എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട ക്ലബിന്റെ പന്ത്രണ്ടാം വാർഷികമാണ് ഇന്ന്- 'മലർവാടി ആർട്‌സ് ക്ലബിന് 12 വയസ് '
മലയാള സിനിമയിലേക്ക് അഞ്ച് താരങ്ങളും ഒരു സംവിധായകനും ഒരു ക്ലബും തുറന്നു വന്നിട്ട് 12 വര്‍ഷം
12 വർഷം മുമ്പ് ഇതുപോലൊരു ജൂലൈ 16 നാണ് മലയാള സിനിമയിലേക്ക് അഞ്ച് താരങ്ങളും ഒരു സംവിധായകനും ഒരു ക്ലബും തുറന്നു വന്നത്. ആ കൂട്ടത്തിൽ നിവിൻ പോളിയും, അജു വർഗീസും പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ആ സിനിമയുടെ, ആ കൂട്ടത്തിന്റെ പേരാണ് മലർവാടി ആർട്‌സ് ക്ലബ്.
വിനീത് ശ്രീനിവാസനാണ് സൂപ്പർ ഹിറ്റായ മലർവാടി ആർട്‌സ് ക്ലബിന്റെ സംവിധാനവും രചനയും നിർവഹിച്ചത്. പിന്നീട് ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ച വിനീതിന്റെ ആദ്യ സംവിധാന സംരഭവും മലർവാടിയായിരുന്നു.
പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ നിവിൻ പോളി മലയാള സിനിമയിലേക്കുള്ള തന്റെ വരവ് ആധികാരികമായി തന്നെ അടയാളപ്പെടുത്തുകയായിരുന്നു. നിവിനൊപ്പം അന്ന് തലവര മാറിയ മറ്റൊരു താരമാണ് പി.കെ ബജീഷ് അഥവാ കുട്ടു എന്ന കഥാപാത്രമായി വന്ന അജു വർഗീസ്. പിന്നീട് മലയാള സിനിമയിലെ ചിരിരസക്കൂട്ടുകളിൽ അജു വർഗീസ് ഒഴിവാക്കാൻ പറ്റാത്ത പേരായി മാറി. നിവിൻ-അജു, നിവിൻ-വിനീത് എന്നീ വിജയ കൂട്ടുകെട്ടുകളും അതോടെ മലയാള സിനിമക്ക് സ്വന്തമായി. ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ഗീവർഗീസ് ഈപ്പൻ എന്നിവർക്കും മലയാള സിനിമയിലേക്ക് വാതിൽ തുറന്ന സിനിമയാണ് 2010 ജൂലൈ 16 ന് റീലീസായ മലർവാടി ആർട്‌സ് ക്ലബ്.
മലർവാടി ആർട്‌സ് ക്ലബിന്റെ 12-ാം വാർഷികത്തിന്റെ സന്തോഷം നിവിനും അജുവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.. ഗുരുക്കൻമാർക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞ അജു സിനിമയുടെ ടെയിൽ എൻഡ് ഭാഗവും പങ്കുവെച്ചിട്ടുണ്ട്. നിവിൻ പോളി ചിത്രത്തിലെ തന്റെ പേര് വരുന്ന ഭാഗമാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
പുതുമുഖങ്ങളെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയവരും നടൻ ദിലീപ് നിർമിച്ച ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി വന്നു.
Adjust Story Font
16