Quantcast

അമ്മേ, വെളിപ്പെട്ടത് നിങ്ങളുടെ സ്ത്രീവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും 

വിചാരണ പോലും പൂര്‍ത്തിയാകാത്ത കേസില്‍ ആക്രമണത്തെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നിയമ പോരാട്ടം നടത്തുന്ന മകളോടൊപ്പം നില്‍ക്കാതെ കുറ്റാരോപിതനായ മകനൊപ്പം നില്‍ക്കുന്ന അമ്മ..

MediaOne Logo

sithara sreelayam

  • Published:

    26 Jun 2018 2:48 PM GMT

അമ്മേ, വെളിപ്പെട്ടത് നിങ്ങളുടെ സ്ത്രീവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും 
X

"അമ്മ അംഗവും ട്രഷററുമായ ശ്രീ ദിലീപ് പൊലീസ് അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ ശ്രീ ദിലീപിന്‍റെ ട്രഷറര്‍ സ്ഥാനം മാത്രമല്ല, അമ്മയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ അടിയന്തരമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. എന്നത്തെയും പോലെ അമ്മയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്കൊപ്പമാണെന്നും തുടര്‍ന്നുള്ള നിയമ നടപടികള്‍ക്കൊപ്പമാണെന്നും പ്രഖ്യാപിച്ചുകൊള്ളുന്നു"- കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് അമ്മ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വാചകങ്ങളാണിത്.

ഇവിടെയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ചോദ്യം പ്രസക്തമാകുന്നത്. അമ്മ എന്ന സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കാൻ തീരുമാനിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്ത് പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? വിചാരണ പോലും പൂര്‍ത്തിയാകാത്ത കേസില്‍ ആക്രമണത്തെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നിയമ പോരാട്ടം നടത്തുന്ന മകളോടൊപ്പം നില്‍ക്കാതെ കുറ്റാരോപിതനായ മകനൊപ്പം നില്‍ക്കുന്ന അമ്മ ഈ നെറികെട്ട നിലപാട് എങ്ങനെയാണ് സ്വയം ന്യായീകരിക്കുക?

ഒരു നിമിഷം ഹോളിവുഡ് വരെ ഒന്ന് പോയി വരാം.. ഓസ്കര്‍ വേദിക്ക് പുറത്ത് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന്‍റെ സ്വര്‍ണ പ്രതിമ. ആ പ്രതിമയ്ക്ക് നല്‍കിയ പേര് കാസ്റ്റിങ് കൌച്ച് എന്നായിരുന്നു. എഴുപതോളം നടിമാര്‍ ഹോളിവുഡിലെ ഈ അതികായനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രതിമ സ്ഥാപിച്ചുള്ള പ്രതിഷേധം. ഹോളിവുഡ് നായികയും സാമൂഹ്യപ്രവര്‍ത്തകയുമായ അലീസ മിലാനോ തുടങ്ങിവെച്ച മീ ടൂ ക്യാംപെയിന്‍ ഉയര്‍ത്തിയ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരായവര്‍ മീ ടൂ എന്ന ഹാഷ് ടാഗോടെ പ്രതികരിക്കണമെന്നാണ് മിലാനോ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ്, ബ്രിട്ടീഷ് അക്കാദമി, ഫ്രഞ്ച് ഓസ്കര്‍ പുരസ്കാര വേദികളിലൊക്കെ താരങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചും മീ ടൂ റിബ്ബണ്‍ ധരിച്ചും സ്ത്രീമുന്നേറ്റങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വീണ്ടും മോളിവുഡിലേക്ക് തിരിച്ചുവരാം. അമ്മ മഴവില്ല് ഷോ. ആണധികാരം അരങ്ങുവാഴുന്ന മലയാള സിനിമയില്‍ ആദ്യമായി രൂപം കൊണ്ട സ്ത്രീകൂട്ടായ്മയെ അപഹസിക്കുന്ന സ്കിറ്റ്. ആ സ്കിറ്റിന്‍റെ ഭാഗമായതാവട്ടെ താരരാജാക്കന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഹന്‍ലാലും മമ്മൂട്ടിയും. നടിമാരെന്നാല്‍ ശരീരം മാത്രമാണെന്നും അവര്‍ ചിന്തിക്കുകയോ നിലപാടുകള്‍ വ്യക്തമാക്കുകയോ ചെയ്യേണ്ടെന്നുമുള്ള സന്ദേശമാണ് താരത്തമ്പുരാക്കന്മാര്‍ ആ സ്കിറ്റിലൂടെ നല്‍കിയത്. സിനിമാ ആസ്വാദകരില്‍ പലര്‍ക്കും അതേ നിലവാരമാണെന്ന്, നിലപാടുകള്‍ തുറന്ന് പ്രഖ്യാപിക്കാറുള്ള നടിമാരെ തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും സിനിമകള്‍ ബഹിഷ്കരിച്ചും അവര്‍ പ്രഖ്യാപിക്കാറുണ്ട്.

എന്തുകൊണ്ട് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിച്ചില്ല എന്ന ചോദ്യത്തിന് റിമ കല്ലിങ്കല്‍ നല്‍കുന്ന ഉത്തരം പ്രസക്തമാകുന്നത് ഇവിടെയാണ്. വനിതാ മുന്നേറ്റങ്ങളെ ഇങ്ങനെ അപഹസിക്കുന്ന ഈ സംഘടനയോട് എന്ത് യുക്തിപൂര്‍വ്വമായ ചര്‍ച്ചയാണ് ഡബ്ല്യുസിസി നടത്തേണ്ടത് എന്നതാണ് റിമയുടെ മറുചോദ്യം. ഇങ്ങനെയൊരു സംഘടനയുമായി വ്യക്തിപരമായി ഇനി സഹകരിച്ച് പോകാനാവില്ലെന്നും എന്നും അതിക്രമത്തെ അതിജീവിച്ചവള്‍ക്കൊപ്പമാണെന്നും ഇനി പിന്നോട്ടില്ലെന്നും കൂടി റിമ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രതിനിധികള്‍ കൂടി അടങ്ങിയ സംഘടനയാണ്, ഇരയെ തള്ളി ആരോപണവിധേയനൊപ്പം നിന്നത് എന്നത് ഒരു ന്യായീകരണവുമില്ലാത്ത വിധം നികൃഷ്ടമാണ്.

സംഘടനയിലെ സ്ത്രീയല്ലേ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്, സ്ത്രീകള്‍ കൂടി കയ്യടിച്ചല്ലേ തീരുമാനം പാസ്സാക്കിയത് എന്നൊക്കെ ന്യായീകരിക്കുന്നവര്‍ക്ക്, നിങ്ങളാ സ്ത്രീകളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണെന്ന ഒറ്റ ഉത്തരമേയുള്ളൂ. പ്രതികരിച്ചാല്‍ നിങ്ങള്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി സിനിമയില്‍ അവസരങ്ങളില്ലാതാക്കി നിശബ്ദരാക്കുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. വെള്ളിത്തിരയില്‍ അനീതിക്കെതിരെ ഘോരഘോരം ഡയലോഗടിക്കുന്നവരും മീശ പിരിക്കുന്നവരും എല്ലാം തികഞ്ഞ നന്മമരങ്ങളും സിനിമയ്ക്ക് പുറത്ത് സ്ത്രീവിരുദ്ധരും മനുഷ്യത്വമില്ലാത്തവരും ഒക്കെയാണെന്ന് ഇങ്ങനെ അവര്‍ പോലുമറിയാതെ സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

TAGS :

Next Story