Quantcast

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയെ ക്രിമിനലായി ചിത്രീകരിച്ചു; മകള്‍ നിയമനടപടിക്ക്

MediaOne Logo

Sithara

  • Published:

    26 May 2018 7:28 AM GMT

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയെ ക്രിമിനലായി ചിത്രീകരിച്ചു; മകള്‍ നിയമനടപടിക്ക്
X

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയെ ക്രിമിനലായി ചിത്രീകരിച്ചു; മകള്‍ നിയമനടപടിക്ക്

രണ്ട് വര്‍ഷമായി വിചാരണത്തടവുകാരിയായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം സിനിമയില്‍‌ ദുരുപയോഗം ചെയ്തതായി പരാതി.

രണ്ട് വര്‍ഷമായി വിചാരണത്തടവുകാരിയായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം സിനിമയില്‍‌ ദുരുപയോഗം ചെയ്തതായി പരാതി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമി വ്യക്തമാക്കി. നീക്കം ചെയ്തില്ലെങ്കില്‍ ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറഞ്ഞു.

ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം 'ഇവരെ സൂക്ഷിക്കുക' എന്ന തലക്കെട്ടില്‍ നല്‍കിയത് യാദൃച്ഛികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറഞ്ഞു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല ഷൈനയ്ക്ക് മേലുള്ള കുറ്റം. മറിച്ച്‌ മർദ്ദിതരെ നിർമ്മിക്കുന്ന, നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ്‌ സമത്വാധിഷ്ഠിതമായ ലോകത്തിനായി പ്രവർത്തിച്ചു എന്നതാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു തെളിയുന്നതിന് മുൻപ്‌ തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്‍റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നതെന്നും ആമി കുറ്റപ്പെടുത്തി.

ആമിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അങ്കമാലി ഡയറീസ്‌ കണ്ടു.
സ.ഷൈനയുടെ ഫോട്ടോ ഈ സിനിമയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കിൽ പോലും കഴിഞ്ഞ ദിവസമാണു എനിക്ക്‌ സിനിമ കാണാൻ കഴിഞ്ഞത്‌.
സിനിമയിലെ വില്ലൻ കഥാപാത്രങ്ങളായ കൊട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ്‌ വിൽപനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവർത്തനങ്ങളുടെ ഭീകരത വെളിവാക്കാൻ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ്‌ സ്റ്റേഷനെന്ന് സിനിമയിൽ കാണിക്കുന്ന പോലീസ്‌ സ്റ്റേഷനകത്ത്‌ രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള 'ഇവരെ സൂക്ഷിക്കുക' എന്ന തലവാചകമുള്ള നോട്ടീസ്‌ ബോർഡിൽ അവരുടെ ചിത്രങ്ങൾക്ക്‌ സമീപം 'ശാന്ത' എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എൻലാർജ്ജ്‌ ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ട്‌. ഇത്‌ മൂന്നു സീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവർത്തകരും സമൂഹത്തെക്കുറിച്ച്‌ എന്ത്‌ കാഴ്ച്ചപ്പാടാണു വെച്ചു പുലർത്തുന്നത്‌ എന്ന് അത്ഭുതപ്പെടുത്തുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളിൽ കള്ളക്കേസുകൾ ചുമത്തപ്പെട്ട്‌ വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വർഷമായി കേരളത്തിലേക്ക്‌ ജയിൽമാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂർ സെന്റ്രൽ ജയിലിലാണു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്‌, മർദ്ദിതരെ നിർമ്മിക്കുന്ന നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ്‌ സമത്വാധിഷ്ഠിതമായ ലോകത്തിനായ്‌ പ്രവർത്തിച്ചു എന്നതിനാണു.

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകർത്ത്‌ രാഷ്ട്രീയ പ്രവർത്തനത്തിനായ്‌ ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണു സ. ഷൈന. ഈ സഖാവിനെ 'ഇവരെ സൂക്ഷിക്കുക' എന്ന ലേബലിൽ ഗുണ്ടകളുടെ ഫോട്ടോകൾക്കൊപ്പം ദ്വയാർത്ഥം വരുന്ന രീതിയിൽ 'ശാന്ത' എന്ന പേരു നൽകി അധിക്ഷേപിച്ചിരിക്കുകയാണു.

സ.ഷൈനയെ കോയമ്പത്തൂരിലെ സെന്റ്രൽ ജയിലിൽ റിമാന്റ്‌ ചെയ്ത കോയമ്പത്തൂർ സെക്ഷൻസ്‌ കോടതി വരെ ഷൈനയുൾപ്പെടുന്ന മാവോയിസ്റ്റ്‌ പ്രവർത്തകർ മനുഷ്യ നന്മക്ക്‌ വേണ്ടി നിലകൊള്ളുന്നവരാണെന്നാണു പറഞ്ഞിട്ടുള്ളത്‌. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുൻപ്‌ തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നത്‌. ഇതു കേവലം യാഥർശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല.

ഈ സാഹചര്യത്തിൽ ഈ ഭാഗങ്ങൾ നീക്കം ചെയ്യാൻ അഡ്വ. ലൈജു വഴി വക്കീൽ നോട്ടീസ്‌ അയക്കാൻ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്‌. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട്‌ കോടതിയിൽ അഡ്വക്കേറ്റ്‌ ലൈജു മുഖാന്തരം നേരിട്ട്‌ ക്രിമിനൽ ഡിഫമേഷൻ ഫയൽ ചെയ്യാനും ഷൈന അറിയിച്ചിട്ടുണ്ട്‌.

TAGS :

Next Story