഏതായാലും സഞ്ജുവിനെ പുറത്തിരുത്തി സൂര്യകുമാർ യാദവിനെ കളിപ്പിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ ചോദ്യംചെയ്യുകയാണ് ആരാധകർ. ടീമിൽ എടുക്കാത്തതും പോരാ, ജഴ്‌സി ഊരിവാങ്ങിയിരിക്കുകയാണെന്ന് ആരാധകർ പറയുന്നു. ഏകദിനത്തിൽ മോശം നിലവാരം കാഴ്ചവച്ചിട്ടുള്ള സൂര്യയെ മികച്ച ഏകദിന ശരാശരിയുള്ള സഞ്ജുവിനു പകരം എന്ത് അടിസ്ഥാനത്തിലാണ് കളിപ്പിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വിക്കറ്റ് കീപ്പറായി ടീമിൽ ഇടംലഭിച്ച ഇഷൻ കിഷനെക്കാളും എന്തുകൊണ്ടും ആ സ്ഥാനത്തിന് അർഹൻ സഞ്ജുവാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിൽ നടക്കുന്ന മത്സരത്തിൽ 10 ഓവർ പിന്നിടുമ്പോൾ വെസ്റ്റിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 52 എന്ന നിലയിലാണ്. കളിയിലെ മൂന്നാം ഓവറിൽ തന്നെ ഹർദിക് പാണ്ഡയ കൈൽ മയേഴ്‌സിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിലെത്തിച്ചപ്പോൾ അലിക്ക് അഥനേസിനെ രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ച് അരങ്ങേറ്റക്കാരൻ മുകേഷ് കുമാറും കന്നി ഏകദിന വിക്കറ്റ് നേടി. ബ്രാൻഡൻ കിങ്ങിന്റെ വിക്കറ്റ് പിഴുത് ഷർദുൽ താക്കൂർ ആണ് മൂന്നാമത്തെ വിക്കറ്റെടുത്തത്.
ഇന്ത്യൻ ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ് ഇലവൻ: ഷായ് ഹോപ്പ്(ക്യാപ്റ്റൻ), കൈൽ മയേഴ്സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്മെയർ, റൊവ്മൻ പവൽ, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്സ്, ജെയ്ഡൻ സീൽസ്, ഗുഡകേഷ് മോട്ടി.
Summary: Suryakumar Yadav Spotted Wearing Sanju Samson’s Jersey During IND vs WI 1st ODI 2023
Adjust Story Font
16