യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; വേനലവധിക്കു ശേഷം പരിഗണിക്കും
കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചിടത്തുവച്ച് യുവനടിയെ വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും ചലച്ചിത്ര നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഉടൻ പരിഗണിക്കില്ല. വേനലവധിക്കുശേഷം പരിഗണിക്കാനായി ഹരജി കോടതി മാറ്റിവച്ചു. ഹരജിയിൽ വിശദീകരണം നൽകാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 16 വരെയാണ് വേനലവധി.
അതേസമയം, വിജയ് ബാബുവിനെതിരെ പുതിയ ആരോപണവുമായി ഒരു യുവതികൂടി രംഗത്തെത്തിയിട്ടുണ്ട്. 2021 നവംബറിൽ പ്രൊഫഷനൽ ആവശ്യത്തിനായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചെന്നും തടഞ്ഞിട്ടും വീണ്ടും ചുംബിക്കാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ ആരോപണം.
'വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിലാണ് യുവതിയുടെ തുറന്നുപറച്ചിൽ. മദ്യം വാഗ്ദാനം ചെയ്തിരുന്നുവെന്നും ദുർബലരായ സ്ത്രീകളെ സഹായവാഗ്ദാനം നൽകി മുതലെടുക്കാൻ ശ്രമിക്കുന്നയാളാണ് വിജയ് ബാബുവെന്നും കുറിപ്പിൽ ആരോപിക്കുന്നു.
പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു. താൻ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്കിറങ്ങിയ സമയത്താണ് ചുംബിക്കാൻ ശ്രമിച്ചതെന്നും നിരസിച്ചപ്പോഴും വീണ്ടും ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തുന്നു. പിന്നീട് മാപ്പുപറഞ്ഞ്, ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.
നേരത്തെ, യുവനടിയുടെ പീഡനക്കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചിടത്തുവച്ച് യുവനടിയെ വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെയാണ് മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിൽ കൂടുതൽ അവസരത്തിനുവേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്സ്ആപ്പ് സന്ദേശങ്ങളുൾപ്പെടെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും വിജയ് ബാബു ജ്യാമാപേക്ഷയിൽ പറയുന്നു.
കേരള പൊലീസിനു വേണ്ടി ഒരു പരസ്യചിത്രം ചെയ്തിരുന്നു. ഇതിൽ ആർട്ടിസ്റ്റായി പരാതിക്കാരി ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അവസരങ്ങൾക്കായി ഇവർ തന്നെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നെന്നും സിനിമയിൽ അവസരം നൽകേണ്ടത് സംവിധായകനാണെന്ന് പലതവണ പറഞ്ഞിട്ടും പരാതിക്കാരി തന്നോടു ബന്ധം പുലർത്താനാണ് ശ്രമിച്ചതെന്നും വിജയ് ബാബു ആരോപിക്കുന്നു.
Summary: Vijay Babu's anticipatory bail postponed, Will be considered after summer vacation in actress sexual assault case
Adjust Story Font
16