Quantcast

രജനീകാന്ത് ചിത്രം കാലക്ക് കർണാടകയില്‍ പ്രദർശന വിലക്ക്

MediaOne Logo

Sithara

  • Published:

    5 Jun 2018 11:35 AM GMT

രജനീകാന്ത് ചിത്രം കാലക്ക് കർണാടകയില്‍ പ്രദർശന വിലക്ക്
X

രജനീകാന്ത് ചിത്രം കാലക്ക് കർണാടകയില്‍ പ്രദർശന വിലക്ക്

കാവേരി വിഷയത്തിൽ രജനി നടത്തിയ പ്രസ്താവന കർണാടകയിലെ ജനങ്ങളുടെ വികാരം മുറിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയാണ് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത്

രജനീകാന്ത് ചിത്രം കാലക്ക് കർണാടകയില്‍ പ്രദർശനവിലക്ക്. കാവേരി വിഷയത്തിൽ രജനി നടത്തിയ പ്രസ്താവന കർണാടകയിലെ ജനങ്ങളുടെ വികാരം മുറിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയാണ് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത്. കമൽഹാസന്റെ വിശ്വരൂപം 2ഉം ഇതേ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് സൂചന

കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആണ് കാലക്ക് വിലക്കേർപ്പെടുത്തിയത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് വിലക്കിന് കാരണം. കാല കർണാടകയില്‍ പ്രദർശിപ്പിക്കരുതെന്ന് കാവേരി വിഷയത്തിലെ കർണാടക അനുകൂല സംഘടനകൾ സംസ്ഥാനത്തെ തീയറ്റർ ഉടമകളോടും വിതരണക്കാരോടും ആവശ്യപ്പെട്ടു. 10 സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് സിനിമാ സംഘടനകളെ സമീപിച്ചത്. കമൽഹാസൻ ചിത്രം വിശ്വരൂപം 2വും റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തന്നെ കാരണം.

കാലയുടെ കർണാടകയിലെ വിതരണക്കാരായ ഗോൾഡീ ഫിലിംസുമായി ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ ചർച്ച നടത്തി. ഈ ചർച്ചയിലാണ് സിനിമകൾക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. രജനീകാന്ത് ചിത്രങ്ങൾക്ക് വലിയ ആരാധകവൃന്ദം ഉണ്ട് കർണാടകയില്‍. എന്നാൽ സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് നിൽക്കാനാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വിതരണക്കാരും എത്തിയത്. ഏഴാം തിയ്യതിയാണ് കാലയുടെ റിലീസ്.

ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന്റെ ഭാഗമാണ് കർണാടക ഫിലിം ചേംബറും. അവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് രജനീകാന്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് രജനീകാന്തിന്റെ പ്രസ്താവനയെന്നും അതിന്റെ പേരിൽ ചിത്രം വിലക്കരുതെന്നും വിശാൽ ആവശ്യപ്പെട്ടു. കർണാടക ഫിലിം ചേംബർ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും നടികർ സംഘം സെക്രട്ടറി വിശാൽ പറഞ്ഞു.

വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം വിശ്വരൂപം 2വും റിലീസിന് തയ്യാറായിട്ടുണ്ട്. രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം സെന്‍സറിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റില്‍ സ്വാതന്ത്രദിനത്തോട് ചേര്‍ന്ന് റിലീസ് നടത്താനാണ് നീക്കം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

TAGS :

Next Story