നന്‍മ ഒരിക്കലും ഒരു തെറ്റായി തോന്നിയിട്ടില്ല, എന്തിനാണ് കാര്യങ്ങളെ നെഗറ്റീവായി കാണുന്നത്: രഞ്ജിത് ശങ്കര്‍
ചുറ്റുമുള്ള മനുഷ്യര്‍ നല്ലവരാണെന്ന് കരുതാനാണ് എനിക്കിഷ്ടം. ഞാന്‍ അങ്ങിനെയൊരു ലോകത്താണ് ജീവിക്കുന്നത്
ഒരേ അച്ചില്‍ വാര്‍ത്ത ചിത്രങ്ങള്‍ അങ്ങിനെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആവര്‍ത്തന വിരസതയോടെ നിറഞ്ഞാടുമ്പോഴാണ് 2009ല്‍ പാസഞ്ചര്‍ എന്ന സിനിമയുമായി രഞ്ജിത് ശങ്കര്‍ എന്ന പുതുമുഖ സംവിധായകനെത്തുന്നത്. പരസ്പരം അറിയാത്ത രണ്ട് പേര്‍, ഒരു പാസഞ്ചര്‍ തീവണ്ടിയില്‍ ആകസ്മികമായി കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. കഥയിലും ആഖ്യാനത്തിലും വേറിട്ടു നിന്ന പാസഞ്ചറിനെ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് പുറത്തിറങ്ങിയ അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സു സു സുധീ വാത്മീകം, പ്രേതം, രാമന്റെ ഏദന്‍ തോട്ടം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്..രഞ്ജിതിന്റെ സംവിധാന മികവ് കണ്ടറിഞ്ഞ ചിത്രങ്ങളായിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങി, ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ഞാന്‍ മേരിക്കുട്ടി രഞ്ജിത് ശങ്കറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് രഞ്ജിത് സംസാരിക്കുന്നു.
ട്രാന്‍സ്ജെന്‍ഡറുകള്‍ സിനിമകളില്‍ സ്ഥിരം കോമഡി കഥാപാത്രങ്ങളാകുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് മേരിക്കുട്ടി വരുന്നത്...എന്താണ് അതിന് പ്രേരണയായത്?
ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു കഥയായി വരേണ്ടത് അത്യാവശ്യമാണ് എന്നൊരു തോന്നലില്‍ നിന്നു തന്നെയാണ് മേരിക്കുട്ടിയുമായി എത്തിയത്. കാരണം സമൂഹം അവരെ അവഗണിക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ അതിലുപരി പല തരത്തില്‍ അവര്‍ അംഗീകരിക്കുപ്പെടുന്നുണ്ട്. പല തരത്തില്‍ അവര്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നുണ്ട്, അതുപോലെ അവര്‍ക്കെതിരെയുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. കാലികപ്രസക്തമായതുകൊണ്ട് തന്നെയാണ് മേരിക്കുട്ടി എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.
എഴുത്തുകാരും സാംസ്കാരികരംഗത്തുള്ളവരും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്, സോഷ്യല്‍ മീഡിയയിലൊക്കെ മികച്ച പ്രതികരണമാണല്ലോ ചിത്രത്തെക്കുറിച്ച്?
നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം. സിനിമയിറങ്ങി കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ മേരിക്കുട്ടിക്ക് സാധിച്ചു. പല മേഖലകളില്‍ നിന്നും ചിത്രത്തെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഇത്രയും പേര്‍ കാണുന്നതൊക്കെ വലിയ കാര്യമല്ലേ. അതിന് വേണ്ടി തന്നെയാണല്ലോ സിനിമയുണ്ടാക്കുന്നത്. മാധ്യമങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നും ചിന്തകരില്‍ നിന്നും അനുകൂലമായ പ്രതികരണം കിട്ടുന്നത് ചെറിയ കാര്യമല്ല, പ്രത്യേകിച്ചും ഒരു കൊമേഴ്സ്യല്‍ ചിത്രമായിരുന്നിട്ടു കൂടി.
ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്വഷല്‍ എന്നല്ല ഇനി മുതല്‍ മേരിക്കുട്ടിയായി അറിയപ്പെടാനാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ഈ വിഭാഗത്തില്‍ പെട്ട ഒരു വ്യക്തി പറഞ്ഞത്. എങ്ങിനെയായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ പ്രതികരണം?
വളരെ ആവേശകരമായ പ്രതികരണമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ഈ പറയുന്ന വ്യക്തികള്‍ക്ക് സമൂഹത്തില്‍ ധൈര്യപൂര്‍വ്വം ഇറങ്ങിനടക്കാനുള്ള സാഹചര്യം ഈ മേരിക്കുട്ടിയിലൂടെ ഉണ്ടാവുകയാണെങ്കില്‍ അത് തീര്‍ച്ചയായും സിനിമ എന്ന മാധ്യമത്തിന്റെ ശക്തി തന്നെയാണ്.
