ബച്ചനും മകളും മഞ്ജുവും അഭിനയിച്ച പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാര്‍
പരസ്യം ബാങ്ക് ജീവനക്കാരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ രംഗത്തെത്തി.
അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച പരസ്യം വിവാദത്തിൽ. പരസ്യം ബാങ്ക് ജീവനക്കാരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ രംഗത്തെത്തി.
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തിയ പ്രമുഖ ജ്വല്ലറിയുടെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. ഒരു അച്ഛനും മകളും പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ബാങ്കിലെത്തുന്നതും ബാങ്ക് ജീവനക്കാരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റവുമാണ് പരസ്യത്തിൽ.
പരസ്യം ബാങ്ക് ജീവനക്കാരെ അപമാനിക്കുന്നതാണെന്നാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെ ആരോപണം. ബാങ്കിങ് സമ്പ്രദായത്തിന്റെ വിശ്വാസം ഹനിക്കുന്നതാണ് പരസ്യമെന്ന് സംഘടന കുറ്റപ്പെടുത്തി. മൂന്ന് ലക്ഷത്തി ഇരുപതിനായിരം അംഗങ്ങളാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷനുള്ളത്. ഇവരുടെയെല്ലാം സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ് പരസ്യമെന്നും എഐബിഒസി ജനറൽ സെക്രട്ടറി സൌമ്യ ദത്ത പറഞ്ഞു.
എന്നാൽ പരസ്യത്തിന്റെ പ്രമേയം വെറും ഭാവന മാത്രമാണെന്നും ബാങ്ക് ജീവനക്കാരെ വേദനിപ്പിക്കുന്നതാണ് പരസ്യം എന്നത് മനസിലാക്കുന്നുണ്ടെന്നും ജ്വല്ലറി ഉടമകൾ സൌമ്യ ദത്തക്ക് അയച്ച കത്തിൽ അറിയിച്ചു. പരസ്യത്തിനൊപ്പം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതല്ല പരസ്യമെന്ന് രേഖപ്പെടുത്തുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. പരസ്യത്തിന്റെ മലയാള പതിപ്പിൽ മഞ്ജു വാര്യർ ആണ് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചത്.
Adjust Story Font
16