Quantcast

ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍

MediaOne Logo

Jaisy

  • Published:

    2 Jun 2018 1:23 PM GMT

ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍
X

ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍

1978 സെപ്തംബര്‍ 10ന് നാഗര്‍കോവിലിലായിരുന്നു മഞ്ജുവിന്റെ ജനനം

മലയാളി ഒരു നടിയേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല. സ്ക്രീനില്‍ അവള്‍ കരയുമ്പോള്‍ സിനിമയാണെന്നോര്‍ക്കാതെ നമ്മുടെ കണ്ണും നിറയുമായിരുന്നു. അവളുടെ കുസൃതികള്‍ സ്വന്തം വീട്ടിലെ കുട്ടിയുടേതു പോലെ നമ്മള്‍‌ ആസ്വദിച്ചു. വഴക്കിടുമ്പോള്‍ ആ പരിഭവം കാണാനായിരുന്നു മലയാളിക്കിഷ്ടം. ഒടുവില്‍ വെള്ളിത്തിരയുടെ തിളക്കങ്ങള്‍ ഉപേക്ഷിച്ച് അവള്‍ വിവാഹജീവിതത്തിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ നിന്നാരോ പടിയിറങ്ങിപ്പോയ പോലയൊയിരുന്നു നമുക്ക് തോന്നിയത്. വീട്ടമ്മയായി അവള്‍ ഒതുങ്ങിക്കഴിയുമ്പോഴും എന്നാണ് തിരിച്ചുവരുന്നത് എന്നായിരുന്നു നമ്മള്‍ ചോദിച്ചത്. ഒടുവില്‍ മലയാളിയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും പൊലെ അവള്‍ തിരിച്ചു വന്നു. ഇപ്പോള്‍ അവളിലൂടെ സിനിമയെ കാണാനാണ് മലയാളിക്കിഷ്ടം. ഇന്ന് അവളുടെ പിറന്നാളാണ്. മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിയുടെ 38ാം പിറന്നാള്‍. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന്റെ രണ്ടാം വരവും ഗംഭീരമായിരുന്നു. കൈ നിറയെ ചിത്രങ്ങളുമായി മഞ്ജുവിന്റെ സിനിമായാത്രകള്‍ തുടരുകയാണ്.

1978 സെപ്തംബര്‍ 10ന് നാഗര്‍കോവിലിലായിരുന്നു മഞ്ജുവിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സ്കൂള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. ഈ നേട്ടമാണ് മഞ്ജു എന്ന നടിയെ അഭിനയരംഗത്തേക്ക് നയിച്ചത്. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യമായിരുന്നു മഞ്ജുവിന്റെ ആദ്യചിത്രം. ആദ്യസിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്ന് അഭിനയിച്ച സല്ലാപം പ്രേക്ഷക ശ്രദ്ധ നേടി. ലോഹിതദാസ് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം സുന്ദര്‍ ദാസായിരുന്നു. ശരിക്കും ലോഹിതദാസ് ആണ് മഞ്ജു വാര്യര്‍ എന്ന പ്രതിഭയെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് എന്ന് പറയാം. സല്ലാപത്തിലെ രാധ കുറുമ്പുകാരിയായ നാട്ടിന്‍പുറത്തുകാരി എത്ര പെട്ടെന്നാണ് മലയാളിയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. തുടര്‍ന്നങ്ങോട്ട് മഞ്ജു യുഗത്തിനായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മഞ്ജുവിനെ മനസില്‍ കണ്ട് സംവിധായകര്‍ സിനിമകളൊരുക്കി. ഓരോ സിനിമയിലും നായകനൊപ്പം നില്ക്കുന്ന അല്ലെങ്കില്‍ നായകനെ വെല്ലുന്ന പ്രകടനമായിരുന്നു മഞ്ജു കാഴ്ച വച്ചത്. സ്വന്തം ശബ്ദത്തിലായിരുന്നു മഞ്ജു സിനിമയിലൂടെ സംസാരിച്ചത്.

