Quantcast

ഹാപ്പി ബര്‍ത്ത്ഡേ പൃഥ്വി

MediaOne Logo

Jaisy

  • Published:

    30 May 2018 4:57 AM GMT

ഹാപ്പി ബര്‍ത്ത്ഡേ പൃഥ്വി
X

ഹാപ്പി ബര്‍ത്ത്ഡേ പൃഥ്വി

1982 ഒക്ടോബര്‍ 16നാണ് പൃഥ്വിയുടെ ജനനം

സഫലമാകാത്ത അനശ്വരമായ കാഞ്ചനമാലയുടെ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ മൊയ്തീന്റെ മുഖത്തിന് പൃഥ്വിരാജിന്റെ ച്ഛായയായിരുന്നു. ആദ്യസിനിമക്ക് വേണ്ടി ജീവിതം തന്നെ ഹോമിച്ച മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിനും പൃഥ്വിയുടെ മുഖമായിരുന്നു. പൃഥ്വി എന്ന യുവനടന്‍ അങ്ങിനെയാണ് രൂപത്തില്‍ മാത്രമല്ല, അഭിനയത്തിലും കഥാപാത്രങ്ങളോട് അങ്ങേയേറ്റം നീതി പുലര്‍ത്തുന്ന താരം. ഇന്ന് പൃഥ്വിയുടെ 34ാം പിറന്നാളാണ്. 1982 ഓക്ടോബര്‍ 16നാണ് പൃഥിരാജിന്റെ പിറന്നാള്‍.

19ാം വയസില്‍ സിനിമയിലെത്തിയ പൃഥ്വി ഇന്ന് പക്വതയാര്‍ന്ന അഭിനയ ശൈലി കൊണ്ട് മലയാളികളുടെ പ്രിയതാരമായി കഴിഞ്ഞിരിക്കുന്നു. പ്രശസ്ത നടന്‍ സുകുമാരന്റെ ഇളയ മകന്‍, അമ്മയും സഹോദരനും അഭിനേതാക്കള്‍. തീര്‍ച്ചയായും ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നു പൃഥ്വിയുടെ വരവ്. പക്ഷേ അഭിനയത്തിന്റെ കാര്യത്തില്‍ ഇവര്‍ മൂന്നു പേരെയും കടത്തി വെട്ടി പൃഥ്വിരാജ്. പൃഥ്വിക്ക് മുന്‍പേസിനിമയില്‍ ഇടംപിടിച്ചിരുന്നു സഹോദരന്‍ ഇന്ദ്രജിത്ത്. വ്യത്യസ്തമായ അഭിനയം കൊണ്ട് ഇന്ദ്രജിത്ത് ഇഷ്ടതാരമായെങ്കിലും കൂടുതല്‍ മാര്‍ക്ക് പൃഥ്വിക്ക് തന്നെയായിരുന്നു. 2002ല്‍ രഞ്ജിതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനമായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ചിത്രം. ആദ്യസിനിമ കൊണ്ട് തന്നെ പൃഥ്വി മലയാളത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങള്‍, ചിലത് വിജയിച്ചു, മറ്റുള്ളവ പരാജയം രുചിച്ചു. എങ്കിലും പൃഥ്വിരാജ് ഒരു മികച്ച നടനാണെന്ന കാര്യം എല്ലാവരും അംഗീകരിച്ചിരുന്നു. സിനിമയിലെത്തിയ നാലാം വര്‍ഷം തന്റെ ആദ്യത്തെ സംസ്ഥാന അവാര്‍ഡ് പൃഥ്വി കരസ്ഥമാക്കി. വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. പിന്നീട് സിനിമയില്‍ പൃഥ്വിയുടെ കഷ്ടകാലമായിരുന്നുവെന്ന് പറയാം. ഇംഗ്ലീഷ് പരാമര്‍ശവും ആരേയും അറിയിക്കാതെ വിവാഹം കഴിച്ചതുമൊക്കെ പൃഥ്വിക്ക് ഒരു നെഗറ്റീവ് ഇമേജ് നല്കി. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഒരു പോലെ പൃഥ്വിയെ ആക്രമിച്ചു. ആ പ്രതിച്ഛായക്ക് മാറ്റം വരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഇതിനിടയില്‍ രാവണ്‍ എന്ന മണിരത്നം ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും പൃഥ്വിയെ തേടിയെത്തി. ചിത്രം പരാജയമായിരുന്നെങ്കിലും തമിഴില്‍ പൃഥ്വിയുടെ കരിയര്‍ ഗ്രാഫുയുര്‍ത്തി . 2011ല്‍ തിയറ്ററുകളിലെത്തിയ ഇന്ത്യന്‍ റുപ്പി എന്ന സിനിമ പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന രഞ്ജിത് തന്നെയാണ് പൃഥ്വിക്ക് ബ്രേക്ക് നല്കിയത്. 2013 പൃഥ്വിയുടെ വര്‍ഷമായിരുന്നു എന്ന് പറയാം. സെല്ലുലോയ്ഡില്‍ ജെ.സി ഡാനിയേലിനെ അവതരിപ്പിച്ച് തന്റെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരവും പൃഥ്വി സ്വന്തമാക്കി. മികച്ച വില്ലനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് കാവ്യതലൈവനിലൂടെ പൃഥ്വി നേടിയെടുത്തു. ആ വര്‍ഷം പുറത്തിറങ്ങിയ മെമ്മറീസ്, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

മോളിവുഡിലെ തിരക്കിനിടയിലും അയ്യാ, ഔറംഗസീബ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും പൃഥ്വി നായകനായി. അഭിനയത്തില്‍ മാത്രമല്ല, നിര്‍മ്മാണത്തിലും ആലാപനത്തിലും പൃഥ്വി തന്റെ മികവ് തെളിയിച്ചു. ഉറുമി, ഇന്ത്യന്‍ റുപ്പി, സപ്തമശ്രീ തസ്കര, കടല്‍ കടന്നൊരു മാത്തുക്കുട്ടി , ഡബിള്‍ ബാരല്‍, ഡാര്‍വ്വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്ത് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചതാണ്. പുതിയ മുഖം, താന്തോന്നി, അന്‍വര്‍‍, ഹീറോ, സെവന്‍ത് ഡേ, ഉറുമി തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വി പാടി.

കാഞ്ചനമാലയുടെ പ്രണയം അഭ്രപാളിയിലെത്തിയപ്പോള്‍ മൊയ്തീനായി പൃഥ്വിയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല. വിമാനമാണ് പൃഥ്വിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.

TAGS :

Next Story