Quantcast

വിവേചനത്തിന് കാരണം വംശീയതയല്ലെന്ന് സാമുവല്‍ റോബിന്‍സണ്‍

MediaOne Logo

Subin

  • Published:

    30 May 2018 7:07 AM GMT

വിവേചനത്തിന് കാരണം വംശീയതയല്ലെന്ന് സാമുവല്‍ റോബിന്‍സണ്‍
X

വിവേചനത്തിന് കാരണം വംശീയതയല്ലെന്ന് സാമുവല്‍ റോബിന്‍സണ്‍

1,80,000 രൂപയാണ് പ്രതിഫലമായി തനിക്ക് ലഭിച്ചത്. ഇത് മലയാളത്തിലെ പുതുമുഖ നായകന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ്...

പ്രതിഫലം കുറച്ച് നല്‍കിയത് വംശീയത കൊണ്ടെന്ന ആരോപണം തിരുത്തി സുഡാനി ഫ്രം നൈജീരിയയിലെ നായകന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍. 1,80,000 രൂപയാണ് പ്രതിഫലമായി തനിക്ക് ലഭിച്ചത്. ഇത് മലയാളത്തിലെ പുതുമുഖ നായകന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ്. കേരളത്തെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ സാമുവല്‍ ആരോപണം ഉന്നയിച്ചത്. കറുത്ത വര്‍ഗക്കാരനായതിനാല്‍ പ്രതിഫലം കുറച്ചു നല്‍കിയതെന്നായിരുന്നു സാമുവലിന്റെ വാദം. എന്നാല്‍ പിന്നീട് അത് തിരുത്തി സാമുവല്‍ തന്നെ രംഗത്തെത്തി. വംശീയതകൊണ്ടാണ് പ്രതിഫലം കുറച്ചതെന്ന് പറഞ്ഞത് തെറ്റിദ്ധാരണകൊണ്ടാണ്. കരാറില്‍ പറഞ്ഞ പ്രകാരമുള്ള 1,80,000 രൂപ പൂര്‍ണമായി തന്നിട്ടുണ്ട്. ഇത് താരതമ്യേന കുറഞ്ഞതുകയാണ്. ഷൂട്ടിങ് സമയത്ത് മികച്ച താമസസൗകര്യമുള്‍പ്പെടെ നല്‍കിയില്ല.

സിനിമ സാമ്പത്തിക വിജയം നേടിയാല്‍ പ്രതിഫലം കൂട്ടി നല്‍കാമെന്ന നിര്‍മാതാക്കളുടെ വാഗ്ദാനം ഇതുവരെ നടപ്പായില്ലെന്നും കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കരാറിന്റെ പകര്‍പ്പുള്‍പ്പടെയാണ് വിശദീകരണം.

എന്നാല്‍ കരാര്‍ പ്രകാരമുള്ള തുക സാമുവലിന് നല്‍കിയിട്ടുണ്ടെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും നേരത്തെ നിര്‍മാതാക്കളായ ഷൈജുഖാലിദും സമീര്‍താഹിറും വിശദീകരിച്ചിരുന്നു. വാണിജ്യ വിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകള്‍ക്കും അതിന്റെ വിഹിതം ലഭ്യമാക്കാന്‍ കഴിയട്ടെ എന്ന പ്രത്യാശ സാമുവലുമായും പങ്കുവെച്ചിരുന്നു. ഇത് ധാര്‍മികത മാത്രമാണെന്നുമാണ് നിര്‍മാതാക്കള്‍ ഫേസ്ബുക്കില്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

TAGS :

Next Story