Quantcast

അമ്മയുടെ തീരുമാനം ഞെട്ടിച്ചു, ഉടന്‍ യോഗം വിളിക്കണമെന്ന് നടിമാര്‍

സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും പുറത്താക്കിയ അംഗത്തെ തിരിച്ചെടുക്കാനുള്ള തീരുമാനം ഞെട്ടിച്ചെന്ന് പാര്‍വ്വതിയും രേവതിയും പത്മപ്രിയയും

MediaOne Logo

Web Desk

  • Published:

    28 Jun 2018 8:43 AM GMT

അമ്മയുടെ തീരുമാനം ഞെട്ടിച്ചു, ഉടന്‍ യോഗം വിളിക്കണമെന്ന് നടിമാര്‍
X

താരസംഘടനയായ അമ്മയുടെ അടിയന്തര യോഗം വിളിക്കണമെന്ന് പാര്‍വ്വതിയും രേവതിയും പത്മപ്രിയയും കത്തയച്ചു. സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും പുറത്താക്കിയ അംഗത്തെ തിരിച്ചെടുക്കാനുള്ള തീരുമാനം ഞെട്ടിച്ചെന്ന് നടിമാര്‍ പറയുന്നു. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ വിഷയത്തില്‍ യോഗത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് തീരുമാനമെടുത്തതെന്നും കത്തില്‍ പറയുന്നു.

അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണ നല്‍കുമെന്ന അമ്മയുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും നടിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ആരോപണവിധേയനെ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്ന് നടിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നലെ ധീരമായ നിലപാടെടുത്ത് രാജിവെച്ച സഹപ്രവര്‍ത്തകര്‍ക്കൊപ്പം, എന്നും അവള്‍ക്കൊപ്പം എന്നും നടിമാര്‍ കത്തില്‍ വ്യക്തമാക്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്തയച്ചത്.

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവൾക്കൊപ്പം . മാറ്റങ്ങളുണ്ടാവാന്‍...

Posted by Women in Cinema Collective on Thursday, June 28, 2018
TAGS :

Next Story