സിനിമയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി
സിനിമയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി
നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന ചിത്രത്തിന്റെ പൂജവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍. കെഎസ്എഫ്ഡിസി നൂറോളം പുതിയ തീയേറ്ററുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന ചിത്രത്തിന്റെ പൂജവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അകാലത്തില്‍ വിടവാങ്ങിയ മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. വിനയന്റെ സംവിധാനത്തിലാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഔപചാരിക ഉദ്ഘാടന പരിപാടി കൊച്ചിയില്‍ നടന്നു. മനസില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഇതിനാവശ്യമായ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തണം. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂവെന്ന അവസ്ഥ മാറേണ്ടതുണ്ടെന്നും വിനയന്‍ പറഞ്ഞു.
പരിപാടിക്കെത്തിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിനയന്റെ ആവശ്യത്തെ പിന്തുണച്ചു. സിനിമയ്ക്ക് മേല്‍ സാമുഹിക നിയന്ത്രണമുണ്ടാവണം. ഇതിനാവശ്യമായ നിയമ നിര്‍മാണമാണ് വേണ്ടതെന്ന് കാനം പറഞ്ഞു. ഈ നിയമ സഭാ സമ്മേളന കാലത്ത് തന്നെ നിയമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നുവെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ മറുപടി.
ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന ചിത്രത്തില്‍ മിനിസ്ക്രീന്‍ താരം രാജാമണിയാണ് കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്. ഉമ്മര്‍ മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Adjust Story Font
16