നന്‍മ ആവേശിച്ചിട്ടുള്ള ചിത്രങ്ങളാണ് രഞ്ജിത് ശങ്കറിന്റെ സിനിമകളെന്ന വിമര്‍ശനത്തെ എങ്ങിനെ കാണുന്നു?
നന്‍മ ഒരിക്കലും ഒരു തെറ്റായി തോന്നിയിട്ടില്ല. എനിക്ക് ഞാന്‍ ജീവിച്ചിരിക്കുന്ന ലോകം നന്‍മ നിറഞ്ഞതാണ്. ചുറ്റുമുള്ള മനുഷ്യര്‍ നല്ലവരാണെന്ന് കരുതാനാണ് എനിക്കിഷ്ടം. ഞാന്‍ അങ്ങിനെയൊരു ലോകത്താണ് ജീവിക്കുന്നത്. എന്തിനാണ് കാര്യങ്ങളെ നെഗറ്റീവായി കാണുന്നത്. പോസിറ്റീവായി കണ്ടുകൂടെ എന്നാണ് വിമര്‍ശനങ്ങള്‍ക്കുള്ള എന്റെ മറുപടി.
ഏതെങ്കിലും വ്യക്തിയെ മുന്നില്‍ കണ്ടുകൊണ്ടാണോ മേരിക്കുട്ടിയെ ഒരുക്കിയത്?
ഒരു വ്യക്തിയല്ല, പല വ്യക്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഞാന്‍ മേരിക്കുട്ടിയിലെക്കെത്തുന്നത്. പലരുടെയും സ്വാധീനം ഈ ചിത്രത്തിനുണ്ട്.
എന്തുകൊണ്ടാണ് ജയസൂര്യ?
മേരിക്കുട്ടിയെ അവതരിപ്പിക്കാന്‍ ജയനെപ്പോലെ നല്ലൊരു നടന്‍ ഇല്ലായെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ഈ റോള്‍ കൊടുത്തത്. ജയന്‍ അത് നന്നായി ചെയ്യുകയും ചെയ്തു.
സന്ദേശമുള്ള സിനിമകളാണ് രഞ്ജിത് ശങ്കറിന്റേത്. എന്റെ ചിത്രങ്ങള്‍ക്ക് ഒരു മെസേജ് ഉണ്ടായിരിക്കണമെന്നത് ബോധപൂര്‍വ്വമുള്ള ശ്രമമാണോ?
സന്ദേശമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ എന്റെ സിനിമകള്‍ ആളുകള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാനും ഇന്ററസ്റ്റിംഗ് ആക്കാനും ശ്രമിക്കാറുണ്ട്. അതൊരിക്കലും ഒരു സന്ദേശത്തിന്റെ ഭാഗമല്ല. ഞാനൊരു കലാകാരനും സിനിമ ഒരു മാധ്യമവും അല്ലെങ്കില്‍ ഒരു കലാരൂപവുമാണെങ്കില്‍ എന്റെ അഭിപ്രായങ്ങള്‍ ആ മാധ്യമത്തിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയോ പത്രസമ്മേളനത്തിലൂടെ അല്ല പ്രകടിപ്പിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം.
മേരിക്കുട്ടിയെ കുറിച്ച് കേട്ട അഭിപ്രായങ്ങളില്‍ ഏറ്റവും ടച്ചിംഗ് ആയി തോന്നിയിട്ടുള്ളത്?
പല മാതാപിതാക്കളും പറഞ്ഞത് അവരുടെ കുട്ടികളെ ഈ സിനിമ കാണിക്കാന്‍ സാധിച്ചുവെന്നാണ്. ആ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഈ വിഭാഗത്തെ വളരെ സ്നേഹത്തോടെയും പേടിയില്ലാതെയും കാണാന്‍ ഈ ചിത്രം സഹായിക്കുമെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. അത് വളരെ വലിയ കാര്യമാണ്. സമൂഹത്തില്‍ ഒരു മാറ്റം വരേണ്ടത് ആ കുട്ടികളിലൂടെയാണ്. അല്ലാതെ അടിച്ചേല്‍പ്പിച്ചിട്ട് കാര്യമില്ല. നിയമം കൊണ്ട് ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല. കുട്ടികള്‍ ഈ സിനിമ കാണട്ടെ.
സോഷ്യല്‍മീഡിയകളില്‍ വരുന്ന സിനിമാ നിരൂപണങ്ങള്‍ സിനിമയ്ക്ക് നല്ലതാണോ?
സിനിമയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് വ്യക്തിപരമായ അഭിപ്രായമാണ്. ഒരു മാധ്യമത്തിന്റെ പോലും അഭിപ്രായമല്ല. അത് സിനിമയുടെ വാണിജ്യ വിഷയത്തെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
Adjust Story Font
16