മണിയുടെ ചിരി ചിതയെടുത്തിട്ട് മാര്‍ച്ച് ആറിന് ഒരു വര്‍ഷം
മണിയുടെ ചിരി ചിതയെടുത്തിട്ട് മാര്‍ച്ച് ആറിന് ഒരു വര്‍ഷം
അഭിനയരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കലാഭവന്‍ മണി വിടപറഞ്ഞത്‍
കലാഭവന്‍ മണി ഇല്ലാത്ത ഒരു വര്‍ഷം മലയാള സിനിമയിലുണ്ടാക്കിയ വിടവ് ചെറുതല്ല. അഭിനയരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മണി വിടപറഞ്ഞത്‍. നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം ഒരുപിടി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയായിരുന്നു അപ്രതീക്ഷിതമായുള്ള വിടവാങ്ങല്‍.
ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ഈ പുഞ്ചിരിയോടെ നേരിട്ടായിരുന്നു മണി മുന്നേറിയത്. 1995ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യചിത്രം. സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പനിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഹാസ്യവേഷങ്ങളിലൂടെ പ്രിയതാരമായി. കാറ്റത്തൊരു പെണ്‍പൂവില്‍ ആദ്യ വില്ലന്‍ വേഷം. മൈ ഡിയര്‍ കരടിയിലൂടെ നായകനായി അരങ്ങേറ്റം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ മണിയിലെ അതുല്യനടനെ അടയാളപ്പെടുത്തി. അന്ധഗായകനായുള്ള പ്രകടനം ദേശീയ അംഗീകാരം നേടി.
കരുമാടിക്കുട്ടനിലെയും വാല്‍കണ്ണാടിയിലേയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ മണി അനായാസം അവതരിപ്പിച്ചു. നായക വേഷം ചെയ്യുമ്പോഴും പ്രമുഖ താരങ്ങളുടെ ചിത്രങ്ങളില്‍ വില്ലനായും എത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങള്‍. ഇതരഭാഷകളിലെ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനങ്ങള്‍. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഒരാള്‍ മാത്രം അഭിനയിക്കുന്നുവെന്ന അപൂര്‍വ്വത ദി ഗാര്‍ഡിലൂടെ മണി സ്വന്തമാക്കി. അഭിനയിച്ച മിക്ക ചിത്രങ്ങളിലും ഗായകനായും മണി സാന്നിധ്യം അറിയിച്ചു. ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് വേഷങ്ങള്‍ ബാക്കി വെച്ചാണ് മണി തിടുക്കത്തില്‍ യാത്രപറഞ്ഞു പോയത്.
Adjust Story Font
16