ജയ്‌സ്വാൾ പൂരം, റെക്കോർഡ് പൊടിപൂരം
14 പന്തിൽ അർധസെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെ റെക്കോർഡാണ് ഇന്ന് യശസ്വി ജയ്‌സ്വാൾ തിരുത്തിക്കുറിച്ചത്
കൊൽക്കത്ത: ഈഡൻ ഗാർഡനിലെ സ്വന്തം തട്ടകത്തിൽ കൊൽക്കത്തയ്ക്ക് ഇന്ന് തൊട്ടതെല്ലാം പിഴച്ച ദിനമാണെങ്കിൽ യശസ്വി ജയ്‌സ്വാശിന് തൊട്ടതെല്ലാം ബൗണ്ടറി കടന്ന ദിനമായിരുന്നു ഇന്ന്. ശരിക്കും ജയ്‌സ്വാളിന്റെ ദിനമെന്നു തന്നെ പറയാം. കൊൽക്കത്തയുടെ ബൗളിങ് നിര പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ജയ്‌സ്വാളിന്റെ തേരോട്ടം തടഞ്ഞുനിർത്താനായില്ല. ചേസിങ്ങിൽ മൂന്നാം ഓവറിൽ തന്നെ അതിവേഗ ഐ.പി.എൽ അർധസെഞ്ച്വറി രാജസ്ഥാന്റെ യുവതാരം സ്വന്തം പേരിലാക്കിയത് അങ്ങനെയാണ്, വെറും 13 പന്തിൽ!
14 പന്തിൽ അർധസെഞ്ച്വറി കുറിച്ച കെ.എൽ രാഹുലായിരുന്നു ഇതുവരെ അതിവേഗ ഫിഫ്റ്റിക്കാരൻ. അതിന്ന് ജയ്‌സ്വാൾ പഴങ്കഥയാക്കി. ഒരുവേള ടി20യിൽ ഇന്ത്യക്കാരന്റെ അതിവേഗ അർധശതകമെന്ന യുവരാജ് സിങ്ങിന്റെ റെക്കോർഡ്(12 പന്തിൽ) പോലും സ്വന്തം പേരിലാക്കുമെന്ന് തോന്നിച്ചിരുന്നു യുവതാരം. 575 റൺസുമായി സീസണിലെ റൺവേട്ടക്കാരിലും ഒന്നാമനായിരിക്കും ജയ്‌സ്വാൾ.
ജയ്‌സ്വാളിന് അർഹിച്ച സെഞ്ച്വറി നേടാൻ പോലും കൊൽക്കത്ത ഉയർത്തിയ ലക്ഷ്യം മതിയായിരുന്നില്ല. 47 പന്തിൽ 98 റൺസുമായാണ് ജയ്‌സ്വാൾ പുറത്താകാതെ നിന്നത്. അഞ്ച് സിക്‌സറും 12 ഫോറും ഇന്നിങ്‌സിനു കൊഴുപ്പേകി
ജയ്‌സ്വാൾ പൂരം, പൊടിപൂരം
മറുപടി ബാറ്റിങ്ങിന്റെ തുടക്കം തന്നെ വരാൻ പോകുന്നതിന്റെ മുന്നറിയിപ്പായിരുന്നു. ബൗളിങ് ഓപൺ ചെയ്യാനുള്ള തീരുമാനത്തിൽ ഖേദിക്കുകയാകും മത്സരത്തിലുടനീളം കൊൽക്കത്ത നായകൻ നിതീഷ് റാണ. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലേക്ക് പറത്തി ജയ്‌സ്വാൾ വെടിക്കെട്ടിനു തുടക്കമിട്ടു. 80 മീറ്റർ സിക്‌സർ. അടുത്ത പന്തും ഗാലറിയിലേക്ക്. ഇത്തവണ 69 മീറ്റർ. അടുത്ത പന്തിൽ റാണ താളം മാറ്റിപ്പിടിക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായിരുന്നില്ല, നേരെ ബൗണ്ടറിയിലേക്ക്. നാലാം പന്തും ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തിൽ രണ്ട്. അവസാന പന്തും ബൗണ്ടറി കടത്തി ഓവറിൽ ജയ്‌സ്വാൾ ഒറ്റയ്ക്ക് അടിച്ചെടുത്തത് 26 റൺസ്! ഐ.പി.എല്ലിൽ ആദ്യ ഓവറിലെ ഏറ്റവും ഉയർന്ന സ്‌കോർ.
തൊട്ടടുത്ത ഓവറിൽ അനാവശ്യമായൊരു റണ്ണിനുള്ള ശ്രമത്തിൽ സൂപ്പർ താരം ബട്‌ലർ പുറത്ത്. രണ്ടാം ഇന്നിങ്‌സിൽ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ ലഭിച്ച ഒരേയൊരു അവസരമായിരുന്നു അത്. ഗാലറിയിൽനിന്ന് ഉയർന്ന ആരവം അവിടംകൊണ്ട് അതു തീരുകയും ചെയ്തു.
മൂന്നാം ഓവർ എറിഞ്ഞ ഷർദുൽ താക്കൂറിനായിരുന്നു ജയ്‌സ്വാളിന്റെ അടുത്ത മർദനം ഏറ്റുവാങ്ങാനുള്ള വിധി. താക്കൂറിനെ തുടരെ മൂന്ന് ബൗണ്ടറി പറത്തി സിംഗിളുമെടുത്ത് ഐ.പി.എല്ലിലെ അതിവേഗ അർധശതകം സ്വന്തം പേരിലാക്കി താരം. വെറും 13 പന്തെടുത്തായിരുന്നു റെക്കോർഡ് കുറിച്ചത്.
മറുവശത്ത് നായകൻ സഞ്ജു സാംസനു പതിഞ്ഞ തുടക്കമായിരുന്നു. എന്നാൽ, വരുൺ ചക്രവർത്തിയുടെ ഓവർ സഞ്ജുവിന്റെ ചങ്ങലയും പൊട്ടിച്ചു. ചക്രവർത്തിയുടെ ഓവറിൽ സിക്‌സറും ഫോറും പറത്തിത്തുടങ്ങിയ സഞ്ജു സ്വന്തം ബാറ്റിങ്ങിന്റെ ഗിയർ കൂടി മാറ്റിയതോടെ കൊൽക്കത്ത ബൗളർമാർ തലയിൽ കൈ വയ്ക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. അനുകുൽ റോയിയെ ഒരോവറിൽ മൂന്ന് സിക്‌സർ പറത്തി സഞ്ജു അതിവേഗം ഇന്നിങ്‌സ് തീർക്കാൻ നോക്കി. ഒടുവിൽ 14-ാം ഓവറിൽ ബൗണ്ടറി പറത്തി ജയ്‌സ്വാൾ തന്നെ ടീമിന്റെ വിജയറണ്ണും കുറിച്ചു.
Summary: Rajasthan Royals' Yashasvi Jaiswal slams fastest half-century in IPL history in 13 balls
Adjust Story Font
16