പദ്മാവത് വിലക്ക് സുപ്രിംകോടതി നീക്കി
പദ്മാവത് വിലക്ക് സുപ്രിംകോടതി നീക്കി
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി
സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരല്ലെന്ന് സുപ്രിംകോടതി. പദ്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയ വിധിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിരോധനം നീക്കിയത്. ഇതോടെ ജനുവരി 25ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവത് സിനിമ രജ്പുത് വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങള്‍ സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കൾ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
ഈ സിനിമ റിലീസ് ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സെന്‍സര്‍ ബോര്‍ഡിന് ധാരണയുണ്ടായിരുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ വാദിച്ചു. എന്നാല്‍ സര്‍ഗാത്മകമായ അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സിനിമ കാണണമോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഉപാധികളോടെയാണ് പദ്മാവത് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ പേരില്‍ മാറ്റം വരുത്താനും 26 രംഗങ്ങള്‍ ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Adjust Story Font
16