റസാഖിന്റെ തൂലികയില്‍ പിറന്നത് ജീവിതഗന്ധിയായ തിരക്കഥകള്‍
റസാഖിന്റെ തൂലികയില്‍ പിറന്നത് ജീവിതഗന്ധിയായ തിരക്കഥകള്‍
സംവിധായകനായി പേരെടുക്കണമെന്ന ആഗ്രമാണ് റസാഖിനെ സിനിമയിലെത്തിച്ചതെങ്കിലും ജീവിതഗന്ധിയായ തിരക്കഥകളൊരുക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം
കുടുംബചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് ടി.എ റസാഖ്. സംവിധായകനായി പേരെടുക്കണമെന്ന ആഗ്രമാണ് റസാഖിനെ സിനിമയിലെത്തിച്ചതെങ്കിലും ജീവിതഗന്ധിയായ തിരക്കഥകളൊരുക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
സംവിധായകനില്‍ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള വേഷപ്പകര്‍ച്ച ടി.എ റസാഖിന് ആയാസകരമായിരുന്നില്ല. സംവിധായകന്റെ കുപ്പായത്തേക്കാള്‍ തനിക്കിണങ്ങുന്നത് തിരക്കഥാകൃത്തിന്റെ വേഷമാണെന്ന തിരിച്ചറിവ് മലയാളസിനിമക്കും നേട്ടമായി. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന കാണാക്കിനാവ്, ഉത്തമന്‍, വാല്‍ക്കണ്ണാടി, പെരുമഴക്കാലം, വേഷം, സുഖമായിരിക്കട്ടെ തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റി.
ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ രചനാപാടവം ശ്രദ്ധിക്കപ്പെട്ടു. റസാഖിന്റെ സംഭാഷണങ്ങള്‍ക്ക് സംവിധായകരായ കമല്‍, സിബി മലയില്‍, ജയരാജ് തുടങ്ങിയവരുടെ ദൃശ്യഭാഷ കൂടിയായപ്പോള്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്കപ്പുറം ഒരു പിടി നല്ല സിനിമകള്‍ വെള്ളിത്തിരയിലെത്തി. നിരൂപക പ്രശംസക്കൊപ്പം സംസ്ഥാന,ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പെരുമഴക്കാലം എന്ന ഒരൊറ്റ ചിത്രം മതി ടി എ റസാഖെന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്താന്‍. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. ഒരു പിടി കുടുംബ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് റസാഖ് യാത്രയാകുമ്പോള്‍, ഒരു പ്രതിഭയുടെ വിയോഗത്തിന്റെ മറ്റൊരു പെരുമഴ കൂടി മലയാളി മനസില്‍ തേരാതെ പെയ്യുന്നുണ്ടാകണം.
Adjust Story Font
16