Quantcast

ഒന്‍പതില്‍ വീണ് വീണ്ടും പന്ത്, രാഹുലിനും രക്ഷിക്കാനായില്ല; ഓസീസ് യുവനിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

ആദ്യ സന്നാഹത്തിൽ ഇന്ത്യ വെസ്‌റ്റേൺ ആസ്‌ട്രേലിയയെ 13 റൺസിന് തകർത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-13 11:55:45.0

Published:

13 Oct 2022 10:29 AM GMT

ഒന്‍പതില്‍ വീണ് വീണ്ടും പന്ത്, രാഹുലിനും രക്ഷിക്കാനായില്ല; ഓസീസ് യുവനിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ
X

സിഡ്‌നി: ലോകകപ്പിന് തൊട്ടുമുൻപ് ഇന്ത്യൻ ടീമിനെ ഞെട്ടിച്ച് ആസ്‌ട്രേലിയൻ യുവനിര. വെസ്റ്റേൺ ആസ്‌ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ വൻതോൽവി. വെസ്‌റ്റേൺ ആസ്‌ട്രേലിയ ഉയർത്തിയ 168 എന്ന വിജയലക്ഷ്യത്തിലെത്താൻ കരുത്തന്മാരുടെ ഇന്ത്യൻനിരയ്ക്കായില്ല.

ആദ്യ സന്നാഹത്തിൽ ഇന്ത്യ വെസ്‌റ്റേൺ ആസ്‌ട്രേലിയയെ 13 റൺസിന് തകർത്തിരുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ എന്നിവർക്കെല്ലാം ഇന്ത്യ ഇന്ന് വിശ്രമം അനുവദിച്ചു. രോഹിതിന്റെ അഭാവത്തിൽ കെ.എൽ രാഹുലാണ് ടീമിനെ നയിച്ചത്. ആദ്യ മത്സരത്തിനു സമീനമായി ഋഷഭ് പന്തിനെ ഓപണിങ്ങിൽ ഇറക്കി നടത്തിയ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ഒരിക്കൽകൂടി രണ്ടക്കം കാണാനാകാതെ ഒരേ റൺസിൽ(ഒൻപത്) താരം പുറത്തായി. അർധസെഞ്ച്വറിയുമായുള്ള രാഹുലിന്റെ ഒറ്റയാൾ പോരാട്ടം വിഫലമാകുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ആസ്‌ട്രേലിയയ്ക്ക് ഡാർസി ഷോർട്ടും നിക്ക് ഹോബ്‌സണും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. തുടക്കത്തിൽ തന്നെ ഓപണർ ജോഷ് ഫിലിപ്പെയെ ആതിഥേയർക്ക് നഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറുകയായിരുന്നു ഷോർട്ട്-ഹോബ്‌സൺ സഖ്യം. ഇരുവരും അർധസെഞ്ച്വറികളുമായി ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കുമെന്നു തോന്നിച്ചെങ്കിലും കൂട്ടുകെട്ട് അധികം നീണ്ടില്ല.

റൺഔട്ടിലൂടെ ഹർഷൽ പട്ടേലാണ് ഇന്ത്യയ്ക്ക് ആശ്വാസ ബ്രേക്ത്രൂ നൽകിയത്. ഡാർസി ഷോർട്ട് 38 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 52 റൺസെടുത്ത് പുറത്തായി. അധികം വൈകാതെ നിക്ക് ഹോബ്‌സണിനെ ഹർഷൽ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ചു. 41 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 64 റൺസെടുത്താണ് ഹോബ്‌സൺ മടങ്ങിയത്.

ഹോബ്‌സണും ഷോർട്ടും നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ പിന്നീടെത്തിയ ആർക്കുമായില്ല. വാലറ്റക്കാരനായ മാത്യു കെല്ലി(15) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഹർഷൽ പട്ടേൽ നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഓപണിങ്ങിൽ പന്ത് താളം കണ്ടെത്താൻ വിഷമിക്കുന്നത് ഒരിക്കൽകൂടി കണ്ടു. തുടക്കത്തിൽ പന്തും(ഒൻപതും) ദീപക് ഹൂഡ(ആറ്)യും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. നാലാമനായെത്തിയ ഹർദിക് പാണ്ഡ്യയുമായി ചേർന്ന് രാഹുൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അതും അധികം നീണ്ടുനിന്നില്ല. പാണ്ഡ്യ ഹാമിഷ് മക്കെൻസിയുടെ പന്തിൽ സാം ഫാനിങ്ങിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇന്ത്യ മൂന്നിന് 58 എന്ന നിലയിലായിരുന്നു. ഒൻപത് പന്തിൽ 17 റൺസ് നേടിയാണ് പാണ്ഡ്യ പുറത്തായത്.

രാഹുൽ അർധസെഞ്ച്വറിയുമായി ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ ഓരോന്ന് വീണുകൊണ്ടിരുന്നു. അക്‌സർ പട്ടേൽ(രണ്ട്), ദിനേശ് കാർത്തിക്(10), ഹർഷൽ പട്ടേൽ(രണ്ട്), ഭുവനേശ്വർ കുമാർ(പൂജ്യം) എന്നിവർ യുവ ഓസീസ് ബൗളർമാർക്കു മുന്നിൽ ഒന്നം ചെയ്യാനാകാതെ മടങ്ങി. 20 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ ഇന്ത്യൻ സംഘത്തിനായുള്ളൂ. 55 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 74 റൺസുമായി രാഹുലും രണ്ട് റൺസുമായി അശ്വിനും പുറത്താകാതെ നിന്നു.

ഓസീസ് ബൗളർമാരിൽ നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ലാൻസ് മോറിസ് തിളങ്ങി. മാത്യു കെല്ലിയും ഹാമിഷ് മക്കെൻസിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജേസൺ ബേറൻഡോഫിനും ആൻഡ്ര്യു ടൈക്കും ഒരു വിക്കറ്റും ലഭിച്ചു.

Summary: KL Rahul's valiant half-century in vain as India fall 36 runs short in 169-run chase against Western Australia XI in T20 World Cup 2022 warm up match

TAGS :

Next Story