Quantcast

കണ്ണ് കുത്തിപ്പൊട്ടിച്ചെന്ന് കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്ലുസിസിക്ക് കെ ആര്‍ മീരയുടെ പിന്തുണ

MediaOne Logo

Sithara

  • Published:

    30 May 2018 10:39 PM GMT

കണ്ണ് കുത്തിപ്പൊട്ടിച്ചെന്ന് കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്ലുസിസിക്ക് കെ ആര്‍ മീരയുടെ പിന്തുണ
X

കണ്ണ് കുത്തിപ്പൊട്ടിച്ചെന്ന് കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്ലുസിസിക്ക് കെ ആര്‍ മീരയുടെ പിന്തുണ

ആണ്‍ അധികാരികള്‍ തങ്ങളുടെ കൂട്ടത്തിലെ ‘വെറും’ പെണ്ണുങ്ങള്‍ക്ക് ദയാവായ്പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല വിമന്‍ ഇന്‍ സിനിമ കലക്റ്റീവെന്ന് എഴുത്തുകാരി കെ ആര്‍ മീര

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്റ്റീവിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര. മലയാള സിനിമാലോകത്തെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ അത്തരമൊരു സംഘടന സ്വപ്നം കാണാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. ആണ്‍ അധികാരികള്‍ തങ്ങളുടെ കൂട്ടത്തിലെ ‘വെറും’ പെണ്ണുങ്ങള്‍ക്ക് ദയാവായ്പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല ഈ സംഘടന. തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങളല്ലാതെ മറ്റാരും ശബ്ദമുയര്‍ത്തുകയില്ല എന്ന തിരിച്ചറിവില്‍ മുന്നോട്ടു വന്ന സ്ത്രീകളുടെ ഒത്തുചേരലാണതെന്നും കെ ആര്‍ മീര വ്യക്തമാക്കി.

ഡബ്ലുസിസി മറ്റൊരു സംഘടനയുടെയും പോഷക സംഘടനയല്ല. ആ സംഘടനയ്ക്ക് പുരുഷന്‍മാരായ രക്ഷാധികാരികളോ വഴികാട്ടികളോ ഇല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്. അതുകൊണ്ട് ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു താന്‍ ആഗ്രഹിക്കുന്നു. അത് ഒരു ചരിത്ര ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമാണ്. ആസൂത്രിതമായി ആ പേജ് ഡിസ് ലൈക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണ് കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ എന്ന് മീര ചോദിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഡബ്ലുസിസിയെ കെ ആര്‍ മീര പിന്തുണച്ചത്. ഡബ്ലുസിസിയുടെ പേജിന് എക്സലന്‍റ് റേറ്റിങ് കൊടുത്തുകൊണ്ട് 2018 ആരംഭിക്കുമ്പോള്‍ എന്തൊരു റിലാക്സേഷന്‍ എന്ന് പറഞ്ഞാണ് കെ ആര്‍ മീര ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

TAGS :

Next Story