“സ്ത്രീകളല്ല, അക്രമികളും അവരെ സംരക്ഷിക്കുന്ന ലോകവുമാണ് കുറ്റക്കാര്‍”; മമ്തയ്ക്ക് മറുപടിയുമായി റിമ
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും അവരെല്ലെന്നും മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്നും റിമ കല്ലിങ്കല്‍

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന് ഉത്തരവാദി അവര്‍ തന്നെയെന്ന നടി മമ്ത മോഹന്‍ദാസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി റിമ കല്ലിങ്കല്‍. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും അവരെല്ലെന്നും മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്നും റിമ കല്ലിങ്കല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മമ്ത മോഹന്‍ദാസ്, ജീവിതത്തില്‍ പീഡനങ്ങളും ഉപദ്രവങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടിവന്ന എന്റെ സഹോദരിമാരേ, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ.. നിങ്ങളെ ആരെങ്കിലും പീഡിപ്പിക്കുകയോ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഒരിക്കലും നിങ്ങളല്ല. മറിച്ച് അങ്ങനെയൊക്കെ ചെയ്യുന്നവരാണ് ഉത്തരവാദികള്‍. ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന സമൂഹമാണ് ഉത്തരവാദികള്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഈ ലോകവും അതിന് ഉത്തരവാദികളാണ്.
അലി റെയ്‌സ്മാന്‍ (താനുള്‍പ്പെടെയുള്ള 141 വനിതാ കായിക താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് വര്‍ഷങ്ങളായുള്ള പീഡനം അവസാനിപ്പിച്ചവള്‍) പറഞ്ഞതിങ്ങനെയാണ്, “നമ്മുടെ പ്രതികരണത്തിന്‍റെ അല്ലെങ്കില്‍ നിഷ്ക്രിയത്വത്തിന്‍റെ അലയൊലികള്‍ തലമുറകള്‍ നീണ്ടുനില്‍ക്കുന്നതാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. സംസാരിച്ചുകൊണ്ടേയിരിക്കുക. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും. നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകള്‍ തകര്‍ക്കുക. എല്ലാവരോടും സ്നേഹം", ഇങ്ങനെയാണ് റിമ കല്ലിങ്കല്‍ പ്രതികരിച്ചത്.
സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചതു കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നുമാണ് മമ്ത മോഹന്‍ദാസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
Adjust Story Font
16