മലയാളി യുവചരിത്രകാരന്‍ മഹ്‍മൂദ് കൂരിയയ്ക്ക് 84 ലക്ഷത്തിന്‍റെ ഇൻഫോസിസ് പ്രൈസ്
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്
ബംഗളൂരു: മലയാളി യുവചരിത്രകാരൻ മഹ്മൂദ് കൂരിയയ്ക്ക് 2024ലെ ഇൻഫോസിസ് പ്രൈസ്. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലാണു പുരസ്‌കാരം. സ്വർണ മെഡലും പ്രശസ്തി പത്രവും 100,000 യുഎസ് ഡോളറിന്റെ(ഏകദേശം 84 ലക്ഷം രൂപ) സമ്മാനത്തുകയും അടങ്ങുന്നതാണു പുരസ്‌കാരം. ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.
സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ പ്രൊഫസറാണ് മഹ്മൂദ് കൂരിയ. പൂർവാധുനിക കാലത്തെ ഇസ്‌ലാമിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും സംഭാവനകൾക്കുമാണ് മഹ്മൂദിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഇൻഫോസിസ് പുരസ്‌കാര നിർണയ സമിതി അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക പരിണാമങ്ങളിൽ ഇസ്‌ലാമിക നിയമം വഹിച്ച പങ്കിനെ കുറിച്ച് സുപ്രധാനമായ പഠനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ഫിസിക്കൽ സയൻസിൽ വേദിക ഖേമാനിയും(സ്റ്റാൻഫോഡ് സർവകലാശാല, യുഎസ്), ഗണിതശാസ്ത്രത്തിൽ നീന ഗുപ്ത(ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത), ലൈഫ് സയൻസിൽ സിദ്ധേഷ് കാമത്ത്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, പൂനെ), എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ശ്യാം ഗൊല്ലകോട്ട(വാഷിങ്ടൺ സർവകലാശാല, യുഎസ്) എന്നിവരാണു മറ്റു വിഭാഗങ്ങളിൽ ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. 2008ലാണു വിവിധ അക്കാദമിക മേഖലകളിലെ മികച്ച സംഭാവനകളെ മുൻനിർത്തി ഇൻഫോസിസ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ചരിത്രകാരനായ ഡോ. മനു വി. ദേവദേവൻ ആണ് ഇതിനുമുൻപ് ഈ പുരസ്‌കാരം നേടിയ മലയാളി. ചരിത്രകാരി ഡോ. ഉപീന്ദർ സിങ്, നൊബേൽ ജേതാവ് അഭിജിത് ബാനർജി, ശാസ്ത്രചരിത്രകാരി ജാഹ്നവി ഫാൽക്കി തുടങ്ങിയവർക്കും കഴിഞ്ഞ വർഷങ്ങളിൽ ഇൻഫോസിസ് പ്രൈസ് ലഭിച്ചിരുന്നു.
മലപ്പുറം പെരിന്തൽമണ്ണയിലെ പനങ്ങാങ്ങര സ്വദേശിയാണ് മഹ്മൂദ് കൂരിയ. ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് പിജിയും എംഫിലും പൂർത്തിയാക്കിയത്. നെതർലൻഡ്‌സിലെ ലീഡൻ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്. ഇന്ത്യൻ മഹാസമുദ്ര-മധ്യധരണ്യാഴി തീരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമിലെ ഷാഫി നിയമശാസ്ത്ര സരണിയുമായി ബന്ധപ്പെട്ട ഗവേഷണമായിരുന്നു ലീഡനിൽ പൂർത്തിയാക്കിയത്.
ഗവേഷണപ്രബന്ധം പിന്നീട് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. ലീഡനിൽനിന്നുതന്നെ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട് മഹ്മൂദ്. 2019ൽ മരുമക്കത്തായ പഠനത്തിന് നെതർലൻഡ് സർക്കാരിന്റെ രണ്ടു കോടി രൂപയുടെ വെനി ഗ്രാന്റും നേടിയിട്ടുണ്ട്. ഡൽഹിയിലെ അശോക സർവകലാശാല, ലീഡൻ സർവകലാശാല, ബെർഗൻ സർവകലാശാല, ജക്കാർത്ത നാഷണൽ ഇസ്‌ലാമിക് സർവകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്.
Summary: Young Malayali historian Mahmood Kooria wins 2024 Infosys Prize in Humanities and Social Sciences category
Adjust Story Font
16