പൊട്ടിച്ചിരിപ്പിച്ച വില്ലന്‍; രാജന്‍ പി ദേവ് സ്മരണകളിലൂടെ
പൊട്ടിച്ചിരിപ്പിച്ച വില്ലന്‍; രാജന്‍ പി ദേവ് സ്മരണകളിലൂടെ
2009 ജൂലൈ 29ന് കൊച്ചിയില്‍ വച്ചാണ് കരള്‍ സംബന്ധമായ അസുഖം മൂലം അദ്ദേഹം അന്തരിക്കുന്നത്
ഒരു വില്ലനും ഇങ്ങിനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയുണ്ടാവില്ല. മുഖം നിറയെ പുഞ്ചിരിയും തമാശയുമായി വരുന്ന ആ വില്ലനെ പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. വില്ലത്തരത്തെക്കാള്‍ ആളുകള്‍ക്കിഷ്ടെ അയാളുടെ കോമഡിയായിരുന്നു. രാജന്‍ പി.ദേവ് എന്ന നടന്‍ കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് നടന്നു കഴിഞ്ഞിട്ടും മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ അനായാസമായ അഭിനയ ശൈലിയിലൂടെയാണ്. ഇന്ന് ജൂലൈ 29 രാജന്‍ പി.ദേവ് ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം. 2009 ജൂലൈ 29ന് കൊച്ചിയില്‍ വച്ചാണ് കരള്‍ സംബന്ധമായ അസുഖം മൂലം അദ്ദേഹം അന്തരിക്കുന്നത്.
അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് രാജന്‍ പി.ദേവ് വരുന്നത്. നാട കലാകാരനായ എസ്.ജെ ദേവിന്റെയും കുട്ടിയമ്മയുടേയും മകനായിരുന്നു രാജന്‍. മുതിര്ന്നി നാടകക്കാരനായ എന്‍. എന്‍ പിള്ളക്കൊപ്പം സ്റ്റേജ് പങ്കിട്ടിട്ടുള്ള രാജന്‍ നാടക രംഗത്തെ തിരക്കുള്ള നടന്‍ കൂടിയായിരുന്നു. കാട്ടുകുതിരയിലെ കൊച്ചുവാവയായിരുന്നു രാജന്റെ നാടക ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന കാഥാപാത്രം. നൂറോളെ വേദികള്‍ കളിച്ച കാട്ടുകുതിര സിനിമയായപ്പോള്‍ ആ റോള്‍ അവതരിപ്പിച്ചത് അനശ്വര നടന്‍ തിലകനായിരുന്നു. നാടകത്തെ ജീവന് തുല്യം സ്നേഹിച്ച രാജന്‍ പി.ദേവ് സിനിമാ തിരക്കുകള്‍ക്കിടയില്‍ സ്ഥാപിച്ചതാണ് ജൂബിലി തിയറ്റേഴ്സ്. അമ്മിണിപുരം ഗ്രാമപഞ്ചായത്ത് ആണ് ജൂബിലി തിയറ്റേഴസ് ഒടുവില്‍ കളിച്ച നാടകം. ഇതിന്റെ ഗാനരചനയും സംഗീതവും ദേവായിരുന്നു.
1983ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയായിരുന്നു സിനിമയിലെ രാജന്‍ പി.ദേവിന്റെ അരങ്ങേറ്റ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ചിത്രത്തിലെ കാര്‍ലോസ് എന്ന വില്ലന്‍ സിനിമിയില്‍ ദേവിന്റെ സ്ഥാനമുറപ്പിച്ചു. പരമ്പരാഗത വില്ലന്‍ സങ്കല്പങ്ങളെ തകര്‍ത്തെറിയുന്നതായിരുന്നു രാജന്റെ വില്ലന്‍ വേഷങ്ങള്‍. കോമഡിയിലൂടെയാണ് അദ്ദേഹം തന്റെ വില്ലത്തരങ്ങള്‍ കാട്ടിയത്. ഇതിനിടയില്‍ സ്വഭാവ വേഷങ്ങളിലും രാജന്‍ പി.ദേവ് തിളങ്ങിയിട്ടുണ്ട്. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന രാജസേനന്‍ ചിത്രത്തില്‍ ടൈറ്റില്‍ റോളിലുമെത്തി. സ്ഫടികം, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു.
സംവിധാന രംഗത്തും രാജന്‍ പി.ദേവ് തന്റെ കയ്യൊപ്പ് ചാര്‍ത്തി. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായല്‍ രാജാവ്, സിംഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. അജ്മല്‍ സംവിധാനം ചെയ്ത റിംഗ് ടോണാണ് രാജന്‍ പി.ദേവ് ഒടുവില്‍ അഭിനയിച്ച ചിത്രം.
Adjust Story Font
16