13 വർഷത്തെ പൈറസി; തമിഴ് റോക്കേഴ്‌സ് സിനിമ പിടിച്ചതിങ്ങനെ, വെളിപ്പെടുത്തലുമായി സൂത്രധാരൻ
നാല് മാസം മുൻപാണ് തമിഴ് റോക്കേഴ്‌സിന് പിന്നിലെ പ്രധാനികളിലൊരാൾ പിടിയിലായത്
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ഏറെ വിറപ്പിച്ച പൈറസി വെബ്‌സൈറ്റായിരുന്നു തമിഴ് റോക്കേഴ്‌സ്. അനേകം വർഷങ്ങളായി സിനിമകൾ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തീയറ്റർ പ്രിന്റ് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിൽ എത്തുമായിരുന്നു. പ്രിന്റ് സിനിമകൾ സിഡികളിൽ സുലഭമായ കാലഘട്ടത്തിൽ അതിൽ 90 ശതമാനവും പുറത്തിറങ്ങിയിരുന്നത് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫയലുകളായിരുന്നു.
ഈ ജൂലൈയിലാണ് തമിഴ് റോക്കേഴ്‌സിലെ പ്രധാനികളിലൊരാളായ ജെബ് സ്റ്റീഫൻ രാജിനെ തിരുവനന്തപുരത്ത് വെച്ച് പൊലീസ് പിടികൂടിയത്. ധനുഷിന്റെ രായൻ സിനിമ റെക്കോഡ് ചെയ്യുന്നതിനിടയിലാണ് സ്റ്റീഫൻ പിടിയിലായത്. ഇപ്പോഴിതാ തന്റെ സിനിമാ റെക്കോഡിങ് തന്ത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റീഫൻ രാജ്.
തന്റെ സീറ്റിലെ കപ്പ് ഹോൾഡറിൽ ഫോൺ വെച്ച രീതിയിലായിരുന്നു ധനുഷിന്റെ അമ്പതാം സിനിമയായ രായൻ സ്റ്റീഫൻ റെക്കോഡ് ചെയ്തിരുന്നത്. സ്റ്റീഫന്റെ വെളിപ്പെടുത്തലുകൾ ഭാവിയിൽ ഇത്തരത്തിൽ സിനിമ റെക്കോഡ് ചെയ്യുന്നവരെ പിടികൂടാൻ ഉപകാരപ്പെടുമെന്നാണ് പൊലീസിന്റെ നിഗമനം.
സിനിമ റിലീസിന് എറെ മുമ്പ് തന്നെ ഓൺലൈനായി അഞ്ച് ടിക്കറ്റുകൾ ബുക്ക് ചെയ്താണ് റോക്കേഴ്‌സിന്റെ പദ്ധതി ആരംഭിക്കുന്നത്. ഈ ആഞ്ച് ടിക്കറ്റുകളും മധ്യനിരയിലെ വ്യത്യസ്തമായ സീറ്റുകളിലായിരിക്കും. എസി തണുപ്പിനെന്ന പേരിൽ പുതപ്പും പുതച്ചായിരിക്കും ഇവർ സീറ്റുകളിലിരിക്കുക. ചെറിയ ഒളിക്യാമറകൾ ഉപയോഗിച്ച് ഷൂട്ടിങ്ങ് തുടങ്ങും. ഒരു ഭാഗത്തെ ക്യാമറ മറയ്ക്കേണ്ടി വന്നാലും മറ്റ് നാല് ക്യാമറകളും സിനിമ റെക്കോഡ് ചെയ്യുന്നുണ്ടാകും.
ഒരു സിനിമയ്ക്ക് ഒരാൾക്ക് 5,000 രൂപ എന്ന നിലയിലാണ് ഇവർക്ക് പണം ലഭിച്ചിരുന്നിരുന്നത്.
സ്റ്റീഫനും സംഘവും പിടിയിലായെങ്കിലും തമിഴ് റോക്കേഴ്‌സിന് പിന്നിലെ പ്രധാനികൾ ഇവരല്ല എന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഒട്ടനേകം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ശൃംഖല തന്നെ ഇവർക്കായി പ്രവർത്തിക്കുന്നുണ്ട്.
സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തമിഴ് റോക്കേഴ്‌സ് തങ്ങളുടെ സൈറ്റിൽ സിനിമ അപ്ലോഡ് ചെയ്യുമായിരുന്നു. ഒട്ടനേകം സിനിമകൾക്ക് തമിഴ് റോക്കേഴ്‌സിന്റെ പ്രവർത്തനം കൊണ്ട് നഷ്ടമുണ്ടായിട്ടുണ്ട്.
തമിഴ്‌നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളായിരുന്നു തമിഴ് റോക്കേഴ്‌സിന്റെ പ്രധാന പ്രവർത്തനമേഖല.
2011ലാണ് തമിഴ് റോക്കേഴ്‌സിന്റെ ഉത്ഭവം. ആദ്യകാലഘട്ടത്തിൽ തമിഴ് സിനിമകളാണ് ഇവർ അപ്ലോഡ് ചെയ്തിരുന്നതെങ്കിൽ പിന്നീട് അവ മലയാളം, കന്നഡ എന്നീ സിനിമാ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
പ്രാദേശിക ഭാഷകളിലിറങ്ങുന്ന സിനിമകളുടെയെല്ലാം തന്നെ പതിപ്പുകളെത്തിച്ച് തുടങ്ങിയതോടെ ഗ്രൂപ്പ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് വരെ തമിഴ് റോക്കേഴ്സ് പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. വ്യാജപ്പതിപ്പുകളിറക്കി ഏകദേശം 1 കോടിയോളം രൂപയാണ് ടീം സമ്പാദിച്ചിരുന്നത്.
മാർച്ച് 2018ൽ കേരള പോലീസ് മൂന്ന് പേരെ പൈറസി സംബന്ധമായ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ടീമിൽ അംഗങ്ങളായിരുന്ന കാർത്തി എന്നയാളെയും പ്രഭു, സുരേഷ് എന്ന ഇയാളുടെ കൂട്ടാളികളെയും തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ സൈറ്റ് പ്രവർത്തനക്ഷമമല്ല. ഗ്രൂപ്പിന്റെ പ്രവർത്തനം 2020ൽ നിലച്ചു. എന്നാൽ സൈറ്റിന്റെ പതിപ്പുകളും ഇതേ പേരിൽ മറ്റ് ഗ്രൂപ്പുകളും സിനിമകളുടെ വ്യാജപ്പതിപ്പുകളുമായി സജീവമാണ്.
കോവിഡ് മഹാമാരി പൈറസി സൈറ്റുകളിലുണ്ടാക്കിയ ഓളം ചെറുതല്ല. 2021ൽ യുഎസ് ആസ്ഥാനമായുള്ള ഒരു സൈബർ സെക്യൂരിറ്റി കമ്പനിയും ഡാറ്റ കമ്പനിയും ചേർന്ന് നടത്തിയ പഠനത്തിൽ 2021 ജനുവരി മുതൽ സെപ്റ്റംബർ വരെ പൈറേറ്റഡ് കണ്ടന്റുകളുടെ ഡിമാൻഡ് കുതിച്ചുയർന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ മാത്രം 6.5 ബില്യൺ ആളുകളാണ് പൈറസി വെബ്സൈറ്റുകൾ സന്ദർശിച്ചത്. യുഎസിനും (13.5ബില്യൺ) റഷ്യയ്ക്കും (7.2 ബില്യൺ) പിന്നാലെയായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഈയിടെ റിലീസായ രജിനികാന്തിന്റെ വേട്ടയൻ സിനിമ തിയറ്റർ പ്രിന്റ് ഇറങ്ങിയതാണ് തമിഴ് റോക്കേഴ്‌സിന്റെ ഏറ്റവും അവസാനത്തെ പ്രവർത്തനമായി കരുതുന്നത്.
Adjust Story Font
16