Quantcast

ലോഹിതദാസ്​ ഓര്‍മയായിട്ട് ഏഴ് വര്‍ഷം

MediaOne Logo

Sithara

  • Published:

    24 May 2018 12:05 PM

ലോഹിതദാസ്​ ഓര്‍മയായിട്ട് ഏഴ് വര്‍ഷം
X

ലോഹിതദാസ്​ ഓര്‍മയായിട്ട് ഏഴ് വര്‍ഷം

ലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചും മരിക്കാത്ത ഓര്‍മകളാണ്​ ലോഹിയെന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും കുറിച്ചുള്ളത്

ലോഹിതദാസ്​ എന്ന അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക്‌ ഇന്ന് ഏഴ് വയസ്സ്. സിനിമയില്‍ തന്റേതായ പുതിയ ശൈലി ആവിഷ്ക്കരിച്ച് മലയാള സിനിമാ പ്രേമികളുടെ ഹൃദത്തിലേക്ക് ആഴത്തില്‍ വേരുറപ്പിച്ച എഴുത്തുകാരനും സംവിധായകനുമായിരുന്നു ലോഹിതദാസ്.

ഇടതൂര്‍ന്ന താടിരോമങ്ങളും ചുണ്ടിലെരിയുന്ന സിഗരറ്റും തലയിലെ കെട്ടുമായി ആ മനുഷ്യന്‍ മലയാള സിനിയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതി. പതിവ് വേഷങ്ങളില്‍ തളച്ചിടപ്പെട്ട മമ്മൂട്ടിയും മോഹന്‍ലാലും ലോഹിയുടെ കഥകളിലൂടെ വേറിട്ട നായകരായി. മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചും മരിക്കാത്ത ഓര്‍മകളാണ്​ ലോഹിയെന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും കുറിച്ചുള്ളത്​. ഒരു കാലത്ത് മലയാള സിനിമയെത്തന്നെ നിയന്ത്രിച്ചിരുന്നത് ലോഹിതദാസിന്റെ തിരക്കഥകളായിരുന്നു.

20 വര്‍ഷമായിരുന്നു മലയാള സിനിമില്‍ ലോഹി തിളങ്ങി നിന്നത്. അരങ്ങേറ്റം കുറിച്ച തനിയാവര്‍ത്തനം മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. കുടുംബവേരുകളില്‍ കണ്ണിചേര്‍ക്കപ്പെട്ട ഭ്രാന്ത് തന്നിലേക്കും സന്നിവേശിക്കുന്നത് മമ്മൂട്ടി അഭിനയിച്ച് തീര്‍ത്തപ്പോള്‍ അതിഗംഭീരമെന്ന് നിരൂപകര്‍ വാഴ്ത്തി. തന്നില്‍ ആരോപിക്കപ്പെടുന്ന ഭ്രാന്തില്‍ മനം നൊന്ത ബാലന്‍മാഷ് എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ എന്നും തങ്ങിനില്‍ക്കും. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡും മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. അങ്ങനെ തനിയാവര്‍ത്തനത്തിന്റെ എഴുത്തുകാരന്‍ സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രിയപ്പെട്ടവനായി മാറി. പിന്നെ ഒറ്റശ്വാസത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അത്രയും ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു. ദശരഥം, അമരം, കമലദളം, വാത്സല്യം, പാഥേയം, ഹിസ് ഹൈനസ് അബ്ദുള്ള അങ്ങനെ നീളുന്നു ലോഹിയുടെ തിരക്കഥകള്‍.

1986ല്‍ രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. സിന്ധു ശാന്തമായൊഴുകുന്നു എന്ന ആദ്യ നാടകം എറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. കൂടാതെ അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും ലോഹിതദാസിന്റേതായിട്ടുണ്ട്. പിന്നീട് ലോഹി - സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അരയന്നങ്ങളുടെ വീട്, കസ്തൂരിമാന്‍, നിവേദ്യം തുടങ്ങി നിരവധി സിനിമകളുടെ പിന്നില്‍ ലോഹിതദാസ് എന്ന മഹാനായ കലാകാരന്റെ കയ്യൊപ്പുണ്ട്. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂണ്‍ 28 ന് വിടപറഞ്ഞപ്പോള്‍ മലയാള സിനിമയ്ക്കത് തീരാനഷ്ടമായിരുന്നു.

TAGS :

Next Story