ഐഎഫ്എഫ്ഐയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ തീരുമാനിച്ചു
ഐഎഫ്എഫ്ഐയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ തീരുമാനിച്ചു
മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്.
ഗോവയില്‍ നടക്കുന്ന 47ആമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ വിഭാഗം ചിത്രങ്ങള്‍ തീരുമാനിച്ചു. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 22 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 21 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്.
ഇംഗ്ലീഷ്, ബംഗാളി, മറാത്തി, ഹിന്ദി, ഖസി, മലയാളം, കന്നട, കൊങ്കണി, മണിപ്പൂരി, ആസ്സാമീസ്, തമിഴ്, തെലുങ്കു ഭാഷകളില്‍ നിന്നായി 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 230 അപേക്ഷകളില്‍ നിന്ന് സംവിധായകനും നിര്‍മാതാവുമായ രാജേന്ദ്രബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. എം.ബി.പത്മകുമാറിന്റെ 'രൂപാന്തരം', ജയരാജിന്റെ 'വീരം', ഡോ. ബിജുവിന്റെ 'കാട് പൂക്കുന്ന നേരം' എന്നിവയാണ് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം ഇഷ്ടിയാണ് ഉദ്ഘാടന ചിത്രം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐഎഫ്എഫ്‌ഐയില്‍ സംസ്‌കൃത സിനിമ ഉദ്ഘാടന ചിത്രമാകുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ 'ബാജിറാവു മസ്താനി', രാജ കൃഷ്ണ മേനോന്റെ 'എയര്‍ലിഫ്റ്റ്', അലി അബ്ബാസ് സഫറിന്റെ സല്‍മാന്‍ ഖാന്‍ ചിത്രം 'സുല്‍ത്താന്‍' എന്നിവയാണ് ബോളിവുഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. പോയ വര്‍ഷം മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുക.
Adjust Story Font
16