ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല: സിനിമയിലെ വനിതാ കൂട്ടായ്മ
ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല: സിനിമയിലെ വനിതാ കൂട്ടായ്മ
ഈ സംഘടന പുരുഷവർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. കലഹിക്കുന്നത് സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണെന്ന് സംഘടന
സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ച് 300 ദിവസം പിന്നിടുമ്പോള്‍ വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞും സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചും ഫേസ് ബുക്ക് പോസ്റ്റ്. എപ്പോഴൊക്കെ ഡബ്ലുസിസി അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഈ സംഘടന പുരുഷവർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. കലഹിക്കുന്നത് ആൺകോയ്മാ ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നിൽക്കുന്ന ഈ മനോഭാവം മാറിയേ തീരൂ എന്ന് ഡബ്ലുസിസി പറയുന്നു.
തുല്യമായ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് ഡബ്ലുസിസി നിലകൊള്ളുന്നത്. ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവർ നമ്മെ വിലയിരുത്തുകയും അളന്നുതൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം. താമസിയാതെ നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല. ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. അതുകൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഡബ്ലുസിസി തുടരുക തന്നെ ചെയ്യുമെന്നും സംഘടന ഉറപ്പിച്ചുപറയുന്നു.
തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളിൽ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും ഡബ്ലുസിസിയിലേക്ക് സ്വാഗതം ചെയ്താണ് ഫേസ് ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
Adjust Story Font
16