Quantcast

നടിയെ ആക്രമിച്ച കേസ്: സായ് ശങ്കറിനെ ചോദ്യംചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ്

ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ വ്യാഴാഴ്ച രാത്രിയാണ് പൊലീസിൽ കീഴടങ്ങിയത്

MediaOne Logo

Web Desk

  • Published:

    9 April 2022 5:34 AM GMT

നടിയെ ആക്രമിച്ച കേസ്: സായ് ശങ്കറിനെ ചോദ്യംചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സായ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ പൊലീസിൽ കീഴടങ്ങിയ ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു.

ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ വ്യാഴാഴ്ച രാത്രിയാണ് പൊലീസിൽ കീഴടങ്ങിയത്. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് രേഖകൾ നീക്കിയതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

നിർണായക ശബ്ദരേഖകൾ പുറത്ത്; ദിലീപിന് കുരുക്ക് മുറുകുന്നു

കേസിൽ ദിലീപിന് കുരുക്ക് മുറുകുന്ന തരത്തിലുള്ള കൂടുതൽ നിർണായക തെളിവുകളടങ്ങിയ ശബ്ദരേഖ പുറത്തായിരിക്കുകയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ എട്ടാംപ്രതിയായ ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ സുജേഷ് മേനോനുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ദൃശ്യങ്ങൾ ദിലീപ് പലതവണ കണ്ടുവെന്ന് പറയുന്നത്.

മൂന്ന് ശബ്ദരേഖകളാണ് നിർണായക തെൽവുകളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടരന്വേഷണം മൂന്നു മാസംകൂടി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയുള്ളത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള ഫോൺസംഭാഷണം സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽനിന്നാണ് വിളിച്ചിട്ടുള്ളത്. ഫോണിൽ സംസാരിക്കുന്നത് ദിലീപാണെന്ന് വ്യക്തമാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

സുജേഷ് മേനോനും ദിലീപും തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങൾ ദിലീപ് അഭിഭാഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ മെമ്മറി കാർഡുണ്ടെന്നതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഈ സംഭാഷണം കോടതിയിൽ സമർപ്പിച്ചത്. അഭിഭാഷകനോട് ദിലീപ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ സംസാരിക്കുന്നുണ്ട്. ദിലീപിന്റെ കൈവശം എങ്ങനെ മെമ്മറി കാർഡ് എത്തിയെന്ന് ചോദിച്ച പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കേസിൽ നിർണായകമാണെന്നും വാദിക്കുന്നു.

സഹോദരി ഭർത്താവ് സുരാജ് ആലുവയിലെ ആശുപത്രിയിലുള്ള ഡോ. ഹൈദരലിയുമായി സംസാരിക്കുന്ന സംഭാഷണമാണ് അന്വേഷണസംഘം സമർപ്പിച്ച മറ്റൊരു ശബ്ദരേഖ. കേസിൽ ആദ്യം പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഹൈദരലി പിന്നീട് കൂറുമാറുകയായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതിനുശേഷമാണ് കൂറുമാറിയതെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷൻ ഈ ശബ്ദരേഖ ഹാജരാക്കിയത്. നടിയെ ആക്രമിക്കുമ്പോൾ ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന രീതിയിലുള്ള മൊഴി നൽകണമെന്നാണ് ഈ സംഭാഷണത്തിൽ പറയുന്നത്.

ദിലീപിന്റെ സുഹൃത്ത് ശരത്തും സുരാജും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്ന മറ്റൊരു ശബ്ദരേഖ. സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ചതാണ് ഇത്. കാവ്യ കൂട്ടുകാരിക്ക് കൊടുത്ത പണിയാണിത്, കാവ്യയ്ക്കു വേണ്ടിയിട്ടാണ് ദിലീപ് ഈ കുറ്റം ഏറ്റെടുത്തതെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്.

Summary: Sai Shankar to be questioned by Crime Branch in Actress assault case

TAGS :

Next Story