നമ്മുടെ മൗനം വഞ്ചനയാണെന്ന് പാടി പഠിപ്പിച്ച ഡിലന്‍
നമ്മുടെ മൗനം വഞ്ചനയാണെന്ന് പാടി പഠിപ്പിച്ച ഡിലന്‍
അതിന്റെ രാഗവും താളവും പ്രതിഷേധമായിരുന്നു. അനീതികളെ ചെറുക്കാനുള്ള ആഹ്വാനമായിരുന്നു ഉള്ളടക്കം
നമ്മുടെ മൌനം സമൂഹത്തെ വഞ്ചിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ഡിലന്റെ പാട്ടുകള്‍. അതിന്റെ രാഗവും താളവും പ്രതിഷേധമായിരുന്നു. അനീതികളെ ചെറുക്കാനുള്ള ആഹ്വാനമായിരുന്നു ഉള്ളടക്കം. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അമേരിക്കയില്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വര്‍ണ വിവേചനത്തിനെതിരെ പാടിയ കവി നൊബേല്‍ ജേതാവാകുന്നത് എന്നതും പ്രത്യേകതയാണ്.
റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്ന ജൂത യുവാവ് ബോബ് ഡിലനെന്ന ഗായകനായത് തന്നെ പ്രതിഷേധത്തിന്റെ അലയുയര്‍ത്തിയാണ്. വെളുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയെന്ന കുറ്റത്തിന് കറുത്ത വര്‍ഗക്കാരനായ കൌമാരക്കാരനെ കൊന്നതിലെ രോഷം പങ്കുവെച്ചാണ് തുടക്കം. ആ ഗാനം അമേരിക്കന്‍ പൊങ്ങച്ചത്തിന്റെ കണ്ണിലും കാതിലും ആഞ്ഞടിച്ചു. വെള്ളക്കാരനൊപ്പം ബസിലെ സീറ്റ് പങ്കിട്ടതിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചുള്ള പാട്ട് തുല്യതക്കുള്ള പോരാട്ടത്തിനേകിയ ഊര്‍ജം ചെറുതായിരുന്നില്ല. ശീതസമരം രൂക്ഷമായ കാലത്തെ ആണവായുധ ഭീഷണിയെക്കുറിച്ച്, യുദ്ധം വിതക്കുന്ന നാശത്തെക്കുറിച്ച്, വാഗ്ദാനം പാലിക്കാത്ത ഭരണാധികാരികളെക്കുറിച്ച് ഒക്കെ ഡിലന്‍ പാടി.
1962 ജനുവരി മുതല്‍ 1963 നവംബര്‍ വരെയുള്ള 20 മാസത്തിനിടെ അദ്ദേഹം എഴുതി അവതരിപ്പിച്ച പാട്ടുകള്‍ അമേരിക്കയിലെ പൌരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് കാലത്തെ ലംഘിക്കുന്ന ആവേശമായി. അതിരുകളെ അപ്രസക്തമാക്കിയ ആഘോഷവും. മാനുഷ്യനോട് ചേര്‍ന്നു നിന്ന് പറയാന്‍ നല്ലത് നാടന്‍ സംഗീതമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഡിലന്. ചിന്തയുടെ പ്രതിഫലനമായിരുന്നില്ല എഴുത്ത്. അരുതായ്മകളോടുള്ള പ്രതികരണമായിരുന്നു. ആസ്വദിക്കാനുള്ള വിഭവമായല്ല, പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായി അദ്ദേഹം പാട്ടുകളെ കണ്ടു. വാക്കുകളിലെ അഗ്നിയെ ആലാപനത്തിലൂടെ ആളിക്കത്തിച്ച ഗായകന്‍, ഇപ്പോഴും പാടുകയാണ്.
Adjust Story Font
16