365 കോടി 44 കോടിയായി; 160 കോടി 10 കോടിയും-ന്യൂനപക്ഷ സ്‌കോളർഷിപ്പും മദ്രസാ ധനസഹായവും കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പിനുള്ള വിഹിതവും വൻതോതിൽ കുറച്ചിട്ടുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ്, മദ്രസാ-ന്യൂനപക്ഷ സ്ഥാപന ധനസഹായം തുടങ്ങിയവ കുത്തനെ വെട്ടിച്ചുരുക്കി. സ്‌കോളർഷിപ്പ് ഇനത്തിൽ 87 ശതമാനമാണ് കേന്ദ്ര വിഹിതം കുറച്ചിരിക്കുന്നത്. മദ്രസാ, ന്യൂനപക്ഷ സ്ഥാപന ഫണ്ട് 93 ശതമാനവും കുറച്ചിട്ടുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ആകെ വിഹിതത്തിലും വന്‍ കുറവുണ്ട്. 38 ശതമാനമാണ് മന്ത്രാലയത്തിന്‍റെ വിഹിതം വെട്ടിച്ചുരുക്കിയത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷനൽ-ടെക്‌നിക്കൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്‌കോളർഷിപ്പ് 44 കോടിയായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 365 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് കുത്തനെ കുറച്ചത്.
മദ്രസകൾ അടക്കമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്രം ധനസഹായം നൽകിവന്നിരുന്നു. 2022-2023 ബജറ്റിൽ 160യായിരുന്നു കേന്ദ്രം ഇതിനായി വകയിരുത്തിയിരുന്നത്. പുതിയ ബജറ്റിൽ 10 കോടി രൂപയായാണ് ഇത് കുത്തനെ കുറച്ചിരിക്കുന്നത്.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പിനുള്ള ഫണ്ടും വലിയ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയായി കുറച്ചിരിക്കുകയാണ്. എന്നാൽ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിഹിതം കൂട്ടിയിട്ടുണ്ട്. 550 കോടിയിൽനിന്ന് 1,065 കോടി രൂപയായാണ് വിഹിതം ഉയർത്തിയത്.
നേരത്തെ, പ്രീമെട്രിക് സ്‌കോളർഷിപ്പ് യോഗ്യതയിൽ ഭേദഗതി വരുത്തിയത് വലിയ തോതിൽ വിവാദമായിരുന്നു. ഒൻപത്, പത്ത് ക്ലാസുകാർക്കു മാത്രമായി സ്‌കോളർഷിപ്പ് ചുരുക്കുകയായിരുന്നു. ഇതുപോലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു നൽകിവന്നിരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ്പ്(മാൻഫ്) നിർത്തലാക്കുകയും ചെയ്തിരുന്നു.
Summary: The Union budget 2023 witnessed an 87% cut in the scholarship meant for professional and technical courses for students from minority communities with just Rs 44 crore allocated to it and funds allotted for madrasas and minority education also reduced from Rs 160 crore in the last budget to Rs 10 crore in 2023-24
Adjust Story Font
16