മഞ്ജുവിന്റെ അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തിലെ ഭദ്ര എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തേയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു. മഞ്ജു ഇല്ലായിരുന്നെങ്കില്‍ ആ ചിത്രം ഉണ്ടാകുമായിരുന്നില്ലെന്നാണ് രാജീവ് കുമാര്‍ ഒരിക്കല്‍ പറഞ്ഞത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര നടന്‍ തിലകനായിരുന്നു. മഞ്ജുവിന്റെ അഭിനയം കാണട്ടെ, എന്നിട്ടേ താന്‍ അഭിനയിക്കുന്നുള്ളുവെന്നാണ് ചിത്രീകരണ വേളയില്‍ തിലകന്‍ പറഞ്ഞത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരവും മഞ്ജുവിന് ലഭിച്ചു. ലോഹിതദാസിന്റെ കന്മതദവും മഞ്ജുവിന്റെ പ്രതിഭ തൊട്ടറിഞ്ഞ ചിത്രമായിരുന്നു. ഭാനുമതി എന്ന കൊല്ലപ്പണിക്കാരി മോഹന്‍ലാലിന്റെ വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മറികടക്കുന്നതായിരുന്നു. ആറാം തമ്പുരാനിലും ലാലിനെ വെല്ലുന്ന പ്രകടനമായിരുന്നു മഞ്ജുവിന്റേത്. ദയയിലൂടെ ആണ്‍കുട്ടിയായി മുന്നിലെത്തിയപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയ ശേഷി ഒരിക്കല്‍ കൂടി മലയാളി കണ്ടറിഞ്ഞു. എം.ടിയെപ്പോലും മഞ്ജു അതിശയിപ്പിച്ചു കളഞ്ഞത്രേ.

പ്രണയവര്‍ണ്ണങ്ങളിലൂടെയും കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലൂടെയും പ്രണയമായിരുന്നു മഞ്ജു പകര്‍ന്ന് നല്കിളയത്. കളിയാട്ടത്തില്‍ കണ്ണന്‍ പെരുമലയന്റെ പ്രിയപ്പെട്ട താമരയായി. സമ്മര്‍ ഇന്‍ ബത് ലേഹമില്‍ ചുണക്കുട്ടിയായ പെണ്‍കുട്ടിയായി ചൂളമടിച്ചെത്തി. ഈ പുഴയില്‍ കടന്നില്‍ ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവനുമേന്തി കരയിപ്പിച്ചു. പത്രത്തില്‍ ധീരയായ പത്രപ്രവര്‍ത്തകയായി. ഏത് റോളും മഞ്ജുവിന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നവയായിരുന്നു ഈ കഥാപാത്രങ്ങള്‍. ഒടുവില്‍ ദിലീപിന്റെ ജീവിത സഖിയായി സിനിമക്ക് പിന്നിലേക്ക് മഞ്ജു മറഞ്ഞപ്പോള്‍ മഞ്ജുവിനെ മനസില്‍ കണ്ട് രൂപപ്പെടുത്തിയ പല സിനിമകളും മുടങ്ങി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ഈ ശേഷം മഞ്ജു വീണ്ടും ചിലങ്കയണിഞ്ഞപ്പോള്‍ ആയിരങ്ങളാണ് ഗുരുവായൂരിലെ ഹാളിലേക്ക് ഒഴുകിയത്. അത്രക്ക് മലയാളി മഞ്ജുവിനെ സ്നേഹിച്ചിരുന്നു.

മഞ്ജു പരസ്യചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നപ്പോള്‍ പ്രോത്സാഹനങ്ങള്‍ മഴ പൊലെ മഞ്ജുവിലേക്ക് പെയ്തിറങ്ങി. രണ്ടാം വരവില്‍ മഞ്ജു ആദ്യം അഭിനയിച്ച ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രത്തിലെ നിരുപമ രാജീവ് എന് യുഡി ക്ലാര്‍ക്ക് ഒരു അസാധാരണ വേഷമല്ലായിരുന്നിട്ടു കൂടി മഞ്ജു അത് അസാധാരണമാക്കി. ചിത്രത്തിലെ നിരുപമ മട്ടുപ്പാവ് കൃഷിയിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് മാതൃകയായി. പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികായി മഞ്ജു വീണ്ടും വേഷമിട്ടു. ചിത്രവും വന്‍ വിജയമായിരുന്നു. പിന്നീടങ്ങോട്ട് ആദ്യകാലത്തെക്കാള്‍ ചിത്രങ്ങള്‍ മഞ്ജുവിനെ തേടിയെത്തി. ഉദാഹരണം സുജാതയാണ് മഞ്ജുവിന്റേതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മോഹന്‍ലാലിന്റെ നായികയായി ഒടിയന്‍, വില്ലന്‍ എന്നീ ചിത്രങ്ങള്‍, ഇന്ദ്രജിത്തിനൊപ്പം മോഹന്‍ലാല്‍, മാധവിക്കുട്ടിയായി വേഷമിടുന്ന ആമി, പൃഥ്വിരാജിനൊപ്പം ഗബ്രിയേലും മാലാഖമാരും... മഞ്ജുവിന് തിരക്കോട് തിരക്കാണ്. ഷൂട്ടിംഗ് തിരക്കിനിടയിലും നൃത്ത വേദികളിലും മഞ്ജു തിളങ്ങുന്നുണ്ട്.

TAGS :

Next Story