ആറ് ഓവർ; 15 റൺസിന് ഓൾഔട്ട്! ആസ്‌ട്രേലിയയിൽ ഒരു സിഡ്‌നി ദുരന്തം
സിഡ്‌നി ഇന്നിങ്‌സിൽ ഒരൊറ്റയാൾക്കുപോലും രണ്ടക്കം കടക്കാനായില്ല. ഡക്കിനു പുറത്തായത് അഞ്ചുപേർ!
സിഡ്നി: ആസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ വമ്പൻ നാണക്കേട്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായി സിഡ്‌നി തണ്ടർ. ജേസൻ സങ്ഗ നയിക്കുന്ന സിഡ്നി 5.5 ഓവറിൽ വെറും 15 റൺസിനാണ് അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു മുന്നിൽ തകർന്നടിഞ്ഞത്.
സിഡ്‌നി ഷോഗ്രൗണ്ട് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പീറ്റർ സിഡിൽ നയിക്കുന്ന അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 140 റൺസ് വിജയലക്ഷ്യമാണ് സിഡ്‌നിക്ക് മുൻപിൽ ഉയർത്തിയത്. സിഡ്‌നിയുടെ അഫ്ഗാനിസ്താൻ പേസർ ഫസൽഹഖ് ഫാറൂഖി(20ന് മൂന്ന് വിക്കറ്റ്), ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ്(23ന് രണ്ട്) അടക്കമുള്ളവരുടെ ബൗളിങ് കരുത്തില്‍ അഡലെയ്ഡിനെ സിഡ്‌നി ചുരുക്കിക്കെട്ടുകയായിരുന്നു. 36 റൺസെടുത്ത ക്രിസ് ലിന്നും ന്യൂസിലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമുമാണ് ടീമിനെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ വൻ ദുരന്തമായിരുന്നു സിഡ്‌നിയെ കാത്തിരുന്നത്. ആദ്യ ഓവറിൽ സിഡ്‌നി ഓപണർ മാത്യു ഗിൽക്‌സിനെ പുറത്താക്കി മാത്യു ഷോർട്ട് ആയിരുന്നു ദുരന്തത്തിനു തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ചീട്ടുകൊട്ടാരം കണക്കെ വിക്കറ്റുകൾ ഓരോന്നായി തകർന്നടിയുന്ന അതിദയനീയക്കാഴ്ചയ്ക്കാണ് സിഡ്‌നി ഷോ ഗ്രൗണ്ട് സാക്ഷിയായത്. ഓരോ ഓവറിലും വിക്കറ്റുകൾ തുരുതുരാ കൊഴിഞ്ഞുകൊണ്ടിരുന്നു. അഞ്ച് ഓവറും അഞ്ചു പന്തും എറിഞ്ഞുതീരുമ്പോൾ എല്ലാം ശുഭം!
സിഡ്‌നി ഇന്നിങ്‌സിൽ ഒരൊറ്റയാൾക്കുപോലും രണ്ടക്കം കടക്കാനായില്ല. ഡക്കിനു പുറത്തായത് അഞ്ചുപേർ. ഓസീസ് യുവ പേസർ ഹെന്റി തോന്റൺ ആണ് സിഡ്‌നിയുടെ അന്തകനായത്. രണ്ട് ഓവറും അഞ്ചു പന്തും എറിഞ്ഞ് വെറും മൂന്ന് റൺ നൽകി താരം അഞ്ചു വിക്കറ്റാണ് കൊയ്തത്. വെസ് അഗാർ രണ്ട് ഓവറിൽ ആറ് രണ്ട് വിട്ടുകൊടുത്ത് നാല് വിക്കറ്റും പിഴുതു. മാത്യു ഷോർട്ടിന് ഒരു വിക്കറ്റും ലഭിച്ചു.
ആദ്യ ഓവറിൽ മാത്യൂ ഗിൽകസ്(പൂജ്യം), രണ്ടിൽ റിലി റൂസോ(മൂന്ന്), ജേസൻ സാങ്ഗ(പൂജ്യം), മൂന്നിൽ അലെക്‌സ് ഹെയിൽസ്(പൂജ്യം), ഡാനിയൽ സാംസ്(ഒന്ന്), നാലിൽ അലെക്‌സ് റോസ്(രണ്ട്), അഞ്ചിൽ ക്രിസ് ഗ്രീൻ(പൂജ്യം), ഗുരിന്ദർ സന്ധു(പൂജ്യം), ആറിൽ ഒലിവർ ഡേവിസ്(ഒന്ന്), ബ്രെൻഡൻ ഡൊഗെറ്റ്(നാല്) എന്നിങ്ങനെയായിരുന്നു ആ 'റെക്കോർഡ്' സ്‌കോർബോർഡ്.
Summary: Sydney Thunder recorded the lowest score in T20 cricket history at the Sydney Showground Stadium, as the side led by Jason Sangha bowled out for 15 in 5.5 overs by Adelaide Strikers in Big Bash League (BBL)
Adjust Story Font
16