ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ റിലീസ് തടഞ്ഞു
വെള്ളിയാഴ്ച സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ റിലീസ് കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പകർപ്പവകാശം ലംഘിച്ചു എന്ന സംവിധായകൻ സഞ്ജു സുരേന്ദ്രന്‍റെ ഹരജിയില്‍ തൃശൂർ അഡീഷണൽ ജില്ലാ കോടതിയുടേതാണ് നടപടി.
ദുൽഖർ സൽമാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാണാനിരുന്ന പ്രേക്ഷകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തയാണ് എത്തിയത്. സംവിധായകൻ സഞ്ജു സുരേന്ദ്രൻ സമര്‍പ്പിച്ച പകര്‍പ്പാവകാശം ലംഘിച്ചെന്ന ഹരജിൽ തൃശൂർ കോടതിയാണ് കർവാന്റെ റിലീസ് തടഞ്ഞത്. തന്റെ ഏദൻ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് കർവാൻ നിർമിച്ചതെന്നാണ് സംവിധായകൻ സഞ്ജു സുരേന്ദ്രന്റെ ആരോപണം.
എസ് ഹരീഷിന്റെ നിര്യാതരായി, മാന്ത്രികവാൽ, ചപ്പാത്തിലെ കൊലപാതകം എന്നീ കഥകൾ ഒരുമിച്ച് ചേർത്താണ് സഞ്ജു സുരേന്ദ്രൻ ഏദൻ സംവിധാനം ചെയ്തത്. ഹരീഷിൽ നിന്ന് കഥകളുടെ പകർപ്പാവകാശവും സഞ്ജു സ്വന്തമാക്കിയിരുന്നു. ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നവാഗത സംവിധായകനുള്ള രജത ചകോരവും ഏദൻ സ്വന്തമാക്കിയിരുന്നു.. ബെംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് അച്ഛന്റെ മൃതദേഹം കൊണ്ടുവരുന്ന നഴ്സിന്റെ കഥയാണ് ഏദനിൽ പറഞ്ഞത്.
അച്ഛന്‍റെ മൃതദേഹവുമായി കേരളത്തിലേക്ക് വരുന്ന യുവാവിന്റെ കഥയാണ് കർവാനും പറയുന്നത്. ദുൽഖർ സൽമാനൊപ്പം ഇർഫാൻ ഖാനും മിഥില പാൽക്കറും അഭിനയിക്കുന്നു. റോഡ് മൂവിയായി ഒരുക്കിയ കർവാൻ സംവിധാനം ചെയ്തത് ബിജോയ് നമ്പ്യാരാണ്.
ഏദനിലേതിന് സമാനമായ കഥാപാത്രങ്ങളും സ്ഥലങ്ങളുമാണ് കർവാനിന്റെ ട്രെയിലറിലും ഉള്ളതെന്നും ഇത് പകർപ്പാവകാശ ലംഘനമാണെന്നും സഞ്ജു ഹരജിയില്‍ വാദിച്ചു. സഞ്ജുവിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയാണ് കോടതി റിലീസ് തടഞ്ഞത്.
Adjust Story Font
16